ഇനി മുതൽ കൊച്ചി വിമാനത്താവളം വഴി വിദേശത്തേക്ക് നിങ്ങളുടെ വളർത്തുമൃ​ഗങ്ങളെയും കൂടെ കൂട്ടാം

0
8

ചിലർക്കൊക്കെ അവരുടെ വളർത്തുമൃ​ഗങ്ങളോട് വല്ലാത്ത സ്നേഹവും അടുപ്പവും ഒക്കെയാണ്. ജോലിക്ക് വേണ്ടിയും പഠിക്കാനുമായി വിദേശത്തേക്ക് പോകുമ്പോൾ അവരെ ഒപ്പം കൂട്ടാൻ കഴിയാത്തതിൻ്റെ വിഷമം ഉണ്ട്. എന്നാൽ ഇനി അതോർത്ത് വിഷമിക്കേണ്ട. നിങ്ങളുടെ പൊന്നോമനകളെ നിങ്ങൾക്ക് ഒപ്പം കൂട്ടാം. എന്നാൽ ഇനി മുതൽ കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ (സിയാൽ) നിന്നും വളർത്തുമൃഗങ്ങളെ കൂടെക്കൂട്ടാനുള്ള സൗകര്യവും ഉണ്ടാകും. നേരത്തെ ചെന്നൈ വിമാനത്താവളം വഴിയാണ് കേരളത്തിൽ ഉള്ളവർ വളർത്തു മൃഗങ്ങളെ കൊണ്ടുപോയിരുന്നത്.

വിദേശത്തേക്ക് വളർത്തുമൃഗങ്ങളെ കൊണ്ടുപോകാനുള്ള ‘പെറ്റ് എക്‌സ്‌പോർട്ട്’ അനുമതിയാണ് കൊച്ചി വിമാനത്താവളത്തിന് ലഭിച്ചത്. കേരളത്തിലെ വളർത്തുമൃ​ഗങ്ങളെ കൊണ്ട് പോകാൻ അനുമതി ലഭിച്ച ആദ്യ വിമാനത്താവളമാണ് കൊച്ചി. ഈ സേവനം ഉപയോഗിച്ചുള്ള ആദ്യ വളർത്തു മൃഗത്തെ ഖത്തർ എയർവേഴ്‌സിൻ്റെ വിമാനത്തിൽ ദോഹ വഴി ദുബായിലേക്ക് കൊണ്ടുപോയി. ലാസ അപ്സോ ഇനത്തിൽപ്പെട്ട ‘ലൂക്ക’ എന്ന നായ്ക്കുട്ടിയാണ് ആദ്യമായി കൊച്ചിയിൽ നിന്നും വിമാനത്തിൽ പറന്നത്.

വിപുലമായ സൗകര്യമാണ് കൊച്ചി വിമാനത്താവളത്തിൽ നിങ്ങളുടെ വളർത്തുമൃഗങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന ശീതീകരിച്ച പെറ്റ് സ്റ്റേഷൻ, വെറ്ററിനറി ഡോക്ടർമാർ, മൃഗങ്ങളെ കൊണ്ടു വരുന്നവർക്കുള്ള ഫെസിലിറ്റേഷൻ സെന്റർ, പ്രത്യേക കാർഗോ വിഭാഗം, കസ്റ്റംസ് ക്ലിയറൻസ് കേന്ദ്രം തുടങ്ങിയ സേവനങ്ങൾ വിമാനത്താവളത്തിൽ ഒരുക്കിയിട്ടുണ്ട്.

ഇതുവരെ ആഭ്യന്തര റൂട്ടുകളിൽ മൃഗങ്ങളെ കൊണ്ടുപോകാനും വരാനുമുള്ള അനുമതി മാത്രമേ കൊച്ചിക്ക് ഉണ്ടായിരുന്നുള്ളൂ. ഇപ്പോൾ എല്ലാ വിദേശ രാജ്യങ്ങളിലേക്കും കൊണ്ടുപോകാനുള്ള അനുമതി ലഭിച്ചു. പക്ഷെ വിദേശത്ത് നിന്ന് മൃഗങ്ങളെ നേരിട്ട് ഇറക്കുമതി ചെയ്യാനുള്ള അനുമതി ലഭിച്ചിട്ടില്ല. ഇതിന് വേണ്ടി പ്രത്യേക സൗകര്യം ഒരുക്കണം. ഇതിനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.