ഫേസ്ബുക്ക് ‘കഷണ’ങ്ങളായി മുറിക്കപ്പെടും; കാരണം ഇതാണ്

ശക്തരില്‍ ശക്തനായ മാര്‍ക്ക് സക്കര്‍ബര്‍ഗ് സംരംഭകത്വത്തിന് ഭീഷണിയാണെന്ന വാദത്തില്‍ കഴമ്പുണ്ടോ

Image : Jijin MK/Media Ink
Illustration : Jijin MK/Media Ink

രോഗ്യമന്ത്രി കെ കെ ശൈലജ ഫേസ്ബുക്കില്‍ നിറഞ്ഞ കൈയ്യടി നേടിയ വാര്‍ത്ത ഇപ്പോഴും വൈറലാണ്. സഹോദരിയുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാന്‍ ഇടപെടണം എന്ന് അഭ്യര്‍ത്ഥിച്ച് ജിയാസ് മാടശേരിയെന്ന യുവാവ് ഫേസ്ബുക് പോസ്റ്റിന് താഴെ കമന്റിടുന്നു. വിദഗ്ധ ചികില്‍സയുമായി ബന്ധപ്പെട്ട അടിയന്തര പ്രശ്‌നം ഫേസ്ബുക്കിലൂടെ ശ്രദ്ധയില്‍ പെട്ട മന്ത്രി ഉടനടി തന്നെ നടപടി എടുക്കുകയും ചികില്‍സ ഉറപ്പാക്കുകയും ചെയ്യുന്നു. ലോകത്തെ ഏറ്റവും വലിയ സാമൂഹ്യ മാധ്യമം ഒരു കുഞ്ഞിന്റെ ജീവന് രക്ഷയേകാന്‍ ഉപകരിക്കപ്പെട്ടതിന്റെ ഒരു ഉദാഹരണം മാത്രമാണിത്.

ഇനി മറ്റൊരു വാര്‍ത്തയിലേക്ക് വരാം. ഏപ്രില്‍ ആദ്യവാരമാണ് ഇത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നൂറുകണക്കിന് പേജുകള്‍ ഫേസ്ബുക്ക് പൂട്ടിയതായിരുന്നു വാര്‍ത്ത. 25 ലക്ഷം ലൈക്കുകളുള്ള പേജുകള്‍ വരെ പൊടുന്നനെ അപ്രത്യക്ഷമായി. ഇതില്‍ വ്യാജമല്ലാത്ത, വമ്പന്‍ മാധ്യമസ്ഥാപനങ്ങളുടേത് ഉള്‍പ്പടെയുള്ള പേജുകളും കാണാതായി. എന്തിനാണ് പല പേജുകളും ഫേസ്ബുക് പിന്‍വലിച്ചത് എന്നതിനെ കുറിച്ച് ഒരു വിശദീകരണവുമില്ല, അണ്‍പബ്ലിഷ് ചെയ്യുന്നതിന് മുമ്പ് മുന്നറിയിപ്പുമില്ല.

ഒരേ സമയത്ത് ലോകത്തെ സമാനതകളില്ലാത്ത തരത്തില്‍ ബന്ധിപ്പിക്കാനും ലോകത്തെ ഭരിക്കാനും സാധിക്കുന്ന സോഷ്യല്‍ മീഡിയ ഭീമനായി ഫേസ്ബുക് വളര്‍ന്നുകഴിഞ്ഞു

അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ നഗ്‌നമായ ലംഘനമായാണ് അത് വിലയിരുത്തപ്പെട്ടത്. സേച്ഛാധിപത്യ സ്റ്റേറ്റ് ജനങ്ങളോട് പെരുമാറും പോലെ തോന്നിപ്പിക്കുന്ന നടപടി. മറ്റുള്ളവര്‍ക്ക് ഹാനികരമോ വ്യാജമോ അല്ലാത്തിടത്തോളം കാലം ഏത് തരത്തിലുള്ള ഉള്ളടക്കം പ്രസിദ്ധീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഫേസ്ബുക് ആണോ എന്നതാണ് അവിടെ ഉയരുന്ന ചോദ്യം. വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ചില പേജുകള്‍ കുറേ നാളുകള്‍ക്ക് ശേഷം വീണ്ടും പ്രത്യക്ഷമായി. ഇന്ത്യന്‍ തെരഞ്ഞെടുപ്പിലെ കൈകടത്തലായി വരെ അതിനെ പലരും വിമര്‍ശിച്ചിരുന്നു.

200 കോടിയിലധികം പ്രതിമാസ സജീവ ഉപയോക്താക്കുള്ള ഒരു പ്ലാറ്റ്‌ഫോമില്‍ എന്തെല്ലാം ജനങ്ങള്‍ കാണണം കാണരുത് എന്ന് തീരുമാനിക്കാനുള്ള സവിശേഷാധികാരം ഫേസ്ബുക്കിനുണ്ടെന്ന് സാരം. നിലവിലെ അവസ്ഥയില്‍ ചോദ്യം ചെയ്യപ്പെടാനാകത്ത തലത്തിലാണ് ഈ പ്ലാറ്റ്‌ഫോമിന്റെ നില്‍പ്പ്.

സിംഹഭാഗവും ഫേസ്ബുക്കിന് സ്വന്തം

ഒരേ സമയത്ത് ലോകത്തെ സമാനതകളില്ലാത്ത തരത്തില്‍ ബന്ധിപ്പിക്കാനും ലോകത്തെ ഭരിക്കാനും സാധിക്കുന്ന സോഷ്യല്‍ മീഡിയ ഭീമനായി ഫേസ്ബുക് വളര്‍ന്നുകഴിഞ്ഞു. അതിന് ചരട് വലിക്കുന്ന അമാനുഷ പരിവേഷമുള്ള സര്‍വാധിപതിയായി മാര്‍ക് സക്കര്‍ബര്‍ഗെന്ന യുവസംരംഭകനും.

ഇത്രയും പറഞ്ഞതിന്റെ പശ്ചാത്തലം ഫേസ്ബുക്കുമായി ബന്ധപ്പെട്ട് അത്ര സാധാരണമല്ലാത്ത ഒരു വിവാദം അമേരിക്കയില്‍ ചൂടുപിടിക്കുന്നുവെന്നതിനാലാണ്. സക്കര്‍ബര്‍ഗിനൊപ്പം ഫേസ്ബുക്ക് സ്ഥാപിച്ച ക്രിസ് ഹ്യൂഗ്‌സ് കഴിഞ്ഞ ദിവസം ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതിയ ലേഖനം ലോകമെമ്പാടും ചര്‍ച്ച ചെയ്യുകയാണിപ്പോള്‍. ലേഖനത്തില്‍ പറയുന്ന കാര്യം ഏതൊരു ഫേസ്ബുക് സ്‌നേഹിയെയും ഞെട്ടിച്ചു. ഇപ്പോള്‍ ഫേസ്ബുക്കുമായി ബന്ധമില്ലെങ്കിലും സഹസ്ഥാപകനായിരുന്ന ഹ്യൂഗ്‌സ് പറയുന്നത് സോഷ്യല്‍ മീഡിയ ഭീമനെ ‘പീസ് പീസാക്കണ’മെന്നാണ്. അതെ, കഷണങ്ങളാക്കുക തന്നെ.

അമേരിക്കന്‍ സര്‍ക്കാരിലോ സ്വകാര്യ മേഖലയിലോ സക്കര്‍ബര്‍ഗിനോളം സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വ്യക്തി ഇന്നില്ല എന്നാണ് ഹ്യൂഗ്‌സ് പറയുന്നത്

വാട്‌സാപ്പിനെയും ഇന്‍സ്റ്റഗ്രാമിനെയും മെസഞ്ചറിനെയും എല്ലാം ഒന്നാക്കാനാണ് ഫേസ്ബുക് ശ്രമിക്കുന്നതെങ്കില്‍ ഹ്യൂഗ്‌സ് ആവശ്യപ്പെട്ടിരിക്കുന്നത് ഫേസ്ബുക്കിനെ വിഭജിച്ച് അവയെ സ്വതന്ത്ര കമ്പനികളാക്കണമെന്നാണ്.

സര്‍വാധിപതി അരങ്ങ് വാഴുമ്പോള്‍

അമേരിക്കന്‍ സര്‍ക്കാരിലോ സ്വകാര്യ മേഖലയിലോ സക്കര്‍ബര്‍ഗിനോളം സ്വാധീനം ചെലുത്താന്‍ ശേഷിയുള്ള വ്യക്തി ഇന്നില്ല എന്നാണ് ഹ്യൂഗ്‌സ് പറയുന്നത്. ലോകത്തിന്റെ പ്രാഥമിക ആശയവിനിമയ, വിനോദ പ്ലാറ്റ്‌ഫോമുകളായി മാറിക്കൊണ്ടിരിക്കുന്ന മൂന്ന് സംരംഭങ്ങളും സക്കര്‍ബര്‍ഗിന്റേത്. ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്‌സാപ്പ്.

മാര്‍ക്ക് സക്കര്‍ബര്‍ഗ്‌/Image: Facebook

ന്യൂസ്ഫീഡുകള്‍ എങ്ങനെയാകണം ആരെല്ലാം എന്തെല്ലാം കാണണം തുടങ്ങി സര്‍വതും സക്കര്‍ബര്‍ഗിന് തീരുമാനിക്കാം. കമ്പനിയുടെ വോട്ടിംഗ് ഓഹരികളുടെ 60 ശതമാനത്തോളം സക്കര്‍ബര്‍ഗിനാണ്. ചോദ്യം ചെയ്യാന്‍ ആരുമില്ല. ഏതെല്ലാം മെസേജുകള്‍ ഡെലിവര്‍ ചെയ്യണമെന്ന് വരെ വേണമെങ്കില്‍ ഈ യുവസംരംഭകന് തീരുമാനിക്കാം, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ മാനദണ്ഡങ്ങളും.

ഫേസ്ബുക്കിന് പ്രതിമാസമുള്ളത് 230 കോടി സജീവ ഉപഭോക്താക്കള്‍. വാട്‌സാപ്പിലുള്ളത് 160 കോടി ഉപഭോക്താക്കള്‍. മെസഞ്ചറില്‍ 130 കോടിയും ഇന്‍സ്റ്റഗ്രാമില്‍ 100 കോടിയും. പരിധിയില്ലാത്ത സ്വാധീനം, കൂടുതല്‍ വിശദീകരണം ആവശ്യമില്ല.

സംരംഭകത്വത്തെ കൊല്ലുന്നു

ഫേസ്ബുക്കിന് ഭീഷണിയായി ഇന്‍സ്റ്റഗ്രാം വളര്‍ന്നുവന്നാലോയെന്ന ഭയത്തിലാണ് 2012ല്‍ ഫോട്ടോഷെയറിംഗ് പ്ലാറ്റ്‌ഫോമിനെ സക്കര്‍ബര്‍ഗ് ഏറ്റെടുത്തത്. ഇതേ കാരണത്താല്‍ വാട്‌സാപ്പിനെ 2014ലും ഏറ്റെടുത്തു. ഈ രണ്ട് സംരംഭങ്ങളുടെയും സ്ഥാപകര്‍ സക്കര്‍ബര്‍ഗുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് കമ്പനി വിടുകയും ചെയ്തു. ലോകത്തെ സാമൂഹ്യ മാധ്യമ ശൃംഖലയുടെ മൃഗീയ വിപണി വിഹിതം ഫേസ്ബുക്കിന് തന്നെ.

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളായിരിക്കെയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗും ക്രിസ് ഹ്യൂഗ്‌സും ഫേസ്ബുക്കിന് തുടക്കമിട്ടത്. ക്രിസ് 2007ല്‍ തന്നെ കമ്പനി വിട്ടു

ചെറുകിട സംരംഭങ്ങള്‍ ഫേസ്ബുക്കിനെ വെല്ലുവിളിക്കുന്ന ആശയങ്ങളുമായി കടന്നുവരുമ്പോള്‍ ഒന്നുകില്‍ അവരെ ഏറ്റെടുക്കും സക്കര്‍ബര്‍ഗ്. ഇനി ഏറ്റെടുത്തില്ലെങ്കിലോ? സാമൂഹ്യ മാധ്യമ വ്യവസായത്തിലെ 80 ശതമാനം വരുമാനവും പോകുന്നത് ഫേസ്ബുക്കിനാണെന്ന് ഹ്യൂഗ്‌സ് പറയുന്നുണ്ട്. ഇത്തരത്തില്‍ കുത്തക നിലനില്‍ക്കുമ്പോള്‍ ചെറുമീനുകള്‍ക്ക് എവിടെ അവസരം. വിപണിയില്‍ ഇടമില്ലെങ്കില്‍ പിന്നെന്ത് മല്‍സരം.

സ്‌നാപ് ചാറ്റ് പോലുള്ള സംരംഭങ്ങള്‍ സ്വയം അപ്രത്യക്ഷമാകുന്ന മെസേജിംഗ് സംവിധാനങ്ങള്‍ അവതരിപ്പിച്ച് ശ്രദ്ധ നേടുമ്പോള്‍ വന്‍തുക മുടക്കി അത് പകര്‍ത്താനുള്ള ശേഷി വരെ ഫേസ്ബുക്കിനുണ്ട്. അര ട്രില്യണ്‍ ഡോളറാണ് ഫേസ്ബുക്കിന്റെ മൂല്യം. അതുകൊണ്ടു ഫേസ്ബുക്കിനെ തോല്‍പ്പിക്കുകയോ നേരിയ വെല്ലുവിളി ഉയര്‍ത്തുകയോ പോലും അസാധ്യമായി മാറിക്കൊണ്ടിരിക്കുകയാണ്.

ഫേസ്ബുക്ക് സഹസ്ഥാപകന്‍ ക്രിസ് ഹ്യൂഗ്‌സ്‌

ഒരൊറ്റ വ്യക്തിയിലേക്ക് സര്‍വ അധികാരങ്ങളും കേന്ദ്രീകരിക്കുന്നത് അമേരിക്കയെന്ന രാജ്യം കെട്ടിപ്പടുത്ത അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമാണെന്നാണ് ഹ്യൂഗ്‌സ് തന്റെ ലേഖനത്തില്‍ പറയുന്നത്. വിപണിയില്‍ സക്കര്‍ബര്‍ഗ് മാത്രം കുത്തക നിലനിര്‍ത്തുമ്പോള്‍ പുതിയ സ്റ്റാര്‍ട്ടപ്പുകള്‍ സ്വാഭാവികമായും ജനിക്കില്ല. വന്നവര്‍ പൂട്ടിപ്പോകുകയും ചെയ്യും. 2011ന് ശേഷം പ്രധാനപ്പെട്ട ഒരു സോഷ്യല്‍ മീഡിയ കമ്പനി പോലും ഉയര്‍ന്നുവരാത്തതിന് കാരണവും ഇതാണ്.

മടുത്ത്, മടുത്ത്, മടുത്ത്…

ഫേസ്ബുക്ക് മടുത്ത് പലരും ഇന്‍സ്റ്റഗ്രാമില്‍ മാത്രം വിഹരിക്കാമെന്ന് കരുതാറുണ്ട്. അതും ഫേസ്ബുക്കിന്റേതു തന്നെ. ഫേസ്ബുക്ക് മാത്രം കുത്തക നിലനിര്‍ത്തിയാല്‍ എത്രമടുത്താലും ഉപയോക്താക്കള്‍ക്ക് മറ്റൊരു കമ്പനിയെ തേടി പോകാന്‍ കഴിയാത്ത സാഹചര്യം വരും. ഇപ്പോള്‍ തന്നെ അതാണ് സ്ഥിതി. ആരോഗ്യകരമായ വിപണിക്ക് നല്ലത് ഫേസ്ബുക്കിനെ പോലെ രണ്ടോ മൂന്നോ സംരംഭങ്ങളുണ്ടാകുകയെന്നതാണ്. ഇനിയും കടിഞ്ഞാണിട്ടില്ലെങ്കില്‍ അമേരിക്കയുടെ നിലനില്‍പ്പ് തന്നെ അപകടത്തിലായേക്കുമെന്നാണ് മുന്നറിയിപ്പ്.

ഇന്‍സ്റ്റഗ്രാമിനെയും വാട്‌സാപ്പിനെയും ഫേസ്ബുക്കില്‍ നിന്ന് വേര്‍തിരിച്ച് സ്വതന്ത്ര കമ്പനികളാക്കി മാറ്റി ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യിക്കണമെന്നാണ് ഹ്യൂഗ്‌സ് ഉള്‍പ്പടെയുള്ള നിരവധി പേര്‍ ആവശ്യപ്പെടുന്നത്. സക്കര്‍ബര്‍ഗ് തന്റെ ഓഹരികള്‍ വിറ്റഴിക്കുകയും വേണം. പല ഡെമോക്രാറ്റ് നേതാക്കളും ഇത്തരത്തിലുള്ള നടപടി കൈക്കൊള്ളാന്‍ ഒരുക്കമാണെന്ന് പറയാതെ പറയുന്നുമുണ്ട്. എന്തായാലും ആരോഗ്യകരമായ വിപണിക്ക് ഒറ്റ കമ്പനി ഭരണമല്ല നല്ലതെന്നത് സുവ്യക്തമാണ്.

ഒരൊറ്റ വ്യക്തിയിലേക്ക് സര്‍വ അധികാരങ്ങളും കേന്ദ്രീകരിക്കുന്നത് അമേരിക്കയെന്ന രാജ്യം കെട്ടിപ്പടുത്ത അടിസ്ഥാന തത്വങ്ങള്‍ക്ക് തന്നെ വിരുദ്ധമാണെന്നാണ് ഹ്യൂഗ്‌സ് തന്റെ ലേഖനത്തില്‍ പറയുന്നത്

15 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ വിദ്യാര്‍ത്ഥികളായിരിക്കെയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗും ക്രിസ് ഹ്യൂഗ്‌സും ഫേസ്ബുക്കിന് തുടക്കമിട്ടത്. ക്രിസ് 2007ല്‍ തന്നെ കമ്പനി വിട്ടു. സക്കര്‍ബര്‍ഗില്‍ മേധാവിത്വ മനോഭാവമുള്ള, തന്നെ ആരും ഭരിക്കാനോ നിയന്ത്രിക്കാനോ ഇഷ്ടപ്പെടാത്ത സംരംഭകനാണ് കുടികൊള്ളുതെന്നാണ് ക്രിസ് ഉദാഹരണങ്ങള്‍ നിരത്തി വ്യക്തമാക്കിയിരിക്കുന്നത്. ഫേസ്ബുക്ക്, വിഷയത്തോട് പ്രതികരിച്ച് കഴിഞ്ഞതോടെ അമേരിക്കയില്‍ വലിയ കോളിളക്കം സൃഷ്ടിക്കും ഈ വാദങ്ങളെന്ന് തീര്‍ച്ച.