വീട്ടിലെ രുചിയിലൂടെ വീട്ടമ്മമാര്‍ക്ക് വരുമാനം

0
135

വീട്ടിലെ നാടന്‍ രുചിയിലൂടെ വീട്ടമ്മമാര്‍ക്ക് വരുമാനം നേടാവുന്ന പദ്ധതിയുമായി ടൂറിസം മിഷന്‍. എക്‌സ്പീരിയന്‍സ് എത്‌നിക് കുസിന്‍ എന്ന ടൂറിസം മിഷന്റെ പദ്ധതിക്ക് വന്‍ സവീകാര്യതയാണ് ഇതിനോടകം ലഭിച്ചത്. ആദ്യഘട്ടത്തില്‍ 2000 പേരം ലക്ഷ്യമിട്ട് ആരംഭിച്ച പദ്ധതിയില്‍ കേരളത്തില്‍ 2088 പേര്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. തിരുവനന്തപുരം, കൊല്ലം, കോട്ടയം, കോഴിക്കോട് ജില്ലകളില്‍ പരിശീലനം പൂര്‍ത്തിയായി.

കേരളത്തിന്റെ തനത് രുചി സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുകയെന്ന ലക്ഷ്യത്തിലാണ് ടൂറിസം വകുപ്പ് ഉത്തരവാദിത്വ ടൂറിസം മിഷന്റെ കീഴില്‍ പദ്ധതി ആരംഭിച്ചത്. പദ്ധതിയില്‍ പരിശീലനം നല്‍കിയവരുടെ ലൊക്കേഷന്‍, ഫോട്ടോ, മൊബൈല്‍ നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ സഹിതം കേരള ടൂറിസത്തിന്റെ വെബ്‌സൈറ്റിലും മൊബൈല്‍ ആപ്പിലും ഉള്‍പ്പെടുത്തും. ഇതിലൂടെ സഞ്ചാരികള്‍ക്ക് ഓണ്‍ലൈനായി ബുക്ക് ചെയ്ത് വീട്ടിലെത്തി ഭക്ഷണം കഴിക്കാം. രജിസ്റ്റര്‍ ചെയ്യുന്ന വീടുകള്‍ ഉത്തരവാദിത്വ ടൂറിസം മിഷന്‍ ജി്‌ലലാ കോ – ഓര്‍ഡിനേറ്റര്‍ അടങ്ങുന്ന സമിതി സന്ദര്‍ശിക്കുകയും വിലയിരുത്തുകയും ചെയ്ത ശേഷമാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക..

അടുത്ത മാസം 15 ഓടെ എല്ലാ ജില്ലകളിലും ആദ്യഘട്ട പരിശീലനം പൂര്‍ത്തിയാക്കും. ഇ-മെയില്‍ ഉപയോഗിക്കുന്നത് മുതല്‍ വെബ്‌സൈറ്റില്‍ ഫോട്ടോ, റെസിപ്പി എന്നിവ ഇടുന്നതിന് വരെ വീട്ടമ്മമാര്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. നിലവില്‍ പരീക്ഷണാടിസ്ഥാനത്തില്‍ സോഫ്‌റ്റ്വെയര്‍ സജ്ജമാകും. പദ്ധതി വഴി 50,000 പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നും കണക്കാക്കുന്നു.