ലോകമെങ്ങും ശ്രദ്ധയാകർശിച്ച് വരുന്ന ക്യാപ്സൂള്‍ ഹോട്ടല്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച് മലയാളികളായ സഹോദരങ്ങള്‍. ഹോസ്പ്പിറ്റാലിറ്റി രംഗത്ത് പുത്തൻ ആശയങ്ങളുമായി പല സംരംഭങ്ങളുണ്ടെങ്കിലും അവർക്കെല്ലാം ഒരു വെല്ലുവിളിയാണ് ഇവരുടെ ആശയം. വർഷങ്ങള്‍ക്ക് മുമ്പ് ജപ്പാനിലാണ് ക്യാപ്സൂള്‍ ഹോട്ടല്‍ എന്ന ആശയം വികസിപ്പിച്ചെടുത്തത്.
എന്താണ് ക്യാപ്സൂള്‍ ഹോട്ടല്‍ എന്നാവും പലരും ഇപ്പോ ചിന്തിക്കുന്നത്… കൂടുതല്‍ ആലോചിച്ച് കൂട്ടണ്ട… ഇത്രേയുള്ളൂ സംഗതി. താമസ ചിലവ് കൂടിയ വൻനഗരങ്ങളില്‍ യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർക്ക് ചുരുങ്ങിയ ചിലവില്‍ അത്യാധുനിക സൗകര്യങ്ങളോട് കൂടിയ കുഞ്ഞ് മുറികളുള്ള ഹോട്ടല്‍ സമുച്ചയങ്ങളില്‍ താമസിക്കാൻ അവസരം ഉണ്ടാകുക എന്നതാണ് ഇതിൻ്റെ പ്രത്യേകത.
പല വിദേശ രാജ്യങ്ങളിലും വളരെ നേരത്തെ തന്നെ ക്യാപ്സൂള്‍ ഹോട്ടലിൻ്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ വർഷമാണ് നമ്മുടെ ഇന്ത്യയില്‍ പ്രവർത്തനമാരംഭിച്ചത്. കാസർഗോട് ജില്ലയിലെ പടന്നയില്‍ നിന്നുള്ള എഞ്ചിനിയറുമാരായ ഷഹബാസ്, റസാക്ക്, ഫിറോസ് എന്നീ മൂന്ന് സഹോദരങ്ങള്‍ ചേർന്നാണ് മുംബൈയില്‍ ക്യൂബ് സ്റ്റേ എന്ന പേരില്‍ ബഡ്ജറ്റ് ക്യാപ്സൂള്‍ ഹോട്ടലിന് തുടക്കം കുറിച്ചത്.
കൊച്ച് കപ്പലിൻ്റെ രൂപത്തില്‍ രൂപ കല്‍പ്പന ചെയ്ത ഈ ക്യാപ്സൂള്‍ ഹോട്ടലിൻ്റെ ഉള്‍ഭാഗം ആരെയും ആകർശിക്കുന്നതാണ്.
മുംബൈിയില്‍ കപ്പല്‍ നിർമ്മാണ കമ്പനിയില്‍ എഞ്ചിനിയർ കൂടിയായ ഷഹബാസ് ഉണ്ടാക്കിയ ഡിസൈൻ എല്ലാവരുടെയും അഭിപ്രായങ്ങളും കൂട്ടിച്ചേർത്തു ഭംഗിയായി പൂർത്തികരിക്കുകയായിരുന്നു.
വിദേശ രാജ്യങ്ങളില്‍ നടപ്പിലാക്കുന്ന പല സംഗതികളും പരീക്ഷിക്കാനിറങ്ങുമ്പോള്‍ പല പ്രതിസന്ധികളും വെല്ലുവിളികളും നേരിടേണ്ടി വരും. പക്ഷെ ഈ മൂവർ സംഘത്തിന് അത്തരത്തില്‍ ഒന്നും തന്നെ നേരിടേണ്ടി വന്നിട്ടില്ല. അതിന് പ്രധാന കാരണം അവർക്ക് കിട്ടുന്ന പൂർണ്ണ പിന്തുണ തന്നെയാണ്. അത് മറ്റാരുമ്മല്ല തങ്ങളുടെ കുടുബത്തില്‍ നിന്ന് തന്നെയാണെന്ന് ഇവർ പറയുന്നു. 25 വർഷമായി പോസ്പ്പിറ്റാലിറ്റി രംഗത്ത് സജീവമായി പ്രവർത്തിച്ച് വരുന്ന ഒരു ഗ്രൂപ്പാണ് അർമ്മ ഗ്രൂപ്പ് ഓഫ് ഹോട്ടല്‍സ്. മുംബൈ ആസ്ഥാനമായാണ് അർമ്മ ഗ്രൂപ്പിൻ്റെ ബിസിനസ് സാമ്പ്രാജ്യം വളർന്ന് പന്തലിച്ചത്. ഉപഭോക്താക്കള്‍ക്ക് മിതമായ നിരക്കില്‍ മുംബൈ പോലുള്ള നഗരത്തില്‍ താമസ സൌകര്യം ഒരുക്കി നല്‍കുന്നതിന് മികച്ച ബഡ്ജറ്റ് ഹോട്ടല്‍ എന്ന അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഈ ഒരു അന്തരീക്ഷത്തില്‍ വളർന്ന് വന്നത് കൊണ്ടാവണം പുതിയ ഒരാശയത്തില്‍ സംരംഭം തുടങ്ങാൻ പ്രചോദനം ലഭിച്ചത്.
ബിസിനസ് മേഖലയില്‍ എങ്ങനെ പിടിച്ച് നില്‍ക്കണം ആ മേഖല എങ്ങനെ കൈകാര്യം ചെയ്യണം എന്നുള്ളതിനെക്കുറിച്ച് കാര്യമായി പറഞ്ഞു കൊടുക്കാൻ കുടുംബത്തില്‍ തന്നെ അവസരം കിട്ടുമ്പോള്ർ തുടങ്ങുന്ന സംരംഭത്തിന് ഇരട്ടി വിജയമായിരിക്കും. അർമ്മ ഗ്രൂപ്പിൻ്റെ ഡയറക്ടറുമാരായ അബ്ദുള്ളയും സഹോദരന്മാരും തങ്ങളുടെ യുവതലമുറയുടെ ആശയത്തിന് പൂർണ്ണ പിന്തുണ നല്‍കിയപ്പോള്‍ കാര്യങ്ങള്‍ എളുപ്പമായി.
കഴിഞ്ഞ വർഷമാണ് മുംബൈയില്‍ ആദ്യമായി ഇന്ത്യയിലെ ബഡ്ജറ്റ് ക്യാപ്സൂള്‍ ഹോട്ടല്‍ പ്രവർത്തനമാരംഭിക്കുന്നത്. മുംബൈയില്‍ എത്തുന്ന ട്രാവലേഴ്സിനും, ബിസിനസ് ആവശ്യങ്ങളുമായി നഗരത്തില്‍ എത്തുന്നവർക്കും പ്രൊജക്ട്, ഇൻ്റർവ്യൂ, ട്രെയിനിംഗ് ആവശ്യവുമായി എത്തുന്ന വിദ്യാർത്ഥികള്‍ക്കും ചുരുങ്ങിയ ചിലവില്‍ അത്യാധുനിക സൈകര്യത്തോടെ താമസ സൌകര്യം ഇവിടെ നിന്ന് ലഭ്യമാണ്. വളരെ ചുരുങ്ങിയ കാലം തന്നെ ഉപഭോക്താക്കളില്‍ നിന്ന് മികച്ച അഭിപ്രായമാണ് നേടിയെടുത്തത്.
മിതമായ നിരക്കില്‍ അത്യാധുനിക സൌകര്യത്തോടെ താമസ സൌകര്യം മുംബൈ നഗരത്തില്‍ കിട്ടുക എന്നത് അത്ര എളുപ്പമല്ല. ശീതീകരിച്ച മുറികളാണ് എല്ലാ തന്നെ. ഫ്രീ വൈ-ഫൈ ഉപയോഗിക്കാനും താമസിക്കുന്നവരുടെ ലഗ്ഗേജുകളും മറ്റും സുരക്ഷിതമായി വെക്കാനുമുള്ള സൌകര്യങ്ങളും ഉണ്ട്. കൂടാതെ ടിവി റൂം, ഗെയിം റൂം, വർക്കിംഗ് റും, കഫെറ്റേരിയയും ഉണ്ട്. 70 ഓളം റൂമുകളാണ് ഇവിടെയുള്ളത്. റൂമുകളെ ബിസിനസ് ബിസിനസ് ക്ലാസ്, ഫസ്റ്റ് ക്ലാസ്, എക്കോണമിക് ക്ലാസ് ഇങ്ങിനെ വേർതിരിച്ചിരിക്കുന്നു.
വരും നാളുകളില്‍ ഈ ഒരു സംരംഭം കൊച്ചിയിലും ബാംഗ്ലൂരിലും ചെന്നൈയിലും ആരംഭിക്കാൻ തയ്യാറെടുക്കുകയാണ്.