Gold Price; സംസ്ഥാനത്ത് സ്വർണ്ണവില പുതിയ റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട്. ഇന്ന് ഗ്രാമിന് 125 രൂപ വർദ്ധിച്ച് 11,070 രൂപയും, പവന് 1,000 രൂപ ഉയർന്ന് 88,560 രൂപയുമായി. കഴിഞ്ഞ ശനിയാഴ്ച രേഖപ്പെടുത്തിയ 87,560 രൂപയുടെ റെക്കോർഡ് ആണ് ഇന്ന് തിരുത്തിയത്. 18 കാരറ്റ് സ്വർണ്ണത്തിനും വില വർദ്ധിച്ചു. ഗ്രാമിന് 100 രൂപ വർദ്ധിച്ച് 9,100 രൂപയിലെത്തി. 14 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 7,100 രൂപയും, 9 കാരറ്റിന് ഗ്രാമിന് 4,600 രൂപയുമാണ് ഇന്നത്തെ വില. വെള്ളി വിലയിലും ഇന്ന് വർദ്ധനവുണ്ടായി, ഗ്രാമിന് 4 രൂപ വർദ്ധിച്ച് 160 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ദീപാവലിക്ക് മുന്നോടിയായി സ്പോട്ട് മാർക്കറ്റിലെ ഉയർന്ന ഡിമാൻഡും ആഗോളതലത്തിലെ അനുകൂല സൂചനകളുമാണ് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വില റെക്കോർഡ് ഉയരങ്ങളിലെത്താൻ കാരണം. എംസിഎക്സ് ഗോൾഡ് ഡിസംബർ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 1,19,490 രൂപ എന്ന പുതിയ ഉയർന്ന നിരക്കിലെത്തി. അന്താരാഷ്ട്ര വിപണിയിൽ സ്വർണ്ണ വില ഔൺസിന് 3,900 ഡോളർ മറികടന്നു. യുഎസ് ഗവൺമെന്റ് അടച്ചുപൂട്ടലിനെത്തുടർന്ന് സുരക്ഷിത നിക്ഷേപമെന്ന ആവശ്യം ഉയർന്നതാണ് ഇതിന് പ്രധാന കാരണം. ഒരു പവൻ സ്വർണ്ണാഭരണം വാങ്ങാൻ ഇന്ന് കുറഞ്ഞത് അഞ്ച് ശതമാനം പണിക്കൂലിയും നികുതിയും ഹാൾമാർക്കിംഗ് ചാർജുകളും സഹിതം 95,831 രൂപയെങ്കിലും നൽകേണ്ടി വരും. പണിക്കൂലി 10 ശതമാനമായാൽ ഇത് ഒരു ലക്ഷത്തിനു മുകളിലാകുമെന്നതും ശ്രദ്ധേയമാണ്.

