Web Developer; നഗരത്തിലെ തിരക്കേറിയ ജീവിതവും ഉയർന്ന ശമ്പളവുമുള്ള ജോലിയും ഉപേക്ഷിച്ച്, ഗ്രാമത്തിന്റെ ശാന്തതയിൽ ഒരു പുതിയ ജീവിതം കെട്ടിപ്പടുക്കാൻ ആരെങ്കിലും തയ്യാറാകുമോ? കേൾക്കുമ്പോൾ അതിശയമെന്ന് തോന്നാം, എന്നാൽ ബെംഗളൂരുവിലെ ഐടി ലോകത്തുനിന്ന് ഡെറാഡൂണിലെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങി, പ്രതിദിനം 9 രൂപയുടെ തുച്ഛമായ വരുമാനത്തിൽ നിന്ന് 2 കോടിയുടെ ക്ഷീര വ്യവസായത്തിന് ഉടമയായ ഹരി ഓം നൊട്ടിയാലിന്റെ ജീവിതം ആരെയും പ്രചോദിപ്പിക്കുന്ന ഒരു വിജയഗാഥയാണ്.
ബെംഗളൂരുവിലെ വലിയൊരു കമ്പനിയിൽ വെബ് ഡെവലപ്പറായി ജോലി ചെയ്യുമ്പോഴാണ് ഹരി ഓം താൻ ആഗ്രഹിച്ച ജീവിതമല്ല ഇതെന്ന് തിരിച്ചറിയുന്നത്. ഡെറാഡൂണിലെ ബാർക്കോട്ട് എന്ന മനോഹരമായ ഗ്രാമത്തിൽ വളർന്ന അദ്ദേഹത്തിന്, നഗരത്തിലെ മത്സരങ്ങളും മാനസിക സമ്മർദ്ദവും മടുപ്പുളവാക്കി. 2013-ൽ, നല്ലൊരു തുക ശമ്പളം ലഭിച്ചിരുന്ന ജോലി ഉപേക്ഷിച്ച് ഗ്രാമത്തിലേക്ക് മടങ്ങാൻ അദ്ദേഹം തീരുമാനിച്ചു. തുടക്കത്തിൽ, ഗ്രാമവാസികളിൽ നിന്ന് കടുത്ത പരിഹാസമാണ് ഹരി ഓമിന് നേരിടേണ്ടി വന്നത്. ‘ഒരു ജോലിക്കും കൊള്ളാത്തവൻ’, ‘ഭ്രാന്തൻ’ എന്നെല്ലാം അവർ അദ്ദേഹത്തെ മുദ്രകുത്തി. എന്നാൽ ഈ വിമർശനങ്ങളിൽ തളരാതെ, തന്റെ വീടിനോട് ചേർന്ന് ഒരു തൊഴുത്തുണ്ടാക്കി പശുക്കളെ വളർത്താൻ തീരുമാനിച്ചു. ‘ധന്യ ധേനു’ എന്ന പേരിൽ പത്ത് പശുക്കളുമായി തുടങ്ങിയ ആ ചെറിയ സംരംഭം തുടക്കത്തിൽ നിരവധി വെല്ലുവിളികൾ നേരിട്ടു. പ്രതിദിനം 50-60 ലിറ്റർ പാൽ വിൽക്കാനാവാതെ കെട്ടിക്കിടന്നു. പലപ്പോഴും ആളുകൾക്ക് സൗജന്യമായി പാൽ നൽകേണ്ടി വന്നു. ഒരു ദിവസം വെറും 9 രൂപയായിരുന്നു അദ്ദേഹത്തിന്റെ സമ്പാദ്യം.
പക്ഷേ, അതുകൊണ്ടൊന്നും ഹരി ഓം പിന്മാറിയില്ല. 2016-ഓടെ ഗ്രാമത്തിൽ ഒരു പാൽ സംഭരണ കേന്ദ്രം സ്ഥാപിക്കുകയും സർക്കാർ സഹായത്തോടെ സംരംഭം വികസിപ്പിക്കുകയും ചെയ്തു. പാലിന്റെ ഗുണമേന്മ ഉറപ്പാക്കാൻ ഉപഭോക്താക്കൾക്ക് സൗജന്യമായി ലാക്ടോമീറ്റർ നൽകിയ അദ്ദേഹത്തിന്റെ ആശയം പെട്ടെന്ന് ശ്രദ്ധിക്കപ്പെട്ടു. അധികം വന്ന പാൽ ഉപയോഗിച്ച് പനീർ, തൈര്, നെയ്യ്, ഐസ്ക്രീമുകൾ, അച്ചാറുകൾ എന്നിങ്ങനെ വിവിധ തരം ഉത്പന്നങ്ങൾ നിർമ്മിച്ച് വിപണിയിലേക്കെത്തിച്ചു.
ഇന്ന്, ഡെറാഡൂണിലും ഋഷികേശിലുമായി പ്രതിദിനം 250 ലിറ്ററിലധികം പാൽ വിൽക്കുന്ന ‘ധന്യ ധേനു’ എന്ന സ്ഥാപനത്തിന്റെ വാർഷിക ലാഭം 2 കോടി രൂപയാണ്. 15 ഗ്രാമങ്ങളിലായി 500-ഓളം ആളുകൾക്ക് തൊഴിൽ നൽകുന്ന ഒരു വലിയ സംരംഭമായി വളരുകയും ചെയ്തു. ഒരു കാലത്ത് ദിവസം 9 രൂപ മാത്രം സമ്പാദിച്ചിരുന്ന ഹരി ഓം, ഇന്ന് പാലിൽ നിന്ന് മാത്രം പ്രതിദിനം 5,000 രൂപ ലാഭം നേടുന്നു. കഠിനാധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി ഹരി കെട്ടിപ്പടുത്ത ഈ വിജയം, ഗ്രാമീണ സംരംഭകത്വത്തിന്റെ വലിയ സാധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്.

