വർഷംതോറും, വ്യക്തികളും കമ്പനികളും മറ്റ് നികുതിദായകരും അവരുടെ വരുമാനവും അവർ സർക്കാരിലേക്ക് അടച്ച നികുതികളും റിപ്പോർട്ടുചെയ്യുന്നതിന് ആദായനികുതി റിട്ടേൺ സമർപ്പിക്കണം. പിഴകൾ ഒഴിവാക്കാനും ചില നികുതി ആനുകൂല്യങ്ങൾ നിലനിർത്താനും സമയപരിധിക്ക് മുമ്പ് ഈ റിട്ടേണുകൾ ഫയൽ ചെയ്യേണ്ടത് പ്രധാനമാണ്. ഇപ്പോൾ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയമാണ്. 2023-24 സാമ്പത്തിക വർഷത്തെ ആദായ നികുതി റിട്ടേൺ സമർപ്പിക്കേണ്ട സമയപരിധി ജൂലായ് 31 ന് അവസാനിക്കും. നികുതി നൽകേണ്ട വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് മുകളിലാണെങ്കിൽ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. അതേസമയം, വരുമാനം അടിസ്ഥാന ഇളവ് പരിധിക്ക് താഴെയാണെങ്കിലും ചില സാഹചര്യങ്ങളിൽ വ്യക്തികൾ റിട്ടേൺ സമർപ്പിക്കണമെന്നാണ് ആദായ നികുതി നിയമത്തിലെ സെക്ഷൻ 139(1) പറയുന്നത്. ജൂലായ് 31 ന് റിട്ടേൺ സമർപ്പിക്കാത്തവരാണെങ്കിൽ പിഴ നൽകേണ്ടി വരും.
ആർക്കൊക്കെ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം
- വിദേശയാത്രയ്ക്ക് വേണ്ടി രണ്ട് ലക്ഷത്തിന് മുകളിൽ ചെലവാക്കുന്നവർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. ഒരു വ്യക്തി സാമ്പത്തിക വർഷത്തിൽ വ്യക്തിപരമായ വിദേശ യാത്രയ്ക്കായി 1.50 ലക്ഷം രൂപയും രക്ഷിതാക്കളുടെ വിദേശയാത്രയ്ക്കായി 1 ലക്ഷം രൂപയും ചെലവാക്കി. ഇവിടെ ആകെ 2.50 ലക്ഷം രൂപ വിദേശ യാത്രയ്ക്ക് ചെലവാക്കിയതിനാൽ ആദായ നികുതി റിട്ടേൺ നിർബന്ധമായും ഫയൽ ചെയ്യണം.
- സാമ്പത്തിക വർഷത്തിൽ 1 ലക്ഷം രൂപ വൈദ്യുതി ബിൽ ഇനത്തിൽ ചെലവാക്കുന്നവർക്കും ആദായ നികുതി റിട്ടേൺ നിർബന്ധമാണ്.
- സാമ്പത്തിക വർഷത്തിൽ വ്യക്തിയുടെ ടിഡിഎസ്, ടിസിഎസ് എന്നിവ 25,000 രൂപയിൽ കൂടുതലാണെങ്കിലും റിട്ടേൺ സമർപ്പിക്കണം.
- വിദേശ ആസ്തികൾ കൈവശം വെച്ചവർക്കും വിദേശത്ത് നിന്ന് വരുമാനമുള്ള റസിഡൻ്റുകളോ നിർബന്ധമായും ആദായ നികുതി റിട്ടേൺ സമർപ്പിക്കണം. വിദേശ കമ്പനികളുടെ ഓഹരികൾ, ബോണ്ട്, വിദേശത്ത് വീടുള്ളവർവർക്ക് ലാഭവിഹിതം, പലിശ, വാടക വരുമാനം എന്നിങ്ങനെ വരുമാനം ലഭിക്കും. ഇത്തരക്കാർ ആദായ നികുതി റിട്ടേൺ സമർപ്പിക്കണം.
- സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികളുടെ കറൻ്റ് അക്കൗണ്ട് ഇടപാടുകളും ആദായ നികുതി റിട്ടേൺ സമർപ്പിക്കാൻ ബാധ്യതയുള്ളതാണ്. സാമ്പത്തിക വർഷത്തിലെ കറൻ്റ് അക്കൗണ്ട് നിക്ഷേപം ഒരു കോടിക്ക് മുകളിൽ പോകുന്ന വ്യക്തികൾക്കും നികുതി റിട്ടേൺ ബാധകമാണ്.