വാഹന വിപണിലെ തകര്‍ച്ച തുടര്‍ക്കഥയാകുമ്പോള്‍ അഞ്ച് ലക്ഷം രൂപ വരെയുള്ള ഓഫറുകള്‍ പ്രഖ്യാപിച്ച് ഈ കാർ കമ്പനി

0
2135
HONDA

രാജ്യത്തെ വാഹന വിപണിയുടെ തകര്‍ച്ച തുടര്‍ക്കഥയാകുമ്പോള്‍ പിടിച്ചു നില്‍ക്കാന്‍ വേണ്ടി വില കുത്തനെ കുറച്ച്‌കൊണ്ടിരിക്കുകയാണ് പല വാഹന നിര്‍മ്മാതാക്കളും. വിപണിയില്‍ എതിരാളികളെ അതിശയിപ്പിക്കുന്ന രീതിയില്‍ ഓഫറുകളുമായി എ്ത്തിയിരിക്കുകയാണ് ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ ഹോണ്ട. അഞ്ച് ലക്ഷം രൂപ വരെയുളള ഓഫറുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഹോണ്ട സിറ്റി, അമേസ്, ജാസ്, ഡബ്ല്യുആര്‍-വി, ബിആര്‍-വി, സിവിക്, സിആര്‍-വി എന്നിവയുടെ ഒക്ടോബര്‍ 31 വരെയുള്ള വാങ്ങുന്നവര്‍ക്ക് 42000 രൂപ മുതല്‍ 5 ലക്ഷം വരെയാണ് ആനുകൂല്യങ്ങള്‍ ലഭ്യമാകുക.

വാഹനപ്രേമികളുടെ ഇഷ്ടവാഹനമായ ഹോണ്ട സിറ്റിയുടെ എല്ലാ വകഭേദങ്ങള്‍ക്കും 32000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 30000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 62000 രൂപയാണ് നല്‍കുന്നത്. 1.5 ലീറ്റര്‍ ഐ വിടെക് പെട്രോള്‍ എന്‍ജിനാണ് സിറ്റിയുടെ ഹൃദയം. 119 ബി എച്ച് പി കരുത്ത് ഈ എന്‍ജിന്‍ സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനോടെ എത്തുന്ന ഈ എന്‍ജിന് ലീറ്ററിന് 17.8 കിലോമീറ്ററാണു ഹോണ്ട വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത.

പ്രീമിയം എസ്യുവിയായ സിആര്‍-വിയുടെ വിവിധ മോഡലുകളിലായി അഞ്ച് ലക്ഷം രൂപ വരെയുള്ള ഇളവുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. 1.6 ലിറ്റര്‍ നാലു വീല്‍ ഡ്രൈവ് ഓട്ടമാറ്റിക്ക് മോഡലിന് 5 ലക്ഷം രൂപ ഇളവും രണ്ട് വീല്‍ ഡ്രൈവ് മോഡലിന് 4 ലക്ഷം രൂപ ഇളവുമാണ് കമ്പനി നല്‍കുന്നത്.  ഹോണ്ട പുതിയ സിആര്‍-വി വിപണിയിലെത്തിച്ചത് കഴിഞ്ഞ വര്‍ഷമാണ്. 120 ബിഎച്ച്പി കരുത്തുള്ള 1.6 ലീറ്റര്‍ ഡീസല്‍ എന്‍ജിനും 154 ബിഎച്ച്പി കരുത്തുള്ള 2 ലീറ്റര്‍ പെട്രോള്‍ എന്‍ജിനുമാണ് വാഹനത്തിന്റെ ഹൃദയം. വാഹനത്തിന്റെ ഷോറൂം വിലകള്‍ തുടങ്ങുന്നത് 28 ലക്ഷം മുതലാണ്.

പ്രീമിയം സെഡാനായ സിവിക്കിന് 2.50 ലക്ഷം രൂപ വരെ ഓഫറുണ്ട്. വിസിവിടി ഒഴികയുള്ള പെട്രോള്‍ വകഭേദങ്ങള്‍ക്ക് 75000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും എല്ലാ ഡീസല്‍ മോഡലുകള്‍ക്ക് 2.50 ലക്ഷം വരെ ക്യാഷ് ഡിസൗണ്ടും പെട്രോള്‍ വിസിവിടിക്ക് ക്യാഷ് ഡിസ്‌കൗണ്ടായി 2 ലക്ഷം രൂപയും ലഭിക്കും.

പ്രീമിയം ഹാച്ച്ബാക്കായ ജാസിന് 25000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 25000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 50000 രൂപയുടെ ഓഫറുണ്ട്.

കോംപാക്റ്റ് സെഡാനായ അമേസിൻ്റെ വിവിധ മോഡലുകള്‍ക്ക് 42000 രൂപവരെയാണ് ഡിസ്‌കൗണ്ട് നേടാം. ചില മോഡലുകള്‍ക്ക് 30000 രൂപ വരെ എക്‌സ്‌ചേഞ്ച് ബോണസും 12000 രൂപ വിലയുള്ള രണ്ടുവര്‍ഷത്തെ അഡീഷണല്‍ വാറന്റിയും നല്‍കുമ്പോള്‍ എക്‌ചേഞ്ച് ഇല്ലാത്തവര്‍ക്ക് അഡീഷണല്‍ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനന്‍സ് പ്രോഗ്രാമും നല്‍കുന്നുണ്ട്. അമേയ്‌സിന്റെ എയ്‌സ് എഡിഷന്‍ വിഎക്‌സ്എംടി/സിവിടി എന്നിവയ്ക്ക് എക്‌സ്‌ചേഞ്ച് ബോണസായി 30000 രൂപയും എക്‌സ്‌ചേഞ്ച് ഇല്ലാത്തവര്‍ക്ക് അഡീഷണല്‍ വാറന്റിയുടെ കൂടെ 16000 രൂപയുടെ ഹോണ്ട മെന്റനന്‍സ് പ്രോഗ്രാമും ലഭിക്കും.

ഹോണ്ട ഡബ്ല്യുആര്‍-വി ക്ക് 25000 രൂപ ക്യാഷ് ഡിസ്‌കൗണ്ടും 20000 രൂപ എക്‌സ്‌ചേഞ്ച് ബോണസും അടക്കം 45000 രൂപയുടെ ഓഫറില്‍ ഡബ്ല്യുആര്‍-വിയുടെ എല്ലാ വകഭേദങ്ങളും സ്വന്തമാക്കാം.