കേന്ദ്ര സർക്കാർ അവതരിപ്പിച്ച ബജറ്റിൽ പതിവുപോലെ ഏവരും ഉറ്റുനോക്കിയത് ആദായനികുതി ഘടനയിൽ എന്തുമാറ്റം കൊണ്ടുവരുമെന്നായിരുന്നു. വലിയ മാറ്റങ്ങൾക്ക് ഒന്നും കൊണ്ട് വന്നില്ലെങ്കിലും മാസവരുമാനക്കാർക്ക് നേരിയ ആശ്വാസം പകരുന്ന പ്രഖ്യാപനം നികുതി ഘടനയിൽ ധനമന്ത്രി നടത്തിയിട്ടുണ്ട്. പഴയ സ്‌കീം പിന്തുടരുന്നവർക്ക് നികുതി ഘടനയിൽ മാറ്റമില്ല. ആദായ നികുതി സ്ലാബുകളെല്ലാം പഴയപടി തന്നെ തുടരും. എന്നാൽ പുതിയ സ്‌കീമിലുള്ളവർക്കും അതിലേക്ക് മാറുന്നവർക്കും ഇനി ചെറിയ ലാഭമുണ്ടാകും. കൂടുതൽ പേരെ പുതിയ സ്‌കീമിലേക്ക് മാറ്റാൻ ലക്ഷ്യമിട്ടുള്ളതാണ് ധനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ. പുതിയ സ്‌കീമിലെ സ്റ്റാൻഡേർഡ് ഡിഡക്ഷൻ 50,000 രൂപയിൽനിന്ന് 75,000 രൂപയായി ഉയർത്തി. മൂന്ന് ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ളവർ ആദായ നികുതി നൽകേണ്ടതില്ല. നേരത്തേയും ആദായ നികുതി നൽകാനുള്ള കുറഞ്ഞ പരിധി മൂന്ന് ലക്ഷം രൂപയായിരുന്നു. ആ പരിധി അങ്ങനെ തന്നെ നിലനിർത്തി പിന്നീടുള്ള സ്ലാബുകളിൽ ചെറിയ മാറ്റങ്ങൾ വരുത്തിക്കൊണ്ടാണ് പുതിയ പരിഷ്‌കാരം.
- വാർഷിക വരുമാനം മൂന്ന് ലക്ഷം മുതൽ ഏഴ് ലക്ഷം വരെയുള്ളവർ 5 % നികുതി അടക്കണം (മുമ്പ് മൂന്ന് ലക്ഷം മുതൽ ആറ് ലക്ഷം വരെയായിരുന്നു 5%)
- വാർഷിക വരുമാനം ഏഴ് മുതൽ 10 ലക്ഷം വരെയുള്ളവർ 10% നികുതി അടക്കണം (മുമ്പ് ആറ് മുതൽ ഒമ്പത് ലക്ഷം വരെയായിരുന്നു 10%)
- വാർഷിക വരുമാനം 10 ലക്ഷം മുതൽ 12 ലക്ഷം വരെയുള്ളവർ 15% നികുതി അടക്കണം. (മുമ്പ് ഒമ്പത് മുതൽ 12 ലക്ഷം വരെയുള്ളവർക്കായിരുന്നു 15 %).
- 12 ലക്ഷം മുതൽ 15 ലക്ഷം വരെ നേരത്തെയുള്ള 20 ശതമാനം നികുതി അതേപടി തുടരും. 15 ലക്ഷത്തിന് മുകളിൽ വാർഷിക വരുമാനക്കാരിൽനിന്ന് ഈടാക്കിയിരുന്ന 30 ശതമാനം നികുതി ഘടനയിലും മാറ്റമില്ല.
ഈ രീതിയിലൂടെയുള്ള മാറ്റങ്ങൾ വഴി മാസവരുമാനക്കാർക്ക് 17,500 രൂപ വരെയുള്ള കുറവ് നികുതിയിലുണ്ടാകും എന്നാണ് ബഡ്ജറ്റ് പ്രസംഗത്തിൽ ധനമന്ത്രി പറഞ്ഞത്. അതായത് നേരിയ ആശ്വാസം നികുതിദായകർക്ക് പ്രതീക്ഷിക്കാം. എന്നാൽ കാര്യമായൊരു ആശ്വാസമായി ഇതിനെ കണക്കാക്കാനും കഴിയുകയില്ല.