Lijjat Papad; മുടക്കിയത് 80 രൂപ… ഇന്ന് വിറ്റുവരവ് 1600 കോടി രൂപ , ഏഴ് വനിതകൾ ചേർന്ന് തുടങ്ങിയ പപ്പട സംരംഭം

0
20

ഒരു വീടിൻ്റെ ടെറസിൽ വെറും 80 രൂപ മുതൽമുടക്കിയ സംരംഭം കോടികൾ വിറ്റുവരവുള്ള കമ്പനിയായി മാറി എന്ന് പറഞ്ഞാൽ വിശ്വസിക്കാനാകുമോ? എങ്കിൽ വിശ്വസിച്ചെ മതിയാവൂ.. മുംബൈയിൽ നിന്ന് ഏഴ് സ്ത്രീകൾ ചേർന്ന് തുടങ്ങിയ സംരംഭം ഇന്ന് കോടികളുടെ വിറ്റുവരാവാണ് നേടുന്നത്. 1959-ൽ മുംബൈയിലെ ഒരു ടെറസിൽ വെറും ₹80 മുതൽ മുടക്കിൽ ഏഴ് സ്ത്രീകൾ ആരംഭിച്ച ലിജ്ജത് പപ്പട്, ഇന്ന് ₹1,600 കോടി സ്ത്രീകൾ നയിക്കുന്ന സഹകരണ സ്ഥാപനമായി വളർന്നു കഴിഞ്ഞു. പയർ മാവ്, സുഗന്ധവ്യഞ്ജനങ്ങൾ, ഭക്ഷ്യ എണ്ണ എന്നിവയിൽ നിന്നാണ് ലിജ്ജത്ത് പപ്പടം നിർമ്മിക്കുന്നത്. ഉത്തരേന്ത്യയിൽ ഭക്ഷണത്തോടൊപ്പമോ ലഘുഭക്ഷണമായോ ഒക്കെ ലിജ്ജത് പപ്പടം വിളമ്പാറുണ്ട്. സ്ത്രീകളെ ശാക്തീകരിക്കുന്നതിനും അവരുടെ സാമ്പത്തിക സ്വാതന്ത്ര്യം പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള പ്രതിബദ്ധതയ്ക്ക് പേരുകേട്ടതാണ് ഈ ബ്രാൻഡ്. ജസ്വന്തിബെൻ ജംനാദാസ് , പാർവതിബെൻ രാംദാസ് തോഡാനി തുടങ്ങി ഏഴു വനിതകൾ ചേർന്ന് തുടങ്ങിയ ബ്രാൻഡാണിത്. ഇന്ത്യ സാമ്പത്തികമായി ഏറെ വെല്ലുവിളികൾ നേരിട്ടിരുന്ന കാലമായിരുന്നു അത്. വനിതകൾക്കിടയിൽ നിരക്ഷതയും സാമ്പത്തിക അസമത്വവും വ്യാപകമായിരുന്ന കാലം. അക്കാലത്താണ് ഈ ഏഴ് വനിതകൾ എല്ലാവരും കൂടെ 80 രൂപ സമാഹരിച്ച് പപ്പട നിർമാണം തുടങ്ങുന്നത്. തുടക്കം ഒക്കെ ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നെങ്കിലും ആദ്യ വർഷം തന്നെ 6,000 രൂപയുടെ വിൽപ്പന നടന്നു. വനിതകൾ കൂടുതൽ ഉത്സാഹത്തോടെ പപ്പട നിർമാണവും വിൽപ്പനയും തുടർന്നുകൊണ്ടിരുന്നു. 1962 ആയപ്പോഴേക്ക് ഇവർ പപ്പടത്തിന് ഒരു പേരു കണ്ടെത്തി. ലിജ്ജത്ത്. ഗുജറാത്തി ഭാഷയിൽ ലിജ്ജത്ത് എന്നാൽ സ്വാദുള്ളത് എന്നാണ് അർത്ഥം. പേരു നൽകിക്കൊണ്ടുള്ള ബ്രാൻഡിങ് വൽപ്പന ഉയർത്തി. പപ്പടം വിൽപ്പന ആ വർഷം രണ്ടു ലക്ഷം രൂപയിലെത്തി. മഹിള ഗൃഹ ഉദ്യോഗ് ലിജ്ജത് പപ്പട് എന്ന പേരിൽ സ്വയം സഹായ സംഘമായിട്ടായി പിന്നീട് പ്രവർത്തനങ്ങൾ. ഉയർന്ന ഗുണമേൻമയുള്ള പപ്പടം ഉത്തരേന്ത്യൻ തീൻമേശകളിൽ ഒഴിവാക്കാനായതോടെ സംരംഭം ഏറെ ജനകീയമായി. ഇന്ന് ഇന്ത്യയുടനീളം 85 ശാഖകളാണ് ഈ സംരംഭത്തിനുള്ളത്.

ഇന്ത്യയിൽ മിക്ക സംസ്ഥാനങ്ങളിലും ഇന്ന് ലിജ്ജത്ത് പപ്പാട് ലഭ്യമാണ്. യുഎസ്, സിംഗപ്പുർ തുടങ്ങിയ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യുന്നുമുണ്ട്. 1600 കോടി രൂപയോളമാണ് കമ്പനിയുടെ വിറ്റുവരവ്. മുംബൈയിലെ ഒരു കെട്ടിടത്തിൻ്റെ ടെറസിൽ ചെറുതായി തുടങ്ങിയ പപ്പടം സംരംഭാണിന്ന് കോടികളുടെ വിറ്റുവരവിൽ വന്ന് നിൽക്കുന്നത്. ഇന്ന് 45,000 സ്ത്രീ തൊഴിലാളികൾ ഈ സംരംഭത്തിലൂടെ ജോലി കണ്ടെത്തുന്നത്. നിരവധി അവാർഡുകളും ഈ സംരംഭം നേടിയിട്ടുണ്ട്. ചെറിയൊരു കൂട്ടായ്മയിൽ നിന്ന് ഒരു വൻകിട സംരംഭമായി വളർന്ന ലിജ്ജത് പപ്പടത്തിൻെറ കഥ ഇന്ത്യയിലെ വനിതകളുടെ സാമ്പത്തിക ശാക്തീകരണത്തിൻ്റെ കഥ കൂടിയാണ്.. ഇതുപോലുള്ള വനിതാ കൂട്ടായ്മകൾ ഇനിയും ഉണ്ടാകട്ടെ.