ഇന്നു മുതല്‍ തിയറ്ററുകളില്‍ സിനിമ ടിക്കറ്റുകളുടെ നിരക്ക് കുത്തനെ ഉയരും. പത്ത് രൂപ മുതല്‍ മുപ്പത് രൂപ വരെയാണ് വിവിധ ക്ലാസുകളിലെ ടിക്കറ്റുകള്‍ക്ക് നിരക്ക് കൂട്ടിയത്. സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ. ടിക്കറ്റുകളിൻമേൽ ജിഎസ്ടിക്കും ക്ഷേമനിധി തുകയ്ക്കും പുറമെ വിനോദ നികുതിയും ഏർപ്പെടുത്തിയ സർക്കാർ തീരുമാനത്തിനു തൽക്കാലം വഴങ്ങാൻ തിയറ്റർ സംഘടനകൾ തീരുമാനം എടുത്തതോടെയാണിത്.
സംഘടനകൾ കോടതിയെ സമീപിച്ചിരുന്നെങ്കിലും നടപടികൾ നീണ്ടു പോകുകയാണ്. കോടതിവിധി സർക്കാരിന് അനുകൂലമാകുന്ന സാഹചര്യമുണ്ടായാൽ മുൻകാല പ്രാബല്യത്തോടെ തിയറ്ററുകൾ വിനോദ നികുതി അടയ്ക്കേണ്ടി വരും.
ചില തിയറ്ററുകൾ ശനിയാഴ്ച മുതൽ വിനോദ നികുതി ഉൾപ്പെടെയുള്ള പുതിയ നിരക്ക് ഈടാക്കിത്തുടങ്ങി.
ജിഎസ്ടി ഫലത്തിൽ 18%
ജിഎസ്ടി നടപ്പായപ്പോൾ, 100 രൂപ വരെയുള്ള ടിക്കറ്റിന് 18% നികുതി, അതിനു മുകളിൽ 28% എന്നു തീരുമാനിച്ചിരുന്നു. ഫിലിം ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സമ്മർദത്തെത്തുടർന്നു കേന്ദ്ര സർക്കാർ നികുതിയിൽ ഇളവു വരുത്തുകയും യഥാക്രമം 12%, 18% എന്നു പുനഃക്രമീകരിക്കുകയും ചെയ്തു.
സംസ്ഥാനത്തു സാധാരണ ടിക്കറ്റ് തുക 95 രൂപയാണ്. ഇതിനൊപ്പം 3 രൂപ ക്ഷേമനിധി തുകയും 2 രൂപ സർവീസ് ചാർജും ചേർത്ത് 100 രൂപയാക്കി. ഇതിന്റെ കൂടെ 12 % ജിഎസ്ടിയും 1% പ്രളയസെസും ചുമത്തിയതോടെ ടിക്കറ്റ് നിരക്ക് 113 രൂപയിലെത്തി.
തദ്ദേശഭരണചട്ടം ചൂണ്ടിക്കാട്ടി സർക്കാർ അടിസ്ഥാനവിലയിൽ 5% വിനോദ നികുതി ചുമത്തുകയും പിന്നീട് അതിന്റെ മേൽ 5% ജിഎസ്ടിയും ചേർത്ത് ഉത്തരവിറക്കുകയും ചെയ്തു. ഇതോടെ ടിക്കറ്റിന്റെ അടിസ്ഥാനവില 95ൽ നിന്നു 106 രൂപയായി ഉയർന്നു. ജിഎസ്ടി ഫലത്തിൽ 18 % ആയി. ഇനി മുതൽ സാധാരണ ടിക്കറ്റ് നിരക്ക് 130 രൂപ ആകും.