പലപ്പോഴും സംരംഭകർ നേരിടുന്ന പ്രശ്നമാണ് ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നുണ്ടാകുന്ന വീഴിചകൾ. എന്നാൽ ഇതിനെക്കുറിച്ച ആരോട് പറയും എന്നൊരു സംശയം ഉണ്ടായിരുന്നു. എന്നാൽ ഇനി അത്തരം സംശയങ്ങൾ ഒന്നും വേണ്ട. സംരംഭകന് മതിയായ കാരണമില്ലാതെ സേവനം നൽകുന്നതിൽ ചുമതലപ്പെട്ട ഉദ്യോഗസ്ഥൻ വീഴ്ചവരുത്തിയാൽ നടപടിക്ക് ശുപാർശ ചെയ്യാൻ അധികാരമുള്ള പരാതി പരിഹാര സംവിധാനത്തെക്കുറിച്ച് കേട്ടിട്ടുണ്ടോ? സംരംഭകർക്ക് കൂടുതൽ ആത്മവിശ്വാസം നൽകുന്നതും ഇന്ത്യയിൽ തന്നെ ആദ്യത്തേതുമായ ഈ സുപ്രധാന ചുവടുവയ്പ്പാണ് ‘സംരംഭകരുടെ പരാതി പരിഹാര സംവിധാനം’. ജില്ലാ/സംസ്ഥാന പരാതി പരിഹാര കമ്മിറ്റികൾ രൂപീകരിച്ചു കൊണ്ടാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. പൂർണമായും ഓൺലൈനായി പ്രവർത്തിക്കുന്ന സംവിധാനത്തിലേക്ക് സംരംഭക/സംരംഭകനിൽ നിന്ന് പരാതി ലഭിച്ചാൽ 30 ദിവസത്തിനുള്ളിൽ പരിഹാരം ഉറപ്പ് വരുത്തും. http://grievanceredressal.industry.kerala.gov.in എന്ന പോർട്ടലിലാണ് നിങ്ങളുടെ പരാതികൾ രേഖപ്പെടുത്തേണ്ടത്.
10 കോടി രൂപ വരെ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികൾ ജില്ലാ കളക്ടർ അധ്യക്ഷനും ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ കൺവീനറുമായ ജില്ലാതല കമ്മിറ്റികൾക്ക് പരിശോധിക്കാൻ സാധിക്കും. 10 കോടിക്കു മുകളിൽ നിക്ഷേപമുള്ള വ്യവസായ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികളും ജില്ലാ കമ്മിറ്റിയുടെ തീരുമാനത്തിന്മേലുള്ള അപ്പീലും സംസ്ഥാന കമ്മിറ്റിയാണ് പരിശോധിക്കുക. സംസ്ഥാന കമ്മിറ്റിയിൽ വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി അധ്യക്ഷനും വ്യവസായ വാണിജ്യ വകുപ്പ് ഡയറക്ടർ കൺവീനറുമാണ്. പരാതിയുടെ വിചാരണ വേളയിൽ ജില്ലാ കമ്മിറ്റിക്കും സംസ്ഥാന കമ്മിറ്റിക്കും ഒരു സിവിൽ കോടതിക്ക് തുല്യമായ അധികാരങ്ങൾ ഉണ്ടായിരിക്കും. മതിയായ കാരണം കൂടാതെ സേവനം നൽകുന്നതിന് നിയുക്തനായ ഉദ്യോഗസ്ഥൻ കാലതാമസമോ വീഴ്ച വരുത്തിയിട്ടുണ്ടെന്ന് ജില്ലാ-സംസ്ഥാന കമ്മിറ്റികൾക്ക് ബോധ്യപ്പെട്ടാൽ ഈ ഉദ്യോഗസ്ഥനുമേൽ പിഴ ചുമത്തുന്നതിനും ബാധകമായ സർവീസ് ചട്ടങ്ങൾക്ക് കീഴിൽ വകുപ്പുതല നടപടി സ്വീകരിക്കുവാൻ ബന്ധപ്പെട്ട അധികാര സ്ഥാനത്തോട് ശുപാർശ ചെയ്യുന്നതിനും സാധിക്കും. സംരംഭകർക്ക് ആത്മവിശ്വാസം നൽകുന്നതിനും സർക്കാരിലുള്ള വിശ്വാസം വർധിപ്പിക്കുന്നതിനും ഉപകാരപ്പെടുന്നതാകും ഈ സംവിധാനം. സംരംഭക സൗഹൃദ കേരളമെന്ന സർക്കാർ നയം 100% നടപ്പിലാകുന്നതിന് ഈ പരാതി പരിഹാര സംവിധാനം സഹായകമാകും.