നേരിട്ട പ്രതിസന്ധികളില്‍ നിന്ന് വന്‍ കുതിപ്പോടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസം മേഖല. പരിസ്ഥിതി ടൂറിസം കേന്ദ്രങ്ങളാല്‍ സമ്പന്നമാണ് കേരളം. ഇന്നും ടൂറിസം ഭൂപടത്തില്‍ രേഖപ്പെടുത്താത്ത ഒട്ടനവധി പ്രദേശങ്ങള്‍ ഉണ്ടിവിടെ. അത്രത്തോളം പ്രകൃതി രമണീയമാണ് നമ്മുടെ കേരളം. വൈവിധ്യം നിറഞ്ഞ ഭൂപ്രകൃതിയും സാംസ്‌കാരിക പൈതൃകവും നല്ല ആവാസവ്യവസ്ഥയും പശ്ചാത്തല സൗകര്യങ്ങളും ആതിഥ്യ മര്യാദയും ടൂറിസ്റ്റുകളെ കേരളത്തിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകങ്ങളാണ്. കേരളത്തിന്റെ എബിസി പ്രൊഡക്ടസ് എന്നറിയപ്പെടുന്നത് ആയുര്‍വേദം, ബാക്ക് വാട്ടേഴ്‌സ്,കള്‍ച്ചര്‍ എന്നിവയെയാണ്.
കേരളത്തിലെ ടൂറിസം മേഖല കൂടുതല്‍ പ്രതിസന്ധി നേരിട്ട ഒരു വര്‍ഷമായിരുന്നു 2018. ആദ്യം നിപ്പയായിരുന്നു ടൂറിസം മേഖലയെ ബാധിച്ചത്. വിദേശ മാധ്യമങ്ങളില്‍ വരെ നിപ്പ വാര്‍ത്തയായി നിറഞ്ഞപ്പോള്‍ ചില രാജ്യങ്ങള്‍ കേരളത്തിലേക്ക് പേകുന്നതിനുള്ള യാത്രാ വിലക്ക് പ്രഖ്യാപിക്കുകയും ചെയ്തതോടെ ടൂറിസം മേഖലയുടെ സ്ഥിതി സങ്കീര്‍ണമായി.
ഇതിന് തൊട്ടു പിന്നാലെയാണ് പ്രളയത്തിന്റെ പ്രഹരം കേരളത്തിന്റെ ടൂറിസം മേഖലയെ ആകെ പിടിച്ചുലച്ചത്. ആ പ്രതിസന്ധികളില്‍ നിന്നും കരകയറുക എന്നത് എളുപ്പമായിരുന്നില്ല. സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, മൂന്നാര്‍, കുമരകം, ആലപ്പുഴ, വയനാട് എന്നിവിടങ്ങളിലൊക്കെ പ്രളയം വന്‍ നാശമാണ് വിതച്ചത്. സഞ്ചാരികള്‍ കൂടുതലായി വന്നുപോകാനായി ആശ്രയിച്ചിരുന്നത് കൊച്ചി വിമാനത്താവളമായിരുന്നു, ഇത് പ്രളയത്തെ തുടര്‍ന്ന് അടച്ചിട്ടതും ടൂറിസം മേഖലയ്ക്ക് കനത്ത് തിരിച്ചടിയായി. നീലക്കുറിഞ്ഞി കാണാന്‍ എട്ടുലക്ഷം സഞ്ചാരികള്‍ എത്തുമെന്നാണ് ഇത്തവണ പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ എത്തിയത് രണ്ട് ലക്ഷം ടൂറിസ്റ്റുകള്‍ മാത്രമായിരുന്നു.ഇതിനോടൊപ്പം തന്നെ വന്ന ഹര്‍ത്താലുകളും ശബരിമല വിഷയവും ടൂറിസ്റ്റുകളുടെ വരവിനെ കാര്യമായി ബാധിച്ചു.
പ്രളയക്കെടുതിയില്‍ സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്കു നഷ്ടം രണ്ടായിരം കോടി രൂപയിലേറെയാണ്. സഞ്ചാരികളുടെ വരവ് നിലച്ചതോടെ ടൂറിസം മേഖല ഉപജീവന മാര്‍ഗമായി കാണുന്ന അനേക ലക്ഷം ആളുകളുടെ വരുമാന മാര്‍ഗവും മുട്ടി. 55 കോടി രൂപയുടെ അടിസ്ഥാനസൗകര്യങ്ങളാണ് പ്രളയം മൂലം തകര്‍ന്നടിഞ്ഞത്. ഇതിനെയെല്ലാം മറികടന്ന് ഡിസംബറായതോടെ ടൂറിസം മേഖലയില്‍ ഉണര്‍വ് കണ്ട് തുടങ്ങി.
ഗ്രീന്‍ കാര്‍പ്പെറ്റ് ആരംഭിച്ച ആദ്യത്തെ സംസ്ഥാനം കൂടിയാണ് കേരളം
പുത്തന്‍ പ്രതീക്ഷകളാണ് 2019ല്‍ കേരളാ ടൂറിസം മേഖലയ്ക്ക് ഉണ്ടായത്. ഉത്തരവാദിത്വ ടൂറിസവും, ഗ്രീന്‍ കാര്‍പെറ്റും, ബാരിയര്‍ ഫ്രീ ടൂറിസവും കേരളത്തിലേക്ക് കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കുമെന്നാണ് കരുതുന്നത്. വിനേദ സഞ്ചാര കേന്ദ്രങ്ങളെ സുസ്ഥിരമാക്കുന്നതിന് വേണ്ടി കേരള ടൂറിസം വകുപ്പ് 2018ല്‍ ആരംഭിച്ച പദ്ധതിയാണ് ഗ്രീന്‍ കാര്‍പെറ്റ്. ഗ്രീന്‍ കാര്‍പ്പെറ്റ് ആരംഭിച്ച ആദ്യത്തെ സംസ്ഥാനം കൂടിയാണ് കേരളം. ‘ടൂറിസം എല്ലാവര്‍ക്കും’ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി ബാരിയര്‍ ഫ്രീ സൗകര്യങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കൂടിയാണ് നമ്മുടെ കൊച്ചുകേരളം.
‘ടൂറിസം എല്ലാവര്‍ക്കും’ എന്ന ആശയം പ്രാവര്‍ത്തികമാക്കുന്നതിനുവേണ്ടി ബാരിയര്‍ ഫ്രീ സൗകര്യങ്ങള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ സംസ്ഥാനം കൂടിയാണ് നമ്മുടെ കൊച്ചുകേരളം.
ഇനിയുള്ള നാളുകളില്‍ ടൂറിസം മേഖലയില്‍ ടൂറിസ്റ്റുകളുടെ അമ്പത് ശതമാനം വര്‍ധനയാണ് ലക്ഷ്യമിടുന്നത്. കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാന്‍ വേണ്ടി കേരളാ ടൂറിസം അമേരിക്കയില്‍ ഫെബ്രുവരിയില്‍ ക്യാമ്പയിന്‍ നടത്തി. ഇത് കൂടാതെ മറ്റ് വിദേശ സ്വദേശ നഗരങ്ങളിലും ക്യാമ്പയിനുകളും റോഡ്‌ഷോകളും നടത്താനുള്ള തയ്യാറെടുപ്പിാലണ് കേരള ടൂറിസം.