Kerala Startup; കേരളത്തിലേക്ക് നിക്ഷേപമഴ! സ്റ്റാർട്ടപ്പുകൾക്കായി ജർമ്മനിയുടെ 9,000 കോടിയും യുഎഇയുടെ 1,000 കോടിയും

0
7

Kerala Startup; കേരളത്തിലെ സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റത്തിന് ചരിത്രപരമായ നേട്ടം. കോവളത്ത് നടന്ന ഹഡിൽ ഗ്ലോബൽ സംഗമത്തിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കായി പ്രഖ്യാപിക്കപ്പെട്ടത് 10,000 കോടി രൂപയുടെ വിദേശ നിക്ഷേപമാണ്. ജർമ്മനി, യു.എ.ഇ എന്നിവിടങ്ങളിൽ നിന്നുള്ള വമ്പൻ നിക്ഷേപങ്ങൾക്കൊപ്പം മൂന്ന് മലയാളി സ്റ്റാർട്ടപ്പുകൾക്ക് പ്രത്യേക ഫണ്ടിംഗും ലഭിച്ചു.

ജർമ്മനിയുടെ 9,000 കോടി

സംസ്ഥാനത്ത് 300 ഡീപ്പ് ടെക് (Deep Tech) സ്റ്റാർട്ടപ്പുകൾ ആരംഭിക്കുന്നതിനായി ജർമ്മനിയിൽ നിന്നുള്ള അഞ്ച് സർവകലാശാലകളുടെ കൂട്ടായ്മയായ ‘നെക്സ്റ്റ് ജെൻ സ്റ്റാർട്ടപ്പ് ഫാക്ടറി’ 9,000 കോടി രൂപ നിക്ഷേപിക്കും. ഇതിനായുള്ള ധാരണാപത്രം കേരള സ്റ്റാർട്ടപ്പ് മിഷനുമായി ഒപ്പിട്ടു.

യു.എ.ഇയുടെ 1,000 കോടി പിന്തുണ

അടുത്ത മൂന്ന് വർഷത്തിനുള്ളിൽ കേരളത്തിലെ സ്റ്റാർട്ടപ്പുകൾക്കായി 1,000 കോടി രൂപയുടെ നിക്ഷേപമാണ് യു.എ.ഇ ആസ്ഥാനമായുള്ള ഫീഡർ ഫണ്ട് വാഗ്ദാനം ചെയ്തിരിക്കുന്നത്. ഗ്ലോബൽ അലയൻസിന്റെ നേതൃത്വത്തിലുള്ള ഈ പദ്ധതി, പ്രവാസി നിക്ഷേപകരെ കേരളത്തിന്റെ വളർച്ചയിൽ പങ്കാളികളാക്കാനും സ്റ്റാർട്ടപ്പ് മിഷന്റെ ഫണ്ട്സ്-ഓഫ്-ഫണ്ട്സിനെ സഹായിക്കാനും ലക്ഷ്യമിടുന്നു.

നേട്ടങ്ങൾ കൊയ്ത മലയാളി സ്റ്റാർട്ടപ്പുകൾ

ഹഡിൽ ഗ്ലോബൽ വേദിയിൽ വെച്ച് കേരളം ആസ്ഥാനമായ മൂന്ന് കമ്പനികൾ മികച്ച നിക്ഷേപം നേടി:

ക്രിങ്ക് (Krink.ai): ജോലിസ്ഥലവും വീടും തമ്മിലുള്ള സന്തുലിതാവസ്ഥ (Work-Life Balance) ഉറപ്പാക്കാൻ സഹായിക്കുന്ന എഐ പ്ലാറ്റ്‌ഫോം. ആസ്റ്റർ മിഡിൽ ഈസ്റ്റ് സി.ഇ.ഒ ഡോ. ഷെർബാസ് ബിച്ചു, അബാദ് ഗ്രൂപ്പ് എന്നിവരിൽ നിന്നായി 1.8 കോടി രൂപ സമാഹരിച്ചു.

സി ഇലക്ട്രിക് ഓട്ടോമോട്ടീവ് (Sea Electric Automotive): കൊച്ചി ആസ്ഥാനമായുള്ള ഡീപ്-ടെക് ഇവി സ്റ്റാർട്ടപ്പ്. വെഹിക്കിൾ പവർട്രെയിൻ സാങ്കേതികവിദ്യ തദ്ദേശീയമായി വികസിപ്പിക്കുന്ന ഈ കമ്പനിയിൽ സീഫണ്ട് (SeaFund) നിക്ഷേപം നടത്തി. ഇന്ത്യൻ നിരത്തുകളിൽ ഇതിനകം ഒന്നരലക്ഷം യൂണിറ്റുകൾ ഇവർ എത്തിച്ചിട്ടുണ്ട്.

ഒപ്പം (Oppam): കോഴിക്കോട് നിന്നുള്ള ഓൺലൈൻ മാനസികാരോഗ്യ പ്ലാറ്റ്‌ഫോം. ഏഞ്ചൽ നിക്ഷേപകരിൽ നിന്ന് 1.5 കോടി രൂപ നേടി. പ്രാദേശിക ഭാഷയിൽ 24 മണിക്കൂറും സേവനം ലഭ്യമാക്കുന്ന പ്ലാറ്റ്‌ഫോമാണിത്.

എവിജിസി-എക്‌സ്ആർ (AVGC-XR) മേഖലയ്ക്ക് പുതിയ ഉണർവ്

ആനിമേഷൻ, ഗെയിമിംഗ്, വിഷ്വൽ ഇഫക്ട്‌സ് മേഖലകളിലെ സ്റ്റാർട്ടപ്പുകൾക്കായി ‘ലീപ്എക്‌സ് ആക്‌സിലറേറ്റർ പ്രോഗ്രാം’ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് മെന്റർഷിപ്പ്, നിക്ഷേപകരുമായി കൂടിക്കാഴ്ച, മാർക്കറ്റൈസേഷൻ ഗ്രാന്റ് എന്നിവ ലഭിക്കും. കേരളത്തിന് പുറത്തുള്ളവർക്കും അപേക്ഷിക്കാം.