ലോകപ്രശസ്ത കമ്പനിയായ HCLTech കേരളത്തിൽ

0
8

ലോകോത്തര ടെക് കമ്പനിയായ HCLTech കേരളത്തിൽ അവരുടെ ആദ്യ യൂണിറ്റ് ആരംഭിച്ചു. കൊച്ചിയിലെ ഇൻഫോപാർക്ക് കാമ്പസിൽ സ്ഥിതി ചെയ്യുന്ന കേന്ദ്രം ഓട്ടോമൊബൈൽ, സെമികണ്ടക്ടർ, മെഡിക്കൽ, വ്യാവസായിക മേഖലകളിലെ ഉപഭോക്താക്കൾക്ക് എഞ്ചിനീയറിങ്, സഹായങ്ങളും R&D സഹായങ്ങളും ലഭ്യമാക്കും. വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് ആണ് യൂണിറ്റിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചത്. 60 ലധികം രാജ്യങ്ങളിലായി 2,18,000 ജീവനക്കാരുള്ള കമ്പനി കേരളം മുന്നോട്ടുവെക്കുന്ന നൂതന വ്യവസായ മേഖലകളിലെല്ലാം സഹായം ലഭ്യമാക്കാൻ സാധിക്കുന്ന യൂണിറ്റാണ് കേരളത്തിൽ ആരംഭിച്ചിരിക്കുന്നത്. കൊച്ചിയിലേക്കുള്ള എച്ച് സി എൽ ടെക്കിൻ്റെ കടന്നുവരവ് ടെക്‌നോളജി രംഗത്ത് കേരളത്തിൻ്റെ സാധ്യതകൾ വീണ്ടും അടിവരയിടുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ് അഭിപ്രായപ്പെട്ടു. കമ്പനിയുമായി കൂടുതൽ മികച്ച സഹകരണം ഭാവിയിൽ സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു. കൊച്ചിയിൽ നിർലോഭം ലഭ്യമായ മികച്ച മനുഷ്യവിഭവവും പശ്ചാത്തല സൗകര്യവുമാണ് കമ്പനി ഇവിടെ ആരംഭിക്കുന്നതിന് കാരണമായതെന്ന്‌ എച്ച്സിഎൽ ടെക് കോർപ്പറേറ്റ് വൈസ് പ്രസിഡന്റും എഞ്ചിനീയറിങ്ങ് ആർ & ഡി വിഭാഗം തലവനുമായ ഹരി സാദരഹള്ളി പറഞ്ഞു. നിർമിത ബുദ്ധി ഉൾപ്പെടെ നിരവധി മേഖലകളിൽ ഇടപെടുന്ന യൂണിറ്റ്, സെമി കണ്ടക്ടർ ചിപ്പ് മേഖലയിലും ശ്രദ്ധേയമായ ഇടപെടൽ നടത്താൻ പ്രാപ്തമാണെന്നും അദ്ദേഹം പറഞ്ഞു.