Startup India project; സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

0
10

Startup India project; രാജ്യത്ത്, സ്റ്റാർട്ടപ്പുകൾ അതിവേഗം വളർന്ന് വരികയാണ്. ടെക്, മാനുഫാക്ചറിങ്, സർവ്വീസ് എന്നിങ്ങനെ വിവിധ മേഖലകളിലാണ് പുതിയ സ്റ്റാർട്ടപ്പുകൾ വളർന്ന് വരുന്നത്. സംരംഭകത്വം, നവീന ആശയങ്ങൾ, എളുപ്പത്തിലുള്ള ബിസിനസ് എന്നിവ പ്രോത്സാഹിപ്പിക്കുന്നതിനായി സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതി ആരംഭിച്ചതോടെ ഈ വളർച്ചയ്ക്ക് ആക്കം കൂടി. 2016-ൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ സാമ്പത്തിക സഹായം, നികുതി ഇളവുകൾ, ലളിതമായ നിയമങ്ങൾ, മറ്റ് ആനുകൂല്യങ്ങൾ എന്നിവയുൾപ്പെടെ നിരവധി ആനുകൂല്യങ്ങൾ സ്റ്റാർട്ടപ്പുകൾക്ക് നൽകുന്നു. ഒരു സംരംഭകനാകാൻ ആ​ഗ്രഹിക്കുന്നവർക്ക്, സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തെക്കുറിച്ചും അതിൽ എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് നോക്കാം. രജിസ്‌ട്രേഷൻ പ്രക്രിയ, ലഭ്യമായ ആനുകൂല്യങ്ങൾ, രജിസ്റ്റർ ചെയ്യുന്നതിനുള്ള യോഗ്യതകൾ എന്തൊക്കെയാണെന്ന് നോക്കാം?

സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം?

രാജ്യത്തുടനീളമുള്ള പുതിയ ബിസിനസുകളുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ടി 2016 ജനുവരി 16-ന് കേന്ദ്ര സർക്കാർ ആരംഭിച്ചതാണ് സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭം. നവീന ആശയങ്ങൾ, സാങ്കേതികവിദ്യ, വലിയ തോതിലുള്ള ബിസിനസ് മോഡലുകൾ എന്നിവയിൽ പ്രത്യേക ശ്രദ്ധ കേന്ദ്രീകരിച്ച്, ബിസിനസുകൾ എളുപ്പമാക്കാനാണ് ഈ പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. സങ്കീർണ്ണ നിയമങ്ങൾ, സാമ്പത്തിക ലഭ്യതയുടെ കുറവ്, ആശയങ്ങൾ വികസിപ്പിക്കാനുള്ള ബുദ്ധിമുട്ട് എന്നീ പ്രശ്‌നങ്ങൾ പരിഹരിക്കുകയാണ് ഈ പദ്ധതി ലക്ഷ്യമിടുന്നത്.

സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിൽ എങ്ങനെ രജിസ്റ്റർ ചെയ്യാം?

രജിസ്‌ട്രേഷന് മുമ്പ് നിങ്ങളുടെ ബിസിനസ് സ്റ്റാർട്ടപ്പ് ഇന്ത്യ നിർവചന പ്രകാരം ഒരു ‘സ്റ്റാർട്ടപ്പ്’ യോഗ്യത ഉള്ളതാണെന്ന് ഉറപ്പാക്കണം. ഈ പദ്ധതി പ്രകാരം നവീനാശയങ്ങൾ ഉള്ളതും വലിയ സാധ്യതയുള്ളതുമായ ബിസിനസ്സുകൾക്ക് മാത്രമേ പ്രയോജനം ലഭിക്കൂ എന്ന് ഉറപ്പാക്കാൻ സർക്കാർ പ്രത്യേക മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

സ്ഥാപനം അല്ലെങ്കിൽ രജിസ്‌ട്രേഷൻ ഇന്ത്യയിൽ രജിസ്റ്റർ ചെയ്തിട്ടുള്ളതായിരിക്കണം. പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയോ, ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (LLP) അല്ലെങ്കിൽ പാർട്ണർഷിപ്പ് സ്ഥാപനമോ ആകാം. സ്റ്റാർട്ടപ്പിന് 10 വർഷത്തിൽ കൂടുതൽ പഴക്കം ഉണ്ടാകാൻ പാടില്ല. അവ എത്ര വളർന്നാലും പ്രശ്‌നമില്ല. വാർഷിക വിറ്റുവരവ് മുൻ സാമ്പത്തിക വർഷങ്ങളിൽ 100 കോടിയിൽ കൂടാൻ പാടില്ല. നവീനാശയങ്ങൾ, സാങ്കേതികവിദ്യ അല്ലെങ്കിൽ ഉയർന്ന വളർച്ചാ സാധ്യതയുള്ള വലിയ മോഡലുകൾ എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. പുതിയ ഉൽപ്പന്നങ്ങൾ, സേവനങ്ങൾ അല്ലെങ്കിൽ വാല്യു ആഡഡ് സൊല്യൂഷൻസ് എന്നിവ ലക്ഷ്യമിടണം. നിലവിലുള്ള ഒരു സ്ഥാപനം വിഭജിച്ചോ പുനഃസംഘടിപ്പിച്ചോ ഉണ്ടാക്കിയ ബിസിനസ്സിനെ രജിസ്റ്റർ ചെയ്യാൻ കഴിയില്ല. 30 ലക്ഷം രൂപ വരെ ലോൺ ലഭിക്കും.

പദ്ധതിയുടെ ആനുകൂല്യങ്ങൾ

സ്റ്റാർട്ടപ്പ് രജിസ്റ്റർ ചെയ്യുന്നതിലൂടെ, വിഭവങ്ങൾ, ഉപദേശം, അവസരങ്ങൾ എന്നിവ ലഭ്യമായ സ്റ്റാർട്ടപ്പ് ഇന്ത്യ ഹബ് ഏകജാലക പ്ലാറ്റ്ഫോം നിങ്ങൾക്ക് ആക്‌സസ് ചെയ്യാൻ കഴിയും. ഇത് ഇൻകുബേറ്ററുകൾ, നിക്ഷേപകർ, ആക്‌സിലറേറ്ററുകൾ എന്നിവയുടെ ശൃംഖലയുമായി നിങ്ങളെ ബന്ധിപ്പിക്കും. ആദ്യ ഏഴ് വർഷങ്ങളിൽ മൂന്ന് വർഷത്തേക്ക് ആദായനികുതി ഇളവിന് അർഹത ലഭിക്കുന്നു. ഏഞ്ചൽ നിക്ഷേപകരിൽ നിന്നുള്ള നിക്ഷേപങ്ങൾക്ക് ഏഞ്ചൽ ടാക്‌സ് ഒഴിവാക്കുന്നു. ആദ്യ മൂന്ന് വർഷത്തേക്ക് ലാഭത്തിന്മേൽ 100% നികുതി ഇളവ് നേടാനാകും. പണത്തിന്റെ ഒഴുക്ക് കുറവുള്ള ആദ്യ ഘട്ടങ്ങളിൽ ഇത് വളരെ സഹായകമാകും. വെഞ്ച്വർ ക്യാപിറ്റൽ (VC) സ്ഥാപനങ്ങൾ വഴി സ്റ്റാർട്ടപ്പുകളെ പിന്തുണയ്ക്കുന്നതിന് സർക്കാർ 10,000 കോടിയുടെ ഒരു ഫണ്ട് രൂപീകരിച്ചിട്ടുണ്ട്. സർക്കാർ നേരിട്ട് സ്റ്റാർട്ടപ്പുകളിൽ നിക്ഷേപം നടത്തുന്നില്ല, മറിച്ച് നൂതനമായ ബിസിനസ്സുകളിൽ നിക്ഷേപം നടത്തുന്ന വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾക്ക് പണം നൽകുന്നു. ഈടില്ലാതെ വായ്പകൾ നൽകുന്ന CGTMSE-Credit Guarantee Fund Trust for Micro and Small Enterprises പോലുള്ള പദ്ധതികളിലൂടെ വായ്പകൾ ലഭ്യമാക്കുന്നു. ബിസിനസുകൾക്ക് വളരാൻ മാർഗ്ഗനിർദ്ദേശം, വിഭവങ്ങൾ, അടിസ്ഥാന സൗകര്യങ്ങൾ എന്നിവ നൽകുന്ന നിരവധി ഇൻകുബേഷൻ സെന്ററുകളും ആക്‌സിലറേറ്ററുകളും ആക്‌സസ് ചെയ്യാൻ കഴിയും. സ്റ്റാർട്ടപ്പ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്യുന്നതിലൂടെ ഈ സ്‌കീമുകൾക്കായി അപേക്ഷിക്കാൻ കഴിയും, ഇത് സാധ്യതയുള്ള നിക്ഷേപകരുമായും പങ്കാളികളുമായും നെറ്റ് വർക്കിംഗ് അവസരങ്ങൾ നൽകുന്നു. ബൗദ്ധിക സ്വത്തവകാശ നിയമ പിന്തുണ: നൂതനമായ പരിഹാരങ്ങളിൽ പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ബൗദ്ധിക സ്വത്തവകാശം ഒരു പ്രധാന ആസ്തിയാണ്. പേറ്റന്റ്, വ്യാപാരമുദ്ര ഫയലിംഗ് ഫീസുകളിൽ സർക്കാർ 80% കിഴിവ് നൽകുന്നു, ഇത് ബൗദ്ധിക സ്വത്തവകാശങ്ങൾ (Intellactual Property Rights (IPR)) സംരക്ഷിക്കുന്നതിനുള്ള ചിലവ് കുറയ്ക്കുന്നു.

സ്റ്റാർട്ടപ്പ് ഇന്ത്യ പദ്ധതിയിൽ സ്റ്റാർട്ടപ്പ് രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?

1. ബിസിനസ്സ് ഘടന തീരുമാനിക്കൽ

  • സ്റ്റാർട്ടപ്പ് ഇനി പറയുന്ന രീതികളിൽ ഒന്ന് ഉപയോഗിച്ച് രജിസ്റ്റർ ചെയ്യാവുന്നതാണ്
  • പ്രൈവറ്റ് ലിമിറ്റഡ് കമ്പനി (പ്രൈവറ്റ് ലിമിറ്റഡ്): പരിമിതമായ ബാധ്യതയും വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടിംഗ് സ്വരൂപിക്കുന്നതിനുള്ള മികച്ച അവസരങ്ങളും ഉള്ളതാണ് ഇത്.
  • ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പ് (LLP): കൂടുതൽ വഴക്കമുള്ളതും കുറഞ്ഞ പങ്കാളികളുള്ള ചെറിയ സംരംഭങ്ങൾക്ക് അനുയോജ്യം.
  • പാർട്ണർഷിപ്പ് വ്യവ്‌സഥ: പാർട്ണർഷിപ്പ് വ്യവസ്ഥ മറ്റൊരു മാർഗമാണ്. ഇത് മറ്റ് രണ്ട് രീതികളേക്കാളും ഔപചാരികത കുറഞ്ഞതാണ്.

ബിസിനസ് ഘടന തീരുമാനിച്ചു കഴിഞ്ഞാൽ, Ministry of Corporate Affairs (MCA) -ൽ നിന്ന് ആവശ്യമായ രജിസ്‌ട്രേഷൻ നേടണം. ഈ പ്രക്രിയയുടെ ഭാഗമായി, നിങ്ങൾ ഒരു Director Identification Number (DIN), Digital Signature Certificate (DSC) എന്നിവയ്ക്ക് അപേക്ഷിക്കേണ്ടതുണ്ട്.

2. സ്റ്റാർട്ടപ്പ് ഇന്ത്യ പോർട്ടലിൽ രജിസ്റ്റർ ചെയ്യുക

  • ഔദ്യോഗിക സ്റ്റാർട്ടപ്പ് ഇന്ത്യ വെബ്‌സൈറ്റിൽ (https://www.startupindia.gov.in/) രജിസ്റ്റർ ചെയ്ത് ഒരു അക്കൗണ്ട് ഉണ്ടാക്കുക.
  • ലോഗിൻ ചെയ്ത ശേഷം, നിങ്ങളുടെ ബിസിനസ്സിനെക്കുറിച്ചുള്ള വിശദാംശങ്ങൾ, രജിസ്‌ട്രേഷൻ നമ്പർ, ബിസിനസ്സ് വിഭാഗം, പ്രധാന ബിസിനസ് ആശയങ്ങൾ എന്നിവ ഉപയോഗിച്ച് രജിസ്‌ട്രേഷൻ ഫോം പൂരിപ്പിക്കണം. കൃത്യമായ വിവരങ്ങൾ നൽകുന്നത് ഉറപ്പാക്കുക.
  • നിങ്ങളുടെ സ്ഥാപന സർട്ടിഫിക്കറ്റ്, PAN കാർഡ്, ബിസിനസ്സ് പ്രവർത്തനത്തിന്റെ തെളിവ് തുടങ്ങിയ പ്രധാന രേഖകൾ നിങ്ങൾ അപ്ലോഡ് ചെയ്യേണ്ടതുണ്ട്. ബാധകമെങ്കിൽ, നിങ്ങളുടെ GST രജിസ്‌ട്രേഷൻ നമ്പറും നൽകുക.
  • രജിസ്‌ട്രേഷന്റെ ഭാഗമായി, നിങ്ങളുടെ ബിസിനസ്സ് സ്റ്റാർട്ടപ്പ് ഇന്ത്യ സംരംഭത്തിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടെന്ന് സ്വയം സാക്ഷ്യപ്പെടുത്തണം.
  • നിങ്ങളുടെ അപേക്ഷ അവലോകനം ചെയ്ത് അംഗീകരിച്ച ശേഷം, നിങ്ങൾക്ക് ഒരു സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകൃത സർട്ടിഫിക്കറ്റ് ലഭിക്കും. നിങ്ങളുടെ യോഗ്യതയുടെ തെളിവായി ഈ സർട്ടിഫിക്കറ്റ് വർത്തിക്കുന്നു.
  • അധിക സൗകര്യങ്ങൾക്കായി അപേക്ഷിക്കുക (ആവശ്യമെങ്കിൽ)
  • സ്റ്റാർട്ടപ്പ് സ്ഥാപനം രജിസ്റ്റർ ചെയ്ത ശേഷം, നിങ്ങൾക്ക് ഈ പദ്ധതിക്ക് കീഴിൽ വാഗ്ദാനം ചെയ്യുന്ന അധിക സൗകര്യങ്ങൾക്കായി അപേക്ഷിക്കാവും.
  • ആദായനികുതി ഇളവ്: നികുതി ആനുകൂല്യങ്ങൾ നേടുന്നതിന് ആദായനികുതി നിയമപ്രകാരം ആദായനികുതി ഇളവിനായി അപേക്ഷിക്കുക.
    ധനകാര്യവും വായ്പകളും: നിങ്ങൾക്ക് പണം ആവശ്യമുണ്ടെങ്കിൽ, സ്റ്റാർട്ടപ്പുകൾക്കുള്ള ഫണ്ട് ഓഫ് ഫണ്ട്‌സിൽ (FFS) നിന്ന് സാമ്പത്തിക സഹായത്തിനായി അപേക്ഷിക്കാവുന്നതാണ്.
  • IPR പിന്തുണ: നിങ്ങൾക്ക് ബൗദ്ധിക സ്വത്തവകാശങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്, കുറഞ്ഞ ഫയലിംഗ് ഫീസ് ആനുകൂല്യങ്ങൾ നേടാനും സാധിക്കും.

സ്റ്റാർട്ടപ്പ് രജിസ്റ്റർ ചെയ്യാൻ ആവശ്യമായ രേഖകൾ എന്തൊക്കെ?

  • നിങ്ങളുടെ ബിസിനസ്സ് Ministry of Corporate Affairs (MCA) ൽ ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നതിന്റെ തെളിവ്.
  • നിങ്ങളുടെ സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ PAN കാർഡിന്റെ ഒരു പകർപ്പ്.
  • നിങ്ങളുടെ GST രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന്റെ ഒരു പകർപ്പ് നൽകുക.
  • സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ ഡയറക്ടർമാരുടെയോ സ്ഥാപകരുടെയോ ആധാർ കാർഡ്.
  • സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ രജിസ്റ്റർ ചെയ്ത അക്കൗണ്ടിന്റെ ബാങ്ക് അക്കൗണ്ട് നമ്പറും IFSC കോഡും.
  • നിങ്ങളുടെ സ്റ്റാർട്ടപ്പ് സ്ഥാപനത്തിന്റെ ഉത്പന്നങ്ങൾ, സേവനങ്ങൾ, ലക്ഷ്യങ്ങൾ എന്നിവ വ്യക്തമാക്കുന്ന വിശദമായ ബിസിനസ് പ്ലാൻ.