സംസ്ഥാനത്തെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയെ ശക്തിപ്പെടുത്തുന്നത് ലക്ഷ്യമിട്ട് കേരള സ്റ്റാർട്ടപ്പ് മിഷൻ. കേരള സ്റ്റാർട്ടപ്പ് മിഷൻ (കെഎസ്‌യുഎം) കെഎസ്‌യുഎമ്മിന് കീഴിലുള്ള സ്റ്റാർട്ടപ്പുകളെ സഹായിക്കുന്നതിന് ഐടി സേവന ദാതാക്കളായ അഡെസോ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡുമായി ധാരണാപത്രം (എംഒയു) ഒപ്പുവച്ചു. തിരുവനന്തപുരത്ത് വെച്ച് നടന്ന ചടങ്ങിലാണ് കെഎസ്‌യുഎം സിഇഒ അനൂപ് അംബികയും അഡെസോ ഇന്ത്യ ഡയറക്ടർ ഷാലി ഹസനും ധാരണാപത്രത്തിൽ ഒപ്പുവച്ചത്.
സ്റ്റാർട്ടപ്പുകൾക്ക് അവരുടെ നൂതന ഉൽപ്പന്നങ്ങളും സേവനങ്ങളും സാധാരണ ഭൂപ്രദേശങ്ങൾക്കപ്പുറം വിപണനം ചെയ്യുന്നതിനുള്ള പുതിയ വഴികൾ ഈ സഹകരണം തുറക്കുമെന്ന് അനൂപ് പറഞ്ഞു. ധാരണാപത്രം നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുവെന്നും സ്റ്റാർട്ടപ്പുകളെ അവരുടെ സംരംഭങ്ങൾ വികസിപ്പിക്കാൻ പ്രാപ്തമാക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള സ്റ്റാർട്ടപ്പ് മിഷൻറെ സ്റ്റാർട്ടപ്പ് ഇൻഫിനിറ്റി സെൻറർ ജർമ്മനിയിൽ ആരംഭിക്കാൻ കരാർ വഴിയൊരുക്കും.
സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥയിലെ സുപ്രധാന സഹകരണമാണ് അഡെസോ ഇന്ത്യയുമായുള്ളത്. അഡെസോ ഇന്ത്യയുമായുള്ള സഹകരണത്തിലൂടെ സ്റ്റാർട്ടപ്പുകൾക്ക് അവരുടെ നൂതന ഉത്പന്നങ്ങളും സേവനങ്ങളും മറ്റ് രാജ്യങ്ങളിലേക്ക് വിപണനം ചെയ്യുന്നതിന് കഴിയും. നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്നതിനൊപ്പം സ്റ്റാർട്ടപ്പുകൾക്ക് അവരുടെ സംരംഭങ്ങൾ വികസിപ്പിക്കാൻ സഹകരണത്തിലൂടെ വഴിയൊരുങ്ങുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരളത്തിൻറെ സ്റ്റാർട്ട്-അപ്പ് ആവാസവ്യവസ്ഥയുടെ ഭാഗമാകുന്നതിൽ സന്തോഷമുണ്ടെന്ന് അഡെസോ ഇന്ത്യ മാനേജിംഗ് ഡയറക്ടർ ഷാലി ഹസ്സൻ പറഞ്ഞു. ബിസിനസ് വർധിപ്പിക്കുന്നതിന് അത്യാധുനിക സാങ്കേതിക വിദ്യയും ആശയങ്ങളും പ്രയോജനപ്പെടുത്താൻ കേരള സ്റ്റാർട്ടപ്പ് മിഷനുമായുള്ള പങ്കാളിത്തത്തിലൂടെ ഞങ്ങളുടെ ഉപഭോക്താക്കൾക്ക് സാധിക്കും. ആഗോള വിപണി കണ്ടെത്താൻ പ്രാദേശിക സ്റ്റാർട്ടപ്പുകളെ ഇത് സഹായിക്കും. ഒരു വർഷത്തേക്ക് സാധുതയുള്ള ധാരണാപത്രം അനുസരിച്ച് കെഎസ് യുഎമ്മും അഡെസോയും കേരളത്തിൻറെ സ്റ്റാർട്ടപ്പ് ആവാസവ്യവസ്ഥ മെച്ചപ്പെടുത്തുന്നതിൽ സഹകരിക്കും. കെഎസ് യുഎം സ്റ്റാർട്ടപ്പുകൾക്ക് ജർമ്മനിയിൽ വ്യവസായ ശൃംഖല വർധിപ്പിച്ച് മെച്ചപ്പെട്ട വിപണി ലഭ്യമാകുന്നതിന് അഡെസോ സൗകര്യമൊരുക്കും.
ഓട്ടോമോട്ടീവ്, മൊബിലിറ്റി, ഫിൻടെക്, ഡിജിറ്റൽ മാർക്കറ്റിങ് മുതലായ മേഖലകളിൽ നൂതന പദ്ധതികൾ പ്രോത്സാഹിപ്പിക്കുന്നതിനും അക്കാദമിക് സ്ഥാപനങ്ങളുമായി സഹകരിക്കുന്നതിനും കരാറിലൂടെ സാധിക്കും. കെഎസ് യുഎമ്മിൻറെ ഹാക്കത്തോൺ സംരംഭങ്ങളിലും അഡെസോ പങ്കെടുക്കും. അഡെസോയ്ക്ക് ആവശ്യമായ സ്റ്റാർട്ടപ്പ് പ്രതിഭകളെ ഹാക്കത്തോണുകൾ വഴി കണ്ടെത്തും. കെഎസ് യുഎം ലാബുകളേയും ഇന്നൊവേഷൻ സെൻററുകളേയും അഡെസോ പിന്തുണയ്ക്കും. അഡെസോയുടെ ഇന്നൊവേഷൻ അജണ്ടകളെക്കുറിച്ചുള്ള വിവരങ്ങൾ കെഎസ് യുഎം പരിപാടികളിലൂടെ പ്രദർശിപ്പിക്കും. വിപണിയിൽ അഡെസോയുടെ ബ്രാൻഡ് കവറേജ് വർദ്ധിപ്പിക്കുന്നതിനും കെഎസ് യുഎം സഹായിക്കും. വിവിധ രാജ്യങ്ങളിലേക്ക് ശ്യംഖല വ്യാപിപ്പിക്കുന്നതിൻറെ ഭാഗമായി കൊച്ചി ഇൻഫോപാർക്കിൽ അഡെസോ ഇന്ത്യയുടെ പുതിയ സ്ഥാപനം പ്രവർത്തനം ആരംഭിച്ചിരുന്നു. ലോകമെമ്പാടും 60 ലധികം സ്ഥലങ്ങളിലായി 10,100 ലധികം ജീവനക്കാരുള്ള ബഹുരാഷ്ട്ര സോഫ്റ്റ് വെയർ കമ്പനിയാണ് അഡെസോ എസ്ഇ. വ്യവസായ വൈദഗ്ധ്യം, ഉപഭോക്തൃ കേന്ദ്രീകൃത സമീപനം, സേവനങ്ങളിലെ ഗുണനിലവാരം, സാമൂഹിക പ്രതിബദ്ധത എന്നിവയ്ക്ക് പേരുകേട്ട സ്ഥാപനങ്ങളിലൊന്നാണിത്. ഡിജിറ്റൽ മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുമായി ചേർന്ന് പ്രവർത്തിക്കാൻ കഴിയുന്ന മികച്ച പങ്കാളി കൂടിയാണ് അഡെസോ എസ്ഇ.