കഴിച്ചാല്‍ നാവിന് മധുരം മാത്രം നല്‍കിയിരുന്ന ഒന്നാണ് തേന്‍. എന്നാല്‍ ഇനിമുതല്‍ തേന്‍ കഴിക്കുമ്പോള്‍ അല്‍പം എരിവും കൂടി ആയാലോ. തേന്‍ വിപണന രംഗത്ത് പുതിയ രുചിഭേദങ്ങളുമായി എത്തിയിരിക്കുകയാണ് ഹോര്‍ട്ടികോര്‍പ്പ്. ചക്ക, കൈതച്ചക്ക, ഞാവല്‍ എന്നിവയും തേനുമായി സംയോജിക്കുന്ന അതിമധുരത്തിന് പുറമേ കാന്താരിയുടേയും ഇഞ്ചിയുടേയും വെളുത്തുള്ളിയുടെയും എരിവും രുചിയും കൂടി തേനില്‍ നിന്ന് ഇനി നുകരാം.
പഴവര്‍ഗങ്ങളായ ചക്ക, കൈതച്ചക്ക,ഞാവല്‍ പാഷന്‍ഫ്രൂട്ട്, മുട്ടിപ്പഴം എന്നിവ തേനില്‍ സംസ്‌ക്കരിച്ച് തയ്യാറാക്കിയ മൂല്യവര്‍ധിത തേന്‍ ഉത്പന്നങ്ങളുടെ വിപണനോദ്ഘാടനം പ്രസ്‌ക്ലബില്‍ നടന്ന ചടങ്ഹില്‍ കൃഷിമന്ത്രി വിഎസ് സുനില്‍കുമാര്‍ നിര്‍വ്വഹിച്ചു. പഴവര്‍ഗങ്ങളും ഔഷധഘടകങ്ങള്‍ ഏറെയുള്ള ഇഞ്ചിയും വെളുത്തുള്ളിയുമൊക്കെ സംയോജിക്കുന്നതോടെ തേനിന്റെ ഒഷധമൂല്യം ഇരട്ടിയാകുമെന്ന് മന്ത്രി പറഞ്ഞു.
ആരോഗ്യസംരക്ഷണത്തിന് പുറമേ രോഗപ്രതിരോധശേഷി ഉയര്‍ത്തുന്നതിനും ഉത്തമമാണ് ഞാവല്‍ തേന്‍. മുട്ടിപ്പഴം പാരമ്പര്യ ചികിത്സകളില്‍ വരുന്നതാണ്. ഈ പഴവര്‍ഗങ്ങള്‍ക്ക് പുറമേ കാന്താരി, ഇഞ്ചി, വെളുത്തുള്ളി എന്നിവയുടെ തേന്‍ ഉത്പന്നങ്ങളും ഉടന്‍ വിപണിയിലെത്തും. ഇവ തേനില്‍ സംസ്‌ക്കരിച്ചാണ് പുതിയ ഉത്പന്നങ്ങള്‍ ഉണ്ടാക്കുന്നത്.
കര്‍ഷകരില്‍ നിന്ന് നേരിട്ട് സംഭരിക്കുന്ന പച്ചത്തേന്‍ മാവേലിക്കരയില്‍ പ്രവര്‍ത്തിക്കുന്ന ഹണി പ്രോസസിംഗ് പ്ലാന്റില്‍ സംസ്‌കരിച്ച് അമൃത് ഹണി എന്ന പേരില്‍ ഇതിനകം തന്നെ ലഭ്യമാക്കുന്നുണ്ട്. ഈ പ്ലാന്റില്‍ നിന്നുമാണ് പുതിയ ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നത്.
ഈ സാമ്പത്തികവര്‍ഷം 35 മെട്രിക് ടണ്‍ തേന്‍ ഇതിനകം ഹോര്‍ട്ടികോര്‍പ്പ് സംഭരിച്ചിട്ടുണ്ട്. മാവേലിക്കര തേനീച്ച വളര്‍ത്തല്‍ പരിശീലന കേന്ദ്രത്തില്‍ ആധുനിക രീതിയിലുള്ള തേന്‍ സംസ്‌കരണ തേന്‍ പാക്കിംഗ് യൂണിറ്റുകള്‍ സജ്ജമാക്കിയിട്ടുണ്ട്.