വീട്ടമ്മയിൽ നിന്ന് സംരംഭകയിലേക്ക്… ഇന്ന് പ്രതിമാസം 20 ലക്ഷം രൂപ സമ്പാദിക്കുന്നു

0
115

“എൻ്റെ സ്വപ്നത്തിൽ ഒരിക്കലും ഒരു സംരംഭയാകുമെന്ന് ഞാൻ ചിന്തിച്ചിട്ടില്ല. എനിക്ക് ബിസിനസ് മേഖലയിൽ ഒരു പരിചയവുമില്ല, ”ലോകമെമ്പാടും നാളികേര ഉൽപന്നങ്ങൾ വിൽക്കുന്ന ഗ്രീനൗറ എന്ന കമ്പനിയുടെ സ്ഥാപകയായ സുമില ജയരാജ് പറഞ്ഞതാണ് ഇങ്ങനെ. കേരളത്തിലെ ഏങ്ങണ്ടിയൂർ എന്ന ചെറുപട്ടണത്തിൽ നിന്നുള്ള സുമിലയുടെ കുട്ടിക്കാലത്തെ ആഗ്രഹം ഡോക്ടർ ആകാൻ ആയിരുന്നു. എന്നാൽ, സുവോളജിയിൽ ബിരുദം നേടിയ ശേഷം, അവൾ ഇംഗ്ലീഷ് ലിറ്ററേച്ചർ പഠിച്ചു. അതിൻ്റെ റസൾട്ട് വരുന്നതിന് മുമ്പ് വീട്ടുകാർ വിവാഹം കഴിപ്പിക്കുകയും ചെയ്തു. വിവാഹ ശേഷം ഭർത്താവിനൊപ്പം മുംബൈയിലേക്ക് താമസം മാറി. വൈകാതെ തന്നെ സുമില ഇരട്ട കുട്ടികൾക്ക് ജന്മം നൽകി. കുഞ്ഞുങ്ങൾ എത്തിയതോടെ തിരക്കായി. പിന്നീട് ആറ് വർഷത്തിന് ശേഷം ഭർത്താവ് ജോലിക്കായി ദുബായിലേക്ക് പോയി. ഞങ്ങൾ കേരളത്തിലേക്ക് തിരികെ വന്നു. കുട്ടികളും പഠനത്തിനായി മറ്റു സ്ഥലങ്ങളിലേക്ക് പോയി. വീട്ട് ജോലിക്ക് ശേഷം ഒരുപാട് സമയം ഉണ്ടായിരുന്നു. അങ്ങനെ ജോലിക്ക് പോകാൻ തീരുമാനം എടുത്തു.

2010-ൽ സുമില വെർജിൻ വെളിച്ചെണ്ണ നിർമ്മിക്കുന്ന ഒരു പ്രാദേശിക കമ്പനിയിൽ ജോയിൻ ചെയ്തു.“വെർജിൻ വെളിച്ചെണ്ണയെക്കുറിച്ച് എനിക്ക് ധാരാളം ചോദ്യങ്ങൾ ലഭിച്ചു, കൂടാതെ എല്ലാ അന്താരാഷ്ട്ര ഉപഭോക്തൃ കോളുകളും അറ്റൻഡ് ചെയ്യുന്ന ജോലിയിലായിരുന്നു. കമ്പനിയുടെ ലണ്ടനിലേക്കുള്ള ആദ്യ കയറ്റുമതി ഓർഡർ വിജയകരമായി ഉറപ്പാക്കാൻ എനിക്ക് കഴിഞ്ഞു. “അന്വേഷണങ്ങൾ കൂടിയതോടെ, ഉൽപ്പന്നത്തെക്കുറിച്ച് കൂടുതലറിയാനും അതിൻ്റെ പ്രാധാന്യം മനസ്സിലാക്കാനും ഞാൻ തുടങ്ങി. അപ്പോഴാണ് എനിക്ക് നാളികേര ഉൽപന്നങ്ങളോട് ഒരു പാഷൻ തോന്നിയത്, സുമില പറഞ്ഞു. ഇവിടുത്തെ ജോലി പരിചയം സുമിലയുടെ സംരംഭക യാത്രക്ക് അടിത്തറ പാകി. 2021-ൽ, വെർജിൻ കോക്കനട്ട് ഓയിൽ, പാൽപ്പൊടി, വിനാഗിരി, കറിപ്പൊടി, ചട്ണി, അച്ചാർ എന്നിവയുൾപ്പെടെ 13 നാളികേര അധിഷ്ഠിത ഉൽപ്പന്നങ്ങൾ വിൽക്കുന്ന ‘ഗ്രീനൗറ’ എന്ന കമ്പനി അവൾ ഔപചാരികമായി ആരംഭിച്ചു. ഇതോടെ ഒരു മാസം ശരാശരി 20 ലക്ഷം രൂപയുടെ കച്ചവടം നടക്കുന്നതായി സുമില പറയുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, ഓസ്‌ട്രേലിയ, മലേഷ്യ എന്നിവിടങ്ങളിൽ വരെ ​ഗ്രീനൗറയുടെ ഉപഭോക്തൃ അടിത്തറ വികസിപ്പിച്ചെടുത്തിട്ടുണ്ട്.

വീട്ടമ്മയിൽ നിന്ന് ഒരു സംരംഭകയിലേക്ക്

2021-ലെ ഏഷ്യൻ ജേണൽ ഓഫ് ഫാർമകോഗ്നോസിയിൽ പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, വെർജിൻ വെളിച്ചെണ്ണയെ ‘അത്ഭുത എണ്ണ’ എന്നാണ് വിശേഷിപ്പിച്ചത്. എണ്ണയ്ക്ക് ആൻ്റിഓക്‌സിഡൻ്റ്, ആൻ്റി-ഇൻഫ്ലമേറ്ററി, ഇമ്മ്യൂണോമോഡുലേറ്ററി, ആൻ്റി-ഹൈപ്പർലിപിഡീമിയ, ആൻ്റി കാൻസർ, ആൻ്റി ഡയബറ്റിക്, ആൻ്റി ബാക്ടീരിയൽ, ന്യൂറോപ്രൊട്ടക്റ്റീവ് ഗുണങ്ങളുണ്ടെന്ന് പഠനം പരാമർശിക്കുന്നു. “ആരോഗ്യപരമായ ഗുണങ്ങൾ കാരണം വെർജിൻ വെളിച്ചെണ്ണ എല്ലാ എണ്ണകളുടെയും മാതാവായി കണക്കാക്കപ്പെടുന്നു. അതിൽ ഒരുപാട് നന്മയുണ്ട്. ഇത് ഒരു പ്രതിരോധശേഷി ബൂസ്റ്ററായും പ്രവർത്തിക്കുകയും മികച്ച മോയ്സ്ചറൈസർ കൂടിയാണ്. അമ്മമാർക്ക് നവജാത ശിശുക്കളിൽ പോലും വെർജിൻ വെളിച്ചെണ്ണ പുരട്ടാം, സുമില പറയുന്നു.

“എൻ്റെ ജോലിയുടെ ഭാഗമായി, ഞാൻ ടെസ്റ്റിമോണിയൽസിന് വേണ്ടി തിരഞ്ഞപ്പോൾ, കാൻസർ രോഗികളായ കുട്ടികളിലെ അൾസർ ചികിത്സിക്കാൻ വെർജിൻ വെളിച്ചെണ്ണ ഉപയോഗിക്കുന്ന ഒരു ഡോക്ടറെ കുറിച്ച് അറിയാൻ സാധിച്ചു. സാധാരണയായി, കീമോതെറാപ്പിക്ക് ശേഷം കുട്ടികളുടെ വായിൽ വേദനാജനകമായ അൾസർ ഉണ്ടാകാറുണ്ട്. ഈ സാക്ഷ്യപത്രം എന്നെ ശരിക്കും ആശ്ചര്യപ്പെടുത്തുകയും എൻ്റെ ഉള്ളിലെ പാഷനെ കുറച്ച് കൂടി ജ്വലിപ്പിക്കുകയും ചെയ്തു,” സുമില കൂട്ടിച്ചേർത്തു.

തൻ്റെ ആദ്യത്തെ ജോലിയിൽ പ്രവേശിച്ച് മൂന്ന് വർഷം ശേഷം, ജോലി ഉപേക്ഷിച്ച് സുമില തൻ്റെ വീടിനോട് ചേർന്നുള്ള ഒരു ചെറിയ ഷെഡിൽ നിന്ന് സ്വന്തമായി ഒരു കമ്പനി തുടങ്ങി. “തൻ്റെ ദൗത്യം നാളികേരത്തിൽ നിന്ന് മൂല്യവർദ്ധിത ഉൽപ്പന്നങ്ങൾ വികസിപ്പിച്ചെടുത്ത് അവയുടെ നന്മകൾ ലോകമെമ്പാടും എത്തിക്കുക എന്നതായിരുന്നു.” ഹോട്ട് പ്രസ്ഡ് ഓയിൽ രീതിക്ക് പകരം കോൾഡ് പ്രെസ്ഡ് വെർജിൻ കോക്കനട്ട് ഓയിൽ ഉണ്ടാക്കാൻ സെൻട്രിഫ്യൂഗൽ രീതി എങ്ങനെ ഉപയോഗിക്കുന്നു? “തേങ്ങ കിട്ടിയതിന് ശേഷം സെൻട്രിഫ്യൂഗൽ മെഷീനിലൂടെ തേങ്ങാപ്പാലിൽ നിന്ന് എണ്ണ വേർതിരിച്ച് എടുക്കും. പരമ്പരാഗതമായി, തേങ്ങാപ്പാൽ ചൂടാക്കി എണ്ണ ഉത്പാദിപ്പിക്കുകയും തിളപ്പിച്ച ശേഷം സംസ്കരിക്കുകയും ചെയ്യും. എന്നാൽ, സെൻട്രിഫ്യൂഗൽ മെഷീനിൽ, തേങ്ങകൾ മൃദുവായി അമർത്തി യന്ത്രത്തിൽ മിനിറ്റിൽ 10,000 തവണ കറക്കും. ചൂടാക്കാതെ , ഈ രീതിയിലൂടെ എണ്ണ ഉത്പാദിപ്പിക്കുമ്പോൾ കൂടുതൽ പോഷകങ്ങളും ആൻ്റിഓക്‌സിഡൻ്റുകളും നിലനിർത്താൻ സാധിക്കും, ”അവർ പറയുന്നു.

വെർജിൻ കോക്കനട്ട് ഓയിൽ കൂടാതെ 13 നാളികേര അധിഷ്ഠിത ഉൽപ്പന്നങ്ങൾ സുമില നിർമ്മിക്കുന്നുണ്ട്. ബിസിനസ് ബാ​ഗ്രൗണ്ട് ഒന്നും ഇല്ലാത്തത് കൊണ്ട് തന്നെ ബേസ് മുതൽ തന്നെ തുടങ്ങണമായിരുന്നു. ഒരു സ്ത്രീ സംരംഭക എന്ന നിലയിൽ ഒരുപാട് വെല്ലുവിളികൾ നേരിട്ടു. ലോണും യൂണിറ്റ് സ്ഥാപിക്കാനുള്ള അനുമതിയും മുതൽ ഡെലിവറി വാഹനം ഓടിക്കുന്നത് ഉൾപ്പെടെ. കൂടാതെ നാളികേര ഉൽപന്നങ്ങളുടെ പ്രാധാന്യത്തെക്കുറിച്ച് ബോധവൽക്കരണം ചെയ്യുക എന്നത് പോലും വെല്ലുവിളിയായിരുന്നു. പ്രശ്‌നങ്ങൾ ഒക്കെ മനസിലാക്കി ബിസിനസ്സ് ഒന്ന് സ്റ്റേബിൾ ആവാൻ രണ്ട് വർഷമെടുത്തു, പതുക്കെ, ഓർഡറുകൾ ലഭിക്കാൻ തുടങ്ങി. പിന്നീട് അങ്ങോട്ട് ഉയർച്ചകളായിരുന്നു.

“ആദ്യം, ഞാൻ എൻ്റെ പഠനത്തിനായി എൻ്റെ പിതാവിനെ ആശ്രയിച്ചിരുന്നു, എൻ്റെ വിവാഹശേഷം ഞാൻ എൻ്റെ ഭർത്താവിനെ ആശ്രയിച്ചു. ഒരു സ്ത്രീയെന്ന നിലയിൽ, സാമ്പത്തിക സുരക്ഷിതത്വം ആവശ്യമാണ്, എനിക്ക് സ്വാതന്ത്ര്യം ആസ്വദിക്കാനും ജോലിയിൽ അഭിനിവേശം തോന്നാനും സമയമായി. ഈ ജോലി എൻ്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചു, കാരണം ഇതിന് മുമ്പ് ഞാൻ ഒരു ജോലിയും ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഇപ്പോൾ, ഒന്നും ചെയ്യാതെ ഒറ്റയ്ക്ക് ഇരിക്കുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാൻ കഴിയില്ല, ”സുമില പറയുന്നു. മുൻപ് ഒക്കെ താൻ ഭയങ്കര നാണംകുണുങ്ങിയായിരുന്നു, പരസ്യമായി സംസാരിക്കാൻ ഒക്കെ മടിയുള്ള കൂട്ടത്തിൽ. എന്നാൽ ഇപ്പോൾ സർവ്വകലാശാലകളിൽ സംസാരിക്കുന്നു, വിദേശത്ത് ധാരാളം കോൺടാക്റ്റുകൾ ഉണ്ടാക്കിയിട്ടുണ്ട്. നാളികേര വികസന ബോർഡിൻ്റെ കീഴിലുള്ള ഒരു പ്രദർശനത്തിനായി ഞാൻ തായ്‌ലൻഡിൽ പോയിരുന്നു. “ഒരു വീട്ടമ്മ എന്ന നിലയിൽ എനിക്ക് ഈ ജീവിതത്തെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയുമായിരുന്നില്ല. ഇത് എന്നെ സംബന്ധിച്ചിടത്തോളം ഒരു അപ്രതീക്ഷിത വഴിത്തിരിവായിരുന്നു, തീർച്ചയായും ഒരു ഹോം മേക്കർ എന്ന നിലയിൽ നിന്ന് ഒരു സംരംഭകയിലേക്കുള്ള ഒരു പൂർത്തീകരണ യാത്രയായിരുന്നു,” സുമില പറഞ്ഞു.