സംസ്ഥാനത്ത് ചിക്കനും ബിഫീനുമൊക്കെ വില കൂടിയതിന് പിന്നാലെ മീനിനും വില കുതിച്ച് ഉയർന്നു. കൊല്ലം നീണ്ടകര ഹാർബറിൽ ഒരു കിലോ മത്തിക്ക് 280 മുതൽ 300 രൂപവരെയെത്തി. കൊച്ചിയിൽ മീൻ കടകളിൽ 300 ന് മുകളിലാണ് കച്ചവടം നടക്കുന്നത്. മത്സ്യ ലഭ്യതയിലെ കുറവും ട്രോളിങ് നിരോധനവുമാണ് വിലക്കയറ്റത്തിന് കാരണമായി കച്ചവടക്കാൻ പറയുന്നത്. വരും ദിവസങ്ങളിൽ ഇനിയും വില ഉയരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. 52 ദിവസം നീണ്ടു നിൽക്കുന്ന ട്രോളിംഗ് നിരോധനം ജൂലൈ 31 ന് അവസാനിക്കും. ട്രോളിംഗ് നിരോധന കാലയളവിൽ ഇളവ് വേണമെന്നാണ് മത്സ്യബന്ധന മേഖലയുടെ ആവശ്യം.
രണ്ട് മാസത്തോളം നീളുന്ന ട്രോളിംഗ് നിരോധന കാലത്ത് പരമ്പരാഗത വള്ളങ്ങൾക്ക് മാത്രമാണ് മീൻ പിടിക്കാൻ അനുമതി ഉള്ളത്. തുറമുഖങ്ങളുടെ പ്രവർത്തനം ഓരോന്നായി അവസാനിപ്പിച്ച് തുടങ്ങി. ഇന്നലെവരെ കിട്ടിയ സമ്പാദ്യം കൊണ്ട് വേണം ഈ വറുതിക്കാലം തള്ളി നീക്കാൻ. മത്സ്യലഭ്യതയിലെ കുറവും ഡീസൽ വിലക്കയറ്റവും ഈ തൊഴിൽമേഖലയെ ആകെ തളർത്തി. ട്രോളിംഗ് നിരോധനത്തിൻറെ അവസാന 15 ദിവസം ഇളവ് നൽകണമെന്നാണ് ബോട്ടുകാരുടെ ആവശ്യം.