സംസ്ഥാനത്തെ സ്വർണ്ണ വില ഇന്ന് പുതിയ സർവ്വകാല ഉയരം കുറിച്ചു. ഇന്ന് പവന് 520 രൂപയും, ഗ്രാമിന് 65 രൂപയും വർധിച്ചു. ഇന്ന് ഒരു പവൻ സ്വർണ്ണത്തിന് 59,520 രൂപയും, ഗ്രാമിന് 7,440 രൂപയുമാണ് വില. രാജ്യാന്തര സ്വർണ്ണ വ്യാപാരം റെക്കോർഡുകൾ തകർത്താണ് ബുധനാഴ്ച്ച രാവിലെ വ്യാപാരം നടത്തുന്നത്. ട്രോയ് ഔൺസിന് 10.14 ഡോളർ (0.37%) ഉയർന്ന് 2,778.98 ഡോളർ എന്ന നിലവാരത്തിലാണ്. സംസ്ഥാനത്തെ വെള്ളി വിലയിൽ ഇന്ന് കുറവുണ്ട്. ഇന്നലെയും കേരളത്തിലെ സ്വർണ്ണ വില ചരിത്രത്തിലെ സർവ്വകാല ഉയരങ്ങളിലായിരുന്നു. പവന് 59,000 രൂപയും, ഗ്രാമിന് 7,375 രൂപയുമായിരുന്നു വില. ഈ മാസത്തെ താഴ്ന്ന നിരക്ക് രേഖപ്പെടുത്തിയിരിക്കുന്നത് ഒക്ടോബർ 10നാണ്. അന്ന് പവന് 56,200 രൂപയും, ഗ്രാമിന് 7,025 രൂപയുമായിരുന്നു നിരക്കുകൾ.പശ്ചിമേഷ്യയിലെ സംഘർഷങ്ങളും, നവംബർ ആദ്യ വാരം നടക്കാനിരിക്കുന്ന യു എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പും, അമേരിക്കൻ ഫെഡ് റിസർവ് പലിശ കുറയ്ക്കുമെന്ന റിപ്പോർട്ടുകളുമെല്ലാം സ്വർണ്ണ വില വർധിപ്പിക്കുന്ന ഘടകങ്ങളാണ്.