രാജ്യത്ത് സ്പോർട്സ് ബ്രാൻറുകളുടെ കച്ചവടം പൊടിപൊടിക്കുമ്പോൾ പരമാവധി നേട്ടം കൈവരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ട് പോവുകയാണ് ഫ്രഞ്ച് സ്‌പോർട്‌സ് റീട്ടെയ്‌ലർ ഡെക്കാത്‌ലോൺ. ഇന്ത്യയിൽ പ്രവർത്തനം വിപുലീകരിക്കുന്നതിനായി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ 100 ദശലക്ഷം യൂറോ (ഏകദേശം 933 കോടി രൂപ) നിക്ഷേപിക്കുമെന്ന് ഡെക്കാത്‌ലോൺ വ്യക്തമാക്കി. അടുത്ത മൂന്നോ അഞ്ചോ വർഷത്തിനുള്ളിൽ ബിസിനസ് ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി ഡെക്കാത്‌ലോൺ ഇന്ത്യ സിഇഒ ശങ്കർ ചാറ്റർജി പറഞ്ഞു. വിപുലീകരണത്തിന്റെ ഭാഗമായി അടുത്ത 5 വർഷത്തിനുള്ളിൽ 190 സ്റ്റോറുകളുടെ ശൃംഖലയാണ് കമ്പനി ലക്ഷ്യമിടുന്നത്. നിലവിൽ ഇന്ത്യയിൽ വിൽക്കുന്ന ഉൽപ്പന്നങ്ങളുടെ 68 ശതമാനവും പ്രാദേശികമായി ഉൽപ്പാദിപ്പിക്കുന്നവയാണ്. 2026-ഓടെ ഡെക്കാത്‌ലോൺ ആഭ്യന്തര ഉൽപ്പാദനം 85 ശതമാനമായി ഉയർത്താനാണ് ലക്ഷ്യമിടുന്നതെന്ന് ഡെക്കാത്‌ലോൺ ഇന്ത്യ സിഇഒ പറഞ്ഞു. എല്ലാ വർഷവും 10-15 പുതിയ സ്റ്റോറുകൾ കൂട്ടിച്ചേർക്കും. കൂടാതെ ഓൺലൈൻ വിൽപ്പന വർധിപ്പിക്കുകയും ചെയ്യും. 2009-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഡെക്കാത്ത്‌ലോണിന്റെ വരുമാനം 2022-ൽ 2,936 കോടി രൂപയും 2021-ൽ 2,079 കോടി രൂപയും ആയിരുന്നു. 2023 മാർച്ച് 31ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ഇത് 37 ശതമാനം വളർച്ചയോടെ 3,995 കോടി രൂപയായി. ഡെക്കാത്‌ലോണിനെ സംബന്ധിച്ചിടത്തോളം, ഇന്ത്യ നിലവിൽ അവരുടെ ഏറ്റവും മികച്ച പത്ത് ആഗോള വിപണികളിൽ ഒന്നാണ്, മറ്റുള്ളവയുമായി താരതമ്യം ചെയ്യുമ്പോൾ ഇരട്ടി വളർച്ചയാണ് ഇന്ത്യയിൽ രേഖപ്പെടുത്തുന്നത്.