കേരളത്തെ ഹൈടെക് വ്യവസായ ഹബ്ലാക്കും: മന്ത്രി പി രാജീവ്

0
18

കേരളത്തിൻ്റെ ഡിജിറ്റൽ വിജ്ഞാന വ്യവസായ മേഖലയിൽ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള നടപടികൾ സംസ്ഥാന സർക്കാർ സ്വീകരിച്ചുവരുകയാണെന്ന് വ്യവസായ മന്ത്രി പി രാജീവ്. കൊച്ചിയിൽ പ്രഥമ റോബോട്ടിക്‌സ് കോൺക്ലേവ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹ്യ സേവന മേഖലയിൽ കേരളത്തിന്റെ സംഭാവന നിസ്തുലമാണ്. ഉത്പാദന മേഖലയിൽ ഇനിയും മുന്നോട്ടുപോകേണം. വ്യവസായം തുടങ്ങുന്നതിനും അതിനുള്ള വേദി ഒരുക്കുന്നതിനും സർക്കാർ പ്രതിജ്ഞാബദ്ധമാണ്. നമ്മുടെ ബിസിനസ് റാങ്കിംഗ് 28 ൽ നിന്ന് 50-ലേക്ക് എത്തിച്ചേർന്നിട്ടുണ്ട്. ഈ സർക്കാറിന്റെ കാലാവധി അവസാനിക്കുന്നതിന് മുൻപായി ലക്ഷ്യം നേടാൻ കഠിനാധ്വാനം ചെയ്തുവരുകയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.

സവിശേഷതയാർന്ന നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനുള്ള സംവിധാനമാണ് വേണ്ടത്. അതിനാലാണ് വിജ്ഞാന അധിഷ്ഠിത വ്യവസായങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ തീരുമാനിച്ചത്. സർക്കാരും നൂതന സാങ്കേതികവിദ്യാ മേഖലയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനും മികച്ച ആവാസവ്യവസ്ഥ സൃഷ്ടിക്കുന്നതിനും വ്യക്തമായ കാഴ്ചപ്പാടോടെയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തുന്ന രണ്ടാമത്തെ പ്രധാന സമ്മേളനമാണ് റോബോട്ടിക്‌സ് റൗണ്ട് ടേബിൾ. സംസ്ഥാനത്തിന്റെ ശേഷി കാട്ടുന്നതിനും വിജ്ഞാന അധിഷ്ഠിത വ്യവസായങ്ങളിൽ നിക്ഷേപങ്ങൾ ആകർഷിക്കുന്നതിനും ഇത് ഒരു അവസരമാണ് കേരളം രാജ്യത്തെ ഒന്നാമത്തെ സ്മാർട്ട് ഫോൺ സംസ്ഥാനമായി മാറിക്കഴിഞ്ഞു. 100-ൽ 86 പേർ മൊബൈൽ ഫോൺ കണക്റ്റിവിറ്റിയിൽ ആയിട്ടുണ്ട്. രാജ്യത്തെ ആദ്യ ഡിജിറ്റൽ സംസ്ഥാനമാക്കി കേരളത്തെ മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചുകഴിഞ്ഞു. മുഖ്യമന്ത്രി അധ്യക്ഷനായ സമിതിയുടെ മേൽനോട്ടത്തിലാണ് പ്രവർത്തനങ്ങൾ നടത്തിവരുന്നതെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായാണ് രാജ്യത്തെ പ്രഥമ സ്റ്റാർട്ട് അപ്പ് അക്കാദമിയും ഡിജിറ്റൽ സർവകലാശാലയും ഒരുക്കുന്നത്. എൻജിനീയറിങ്ങ് കോളേജുകളിൽ പുത്തൻ സാങ്കേതിക വിദ്യകൾ കൂടാതെ എഐയുടെയും റോബോട്ടിക്‌സിന്റെയും അവസരങ്ങൾ തുറന്നു. തിരഞ്ഞെടുക്കപ്പെട്ട എൻജിനീയറിങ്ങ് കോളേജുകൾ പ്രദർശനത്തിൽ പങ്കെടുക്കുന്നുണ്ട്. കോൺക്ലേവിന്റെ ഭാഗമായുള്ള പ്രദർശനത്തിൽ അവരുടെ പുതിയ കണ്ടുപിടിത്തങ്ങളും പ്രോട്ടോടൈപ്പുകളും ഉണ്ടെന്ന് മന്ത്രി അറിയിച്ചു.