നമ്മുടെ രാജ്യത്ത് ഓരോ ദിവസവും വിവിധ തരം തട്ടിപ്പുകളാണ് നടക്കുന്നത്. വിശ്വസനീയമായ രീതിയിൽ ആളുകളെ സമീപിച്ച് പണം കൈക്കലാക്കലാണ് ഇവരുടെ പണി. ഇപ്പോഴിതാ ഇലക്ട്രിസിറ്റി ബിൽ കെവൈസി അപ്ഡേറ്റ് എന്ന രീതിയിൽ നടത്തുന്ന തട്ടിപ്പിനെ കുറിച്ചുള്ള വാർത്തകളാണ് പുറത്ത് വരുന്നത്. ഇതിനെ തുടർന്ന് 392 മൊബൈൽ ഫോണുകൾ രാജ്യമാകെ ബ്ലോക്ക് ചെയ്യാൻ ടെലികോം മന്ത്രാലയം നിർദേശം നൽകി. ഈ ഫോണുകൾ തട്ടിപ്പ് സംഘം ഉപയോഗിക്കുന്നുണ്ടെന്നാണ് കണ്ടെത്തൽ. വൈദ്യുതി ബിൽ കെവൈസി തട്ടിപ്പുമായി ബന്ധമുള്ളത് എന്ന് കണ്ടെത്തിയ 31,740 മൊബൈൽ നമ്പറുകൾ ബ്ലോക്ക് ചെയ്യാൻ സേവനദാതാക്കളോട് ടെലികോം മന്ത്രാലയം ആവശ്യപ്പെട്ടിട്ടുമുണ്ട്.
എസ് എം എസിലൂടെയും വാട്സ്ആപ്പ് മെസേജിലൂടെയുമാണ് തട്ടിപ്പ് സംഘം ഇലക്ട്രിസിറ്റി ബിൽ കെവൈസി അപ്ഡേറ്റ് ചെയ്യാനായി ആളുകളെ സമീപിക്കുന്നത്. അതോടൊപ്പം തന്നെ 24 മണിക്കൂറോ 48 മണിക്കുറിനുള്ളിൽ അപ്ഡേറ്റ് ചെയ്തില്ലെങ്കിൽ വൈദ്യുതി കണക്ഷൻ വിച്ഛേദിക്കും എന്ന മുന്നറിയിപ്പോടെയാണ് മെസേജുകൾ വരുന്നത്. വ്യക്തിവിവരങ്ങളും ബാങ്ക് അക്കൗണ്ട് വിവരങ്ങളും നൽകാനാവശ്യപ്പെട്ടുകൊണ്ടുള്ള നിഗൂഢമായ ലിങ്കുകളും ആണ് ആളുകൾക്ക് അയക്കുന്നത്. വലിയ സാമ്പത്തിക തട്ടിപ്പാണ് സംഘം ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഇലക്ട്രിസിറ്റി ബിൽ കെവൈസി അപ്ഡേറ്റിംഗ് സ്കാമിനെ പറ്റി അനവധി പേർ ചക്ഷു വെബ്സൈറ്റ് വഴി പരാതി നൽകിയതിനെ തുടർന്നാണ് മൊബൈൽ ഫോണുകളും നമ്പറുകളും വിലക്കാൻ ടെലികോം മന്ത്രാലയം നിർദ്ദേശം നൽകിയത്. സ്കാം സ്വഭാവമുള്ള ഫോൺകോളുകളും മെസേജുകളും എസ്എംഎസുകളും അറിയിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാക്കിയ സംവിധാനമാണ് ‘ചക്ഷു വെബ്സൈറ്റ്’. ചക്ഷുവിൽ എഐ ടൂളുകളുടെ സഹായത്തോടെ നടത്തിയ പരിശോധനയിലാണ് കെവൈസി തട്ടിപ്പുമായി ബന്ധപ്പെട്ട 392 മൊബൈൽ ഫോണുകളും 31,740 മൊബൈൽ നമ്പറുകളും കണ്ടെത്തിയത്.