‘GST പരിഷ്കരണം വേണ്ടത്ര പഠനമില്ലാതെ; വില കുറച്ചതിനെതിരെ എതിരഭിപ്രായം ഇല്ലെന്ന് കെ എൻ ബാലഗോപാൽ

0
8

GST; ജിഎസ്ടി പരിഷ്കരണത്തിൽ കേരളത്തിന് വലിയ വരുമാന നഷ്ടം ഉണ്ടാകുമെന്ന് ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. കൃത്യമായ പഠനമില്ലാതെയാണ് ജിഎസ്ടി നിരക്കുകൾ പരിഷ്കരിച്ചതെന്നും, ഇത് സംസ്ഥാനങ്ങളെ സാമ്പത്തികമായി ദോഷകരമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഒരു വർഷം 50,000 കോടി മുതൽ 2,00,000 രൂപ വരെ കേരളത്തിന് നഷ്ടമുണ്ടാകാമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.ജിഎസ്ടി കൗൺസിലിന്റെ തീരുമാനത്തിൽ കേരളം ഉൾപ്പെടെ എല്ലാ സംസ്ഥാനങ്ങളും പങ്കാളികളാണ്. ഉത്പന്നങ്ങളുടെ വില കുറയ്ക്കുന്നതിനെ ഒരു സംസ്ഥാനവും എതിർത്തിട്ടില്ല. എന്നാൽ, നികുതി കുറയ്ക്കുന്നതിന്റെ നേട്ടം ജനങ്ങൾക്ക് പൂർണ്ണമായി ലഭിക്കാതെ കമ്പനികൾ ലാഭമെടുക്കാൻ സാധ്യതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇത് കേന്ദ്രമന്ത്രിമാർ പോലും അംഗീകരിച്ച വിഷയമാണ്. നിലവിലെ നഷ്ടം നികത്താനുള്ള മാർഗങ്ങളെക്കുറിച്ച് വ്യക്തതയില്ല. വരുമാന നഷ്ടം സംസ്ഥാനങ്ങളുടെ സാമൂഹിക ക്ഷേമ പദ്ധതികളെയും, ശമ്പളം, വികസനം എന്നിവയെയും ബാധിക്കും. സംസ്ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 41% ജിഎസ്ടിയിൽ നിന്നാണ്. വരുമാനമില്ലെങ്കിൽ ജനങ്ങൾക്ക് കുറഞ്ഞ വിലയ്ക്ക് സാധനങ്ങൾ വാങ്ങാൻ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, രാജ്യത്ത് പുതിയ ജിഎസ്ടി നിരക്കുകൾ പ്രാബല്യത്തിൽ വന്നു. 99% ഉത്പന്നങ്ങളും 5% സ്ലാബിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. മിൽമ ഉത്പന്നങ്ങളായ നെയ്യ്, വെണ്ണ, പനീർ, ഐസ്‌ക്രീം എന്നിവയുടെ വില കുറഞ്ഞു. ഒരു ലിറ്റർ നെയ്യിന് 45 രൂപയും, 400 ഗ്രാം വെണ്ണയ്ക്ക് 15 രൂപയും, 500 ഗ്രാം പനീറിന് 11 രൂപയും കുറയും. എന്നാൽ, ലോട്ടറിയുടെ ജിഎസ്ടി 28%ൽ നിന്ന് 40% ആയി ഉയർത്തിയെങ്കിലും ടിക്കറ്റ് വിലയിൽ മാറ്റമില്ല. പകരം, സമ്മാനത്തുകയിലും ഏജന്റുമാരുടെ കമ്മീഷനിലുമായിരിക്കും കുറവുണ്ടാകുക. വിലക്കുറവിൻ്റെ ഗുണം ജനങ്ങൾക്ക് ലഭിക്കുന്നുണ്ടോ എന്ന് സർക്കാർ കർശനമായി നിരീക്ഷിക്കുമെന്ന് കേന്ദ്രം അറിയിച്ചു. അതേസമയം, മുൻകാലങ്ങളിലെ അധിക ജിഎസ്ടി ലാഭം സംസ്ഥാനങ്ങൾക്ക് നൽകുമോയെന്ന് അഖിലേഷ് യാദവ് ചോദ്യമുന്നയിച്ചു.