രാജ്യം ഭരിക്കുന്നത് തീവ്രദേശീയത പറയുന്ന ബിജെപി ആണെങ്കിലും വിപണിയുടെ കാര്യം അങ്ങനൊന്നുമല്ല. നമ്മുടെയെല്ലാം ജീവിതത്തിന്റെ അവിഭാജ്യഘടകമായി മാറിയ സ്മാര്‍ട്ട്‌ഫോണുകളുടെ വില്‍പ്പന തന്നെയെടുക്കാം. ഡാറ്റാനിരക്കില്‍ വന്‍ഇളവുകള്‍ നല്‍കി ജിയോ അരങ്ങേറ്റം കുറിച്ചതിന് ശേഷം സംഭവിച്ചത് സ്മാര്‍ട്ട്‌ഫോണുകളുടെ ജനാധിപത്യവല്‍ക്കരണമായിരുന്നു. എന്നാല്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ വിപണിയുടെ 66 ശതമാനം വിഹിതവും ചൈനീസ് ബ്രാന്‍ഡുകള്‍ക്കാണെന്ന് മാത്രം.
വരുമാനം കൂട്ടാന്‍ പുതിയൊരു തന്ത്രം കൂടി നടപ്പാക്കാന്‍ ഒരുങ്ങുകയാണ് ഷഓമി. എന്നാല്‍ അക്കാര്യത്തോട് നമ്മള്‍ ഇന്ത്യക്കാര്‍ക്ക് തീരെ മതിപ്പുണ്ടാകാന്‍ ഇടയില്ല…
ചൈനയുടേതായി ഓപ്പോയും വിവോയും വാവെയും വണ്‍പ്ലസുമെല്ലാമുണ്ടെങ്കിലും ഷഓമിയാണ് വിപണിക്ക് നേതൃത്വം നല്‍കുന്നത്. മൊത്തം സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍, 2019 ആദ്യ പാദത്തിലെ കണക്കനുസരിച്ച്, 29 ശതമാനം വിപണി വിഹിതത്തോടെയാണ് ഷഓമി പരമ്പരാഗത നേതാക്കളായ ദക്ഷിണ കൊറിയയുടെ സാംസംഗിനെയും കടത്തിവെട്ടി ഇന്ത്യയില്‍ ആധിപത്യം കൈയാളുന്നത്.
ഷഓമിക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഓപ്പോയുടെയും വിവോയുടെയും റിയല്‍മിയുടെയും ഉടമസ്ഥര്‍ ചൈനയിലെ ബിബികെ ഇലക്ട്രോണിക്‌സ് എന്ന ഒറ്റ കമ്പനിയാണെന്നത് വെറെക്കാര്യം. കൗണ്ടര്‍ പോയ്ന്റ് ഗവേഷണ സ്ഥാപനത്തിന്റെ കണക്കാണ് മുകളില്‍ പറഞ്ഞത്. കാനലിസ് നടത്തിയ പഠനമനുസരിച്ച് ഷഓമിയുടെ വിപണി വിഹിതം 31.4 ശതമാനം വരും.
2014ലാണ് ഷഓമി ഇന്ത്യയിലെത്തുന്നത്. വെറും അഞ്ച് വര്‍ഷങ്ങള്‍ക്കുള്ളില്‍ വിപണിയിലെ രാജാവായ കഥ ഏത് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡിനെയും ആവേശം കൊള്ളിക്കും. 29 ശതമാനം വിപണി വിഹിതത്തിന് പുറമെ 80 ദശലക്ഷം ഉപഭോക്താക്കളാണ് ഈ ചൈനീസ് ബ്രാന്‍ഡിന് ഇന്ത്യയിലുള്ളത്. ഓണ്‍ലൈനായി വിറ്റുപോകുന്ന സ്മാര്‍ട്ട്‌ഫോണുകളുടെ 57 ശതമാനവും ഷഓമി ഫോണുകള്‍ തന്നെ. ഇന്ത്യയിലുള്ളതാകട്ടെ ഏഴ് ഉല്‍പ്പാദനകേന്ദ്രങ്ങള്‍, ഒരു സെക്കന്‍ഡില്‍ നിര്‍മിക്കുന്നത് മൂന്ന് ഫോണുകള്‍….പലരും അസംഭവ്യമായി കരുതുന്നത് പ്രാവര്‍ത്തികമാക്കുകയാണ് ഷഓമിയുടെ തന്ത്രം. എന്നാല്‍ ഇന്ത്യയില്‍ അത്ര എളുപ്പമല്ല കാര്യങ്ങള്‍. അതിന് മുമ്പ് എന്താണീ ഷഓമിയെന്ന് നോക്കാം.
ഷഓമിയും ചൈനയിലെ സ്റ്റീവ് ജോബ്‌സും
ഇപ്പോഴും ഒരു സ്റ്റാര്‍ട്ടപ്പിന്റെ പ്രായം മാത്രമേ ഷഓമിക്കുള്ളൂ. പിറവിയെടുത്തത് 2010ല്‍. പിന്നില്‍ ലെയ് ജുന്‍ എന്ന ശതകോടീശ്വര സംരംഭകന്‍. ആളുടെ വിളിപ്പേര് ചൈനയില്‍ സ്റ്റീവ് ജോബ്‌സെന്നാണ്. അതിന് കാരണങ്ങള്‍ പലതുണ്ട്. ‘ഷഓ’ എന്നാല്‍ ചെറുതെന്ന് അര്‍ത്ഥം. ‘മി’ എന്നാല്‍ മൊബൈല്‍ ഇന്റര്‍നെറ്റ്. അങ്ങനെ ഷഓമി (XiaoMI) ഉണ്ടായി.
സ്റ്റീവ് ജോബ്‌സിന്റെ മാതൃകയില്‍ കറുത്ത ടീഷര്‍ട്ടും ബ്ലൂ ജീന്‍സും ധരിച്ചായിരുന്നു വാര്‍ഷിക യോഗത്തിന് ഷഓമി സിഇഒ ലെയ് ജുന്നും എത്തിയിരുന്നത്. ആദ്യം ‘ചൈനയുടെ ആപ്പിളെ’ന്നും ‘താങ്ങാവുന്ന ആപ്പിളെ’ന്നും അറിയപ്പെട്ട ഷഓമി പിന്നീട് ‘ഏഷ്യയുടെ ആപ്പിളാ’യി മാറി
പണ്ട്, ഏകദേശം ആറ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ന്യൂയോര്‍ക് ടൈംസ് ഷഓമിയെ കുറിച്ച് തയാറാക്കിയ റിപ്പോര്‍ട്ടിന് തലക്കെട്ട് കൊടുത്തതിങ്ങനെ, ‘ചൈനയില്‍ ആപ്പിളിനെ കോപ്പിയടിച്ച് ഒരു സാമ്രാജ്യം പണിതിരിക്കുന്നു’. ആപ്പിളിനെ അനുകരിച്ചായിരുന്നു ഷഓമിയുടെ പ്രവര്‍ത്തനങ്ങള്‍. കുറഞ്ഞ വിലയില്‍ ഒരുപാട് ഫീച്ചേഴ്‌സുള്ള ഫോണുകള്‍ പുറത്തിറക്കുക. വിപണി പിടിക്കുക. ഇതായിരുന്നു ബിസിനസ് തന്ത്രം.
സ്റ്റീവ് ജോബ്‌സിന്റെ മാതൃകയില്‍ കറുത്ത ടീഷര്‍ട്ടും ബ്ലൂ ജീന്‍സും ധരിച്ചായിരുന്നു വാര്‍ഷിക യോഗത്തിന് ഷഓമി സിഇഒ ലെയ് ജുന്നും എത്തിയിരുന്നത്. ആദ്യം ‘ചൈനയുടെ ആപ്പിളെ’ന്നും ‘താങ്ങാവുന്ന ആപ്പിളെ’ന്നും അറിയപ്പെട്ട ഷഓമി പിന്നീട് ‘ഏഷ്യയുടെ ആപ്പിളാ’യി മാറി.
പ്രവര്‍ത്തനം തുടങ്ങി വെറും മൂന്ന് വര്‍ഷം പിന്നിട്ടപ്പോള്‍ തന്നെ ഷഓമിയുടെ മൂല്യം ഏകദേശം 28,000 കോടി രൂപയിലെത്തിയിരുന്നു. സ്റ്റാര്‍ട്ടപ്പുകളിലെ അല്‍ഭുതമായി മാറി കമ്പനി. സ്മാര്‍ട്ട്‌ഫോണ്‍ വില്‍പ്പനയ്ക്ക് പുറമെ ആപ്പിളിന്റെ മ്യൂസിക്, സ്റ്റോറെജ്, കണ്ടന്റ് സേവനങ്ങള്‍ക്ക് സമാനമായുള്ളവ ഷഓമിയും അവതരിപ്പിച്ചു. നേരിയ മാര്‍ജിനുള്ള സ്മാര്‍ട്ട് ഫോണ്‍ വില്‍പ്പനയ്ക്കപ്പുറം വരുമാനസ്ഥിരതയ്ക്കുള്ള തന്ത്രമായിരുന്നു അത്.
ചൈനയില്‍ അതിവേഗവളര്‍ച്ച കൈവരിച്ചെങ്കിലും കാലക്രമേണ വിപണിക്ക് പാകത വന്നപ്പോള്‍ ഷഓമി മറ്റ് വിപണികളിലേക്ക് വ്യാപിച്ചു. അങ്ങനെയാണ് ഇന്ത്യന്‍ വീരഗാഥ തുടങ്ങുന്നത്.
2014ലാണ് ഷഓമി ഇന്ത്യയിലെത്തിയത്. ആ സമയത്തുള്ള കമ്പനിയുടെ ലക്ഷ്യത്തെ കുറിച്ച് ഇന്ത്യയിലെ ഷഓമി മേധാവിയായ മനു ജെയ്ന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞതിങ്ങനെ, ഒരു പതിനായിരം ഫോണെങ്കിലും വില്‍ക്കാന്‍ സാധിക്കണമെന്നായിരുന്നു അപ്പോഴത്തെ ചിന്ത.’ എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ ആദ്യ പാദത്തില്‍ മാത്രം ഈ ചൈനീസ് കമ്പനി വിറ്റത് 9 ദശലക്ഷം ഫോണുകളാണ്. അതായിരുന്നു വളര്‍ച്ചയുടെ അസാമാന്യ വേഗത.
ആപ്പിളിന് ഇന്ത്യയില്‍ സാധിക്കാത്ത കാര്യങ്ങളാണ് ഷഓമി ഞൊടിയിടയില്‍ ചെയ്തത്. നേരത്തെ പറഞ്ഞ പോലെ അതിഗംഭീര ഫീച്ചറുകള്‍ താങ്ങാവുന്ന വിലയില്‍ ലഭ്യമാക്കുകയെന്ന തന്ത്രത്തിന്റെ ഫലമാണത്. ഇന്ത്യയില്‍ വില കുറച്ച് ഫോണ്‍ വിറ്റാലോയെന്ന് ആപ്പിള്‍ വരെ ഇന്ന് ചിന്തിച്ചുതുടങ്ങി.
ഇന്ത്യയില്‍ ഇനിയുള്ള വെല്ലുവിളി
ചൈനയില്‍ നേതൃനിരയിലുണ്ടായിരുന്ന ഷഓമിയുടെ ഇപ്പോഴത്തെ സ്ഥാനം വാവെയ്ക്കും ഒപ്പോയ്ക്കും വിവോയ്ക്കും ശേഷമാണ്. എന്നാല്‍ ഇന്ത്യയില്‍ മുന്നേറ്റം പ്രകടമാണ്. ഒന്നാമന്‍. പക്ഷേ ഈ വിപണിവിഹിതത്തില്‍ അത്ര വലിയ കാര്യമില്ലെന്ന് അവര്‍ക്ക് തന്നെ ബോധ്യമുണ്ട്. ഒരു കാലത്ത് ഫോണ്‍ വിപണിയിലെ നേതാവായിരുന്ന നോക്കിയയുടെ കഥയാണ് പാഠം. മൈക്രോമാക്‌സും വിപിണി വിഹത നേട്ടം കൊയ്ത കാലമുണ്ട്. ഈ രണ്ട് ബ്രാന്‍ഡുകളും ഇന്നെവിടെയെത്തി എന്ന ചോദ്യത്തിനുള്ള ഉത്തരം ഷഓമിക്ക് നന്നായി അറിയാം.
അതുകൊണ്ടുതന്നെ വരുമാനത്തില്‍ സ്ഥിരത നിലനിര്‍ത്താനുള്ള തന്ത്രങ്ങളാണ് കമ്പനി ആവിഷ്‌കരിക്കുന്നത്. സ്മാര്‍ട്ട് ടിവികളും പവര്‍ ബാങ്കുകളും എയര്‍ പ്യൂരിഫയറുകളും വെയറബിള്‍സുമെല്ലാം ഷഓമി ഇന്ത്യയില്‍ വില്‍ക്കുന്നുണ്ടെങ്കിലും സ്മാര്‍ട്ട്‌ഫോണ്‍ കേന്ദ്രീകൃതം തന്നെയാണ് മുഖ്യ ബിസിനസ്.
പാട്ട് കേള്‍ക്കാന്‍ പൈസ കൊടുക്കുമോ
ഇതിനോടകം തന്നെ ആപ്പിള്‍ ചെയ്യാത്ത പരിപാടി നടപ്പാക്കാന്‍ ഷഓമി തുടങ്ങിയിട്ടുണ്ട്. ഫോണില്‍ പരസ്യങ്ങള്‍ കാണിക്കുകയെന്നത്. വരുമാനസ്ഥിരതയ്ക്കും ലാഭത്തിനും രണ്ട് മാര്‍ഗങ്ങള്‍ ഇപ്പോള്‍ കമ്പനിക്ക് മുന്നിലുള്ളതായാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഒന്ന് പരസ്യങ്ങളിലൂടെയുള്ളത്. അതിനായി കുറഞ്ഞ വിലയിലുള്ള ഫോണുകള്‍ കൂടുതല്‍ നിര്‍മിച്ച് വിറ്റഴിക്കുകയെന്ന തന്ത്രം തുടരേണ്ടി വരും. രണ്ടാമത്തേത് സേവനങ്ങള്‍ വരുമാനസ്രോതസുകളാക്കുകയെന്നതാണ്. ആപ്പിള്‍ എല്ലാം ചെയ്യുന്ന മാതൃകയുടെ വേറൊരു പതിപ്പ്. ചൈനയില്‍ ഷഓമിയെ സംബന്ധിച്ചിടത്തോളം അത് വിജയമായിരുന്നു. ഇന്ത്യയില്‍ ആകാന്‍ ഒരു സാധ്യതയുമില്ല. ഷഓമി ഫോണ്‍ ഉപയോഗിക്കുന്ന ഇന്ത്യക്കാര്‍ സേവനങ്ങള്‍ക്ക് പണം നല്‍കാന്‍ തയാറാകുന്ന തരത്തിലുള്ളവരല്ല എന്നതു തന്നെയാണ് കാരണം.
ഇന്റര്‍നെറ്റ് സര്‍വീസ് തട്ടിലേക്ക് പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള ഷഓമിയുടെ തന്ത്രം ഇന്ത്യന്‍ ഉപഭോക്താക്കള്‍ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് പ്രസക്തിയേ ഇല്ലെന്നും വാദങ്ങള്‍ വന്നുതുടങ്ങി.