ജോലി ചെയ്യുന്ന കമ്പനിയില്‍ യാതൊരുവിധ ഉടമസ്ഥാവകാശവും അവര്‍ക്കുണ്ടായിരിക്കില്ല. അതേസമയം മറ്റൊരാളുടെ സംരംഭത്തെ വിപ്ലവാത്മകമായ രീതിയില്‍ മാറ്റി മറിക്കുന്നതിനായി അവര്‍ തങ്ങളുടെ പ്രതിഭയുടെ മുഴുവന്‍ ശേഷിയും ഉപയോഗപ്പെടുത്തും. പലപ്പോഴും പ്രശസ്തിയുടെ കൊടുമുടി കയറുന്നതാകട്ടെ ആ സംരംഭത്തിന് പിന്നിലെ മുതലാളി അഥവാ സംരംഭകന്‍ ആയിരിക്കും.
മാര്‍ക്ക് സക്കര്‍ബര്‍ഗ്, സ്റ്റീവ് ജോബ്‌സ്, ബില്‍ ഗേറ്റ്‌സ്, ലാറി പേജ്, ഇലോണ്‍ മസ്‌ക്ക് തുടങ്ങി അസംഖ്യം സംരംഭകരുടെ പേരുകള്‍ നമുക്ക് സുപരിചിതമാണെങ്കിലും മേല്‍പ്പറഞ്ഞ കൂട്ടരെ നമ്മള്‍ അത്ര കേള്‍ക്കാറില്ല. അവരാണ് ഇന്‍ട്രാപ്രണര്‍മാര്‍.
ഒരു കമ്പനി നടത്തുന്ന സംരംഭകന്‍ ആദ്യം ചെയ്യേണ്ടത് ഇത്തരത്തിലുള്ള ജോലിക്കാരെ തിരിച്ചറിയുകയെന്നതാണ്. അതിന് സാധിച്ചാല്‍ പിന്നെ തിരിഞ്ഞുനോക്കേണ്ട
ഇന്നത്തെ കാലത്ത് കുതിക്കാന്‍ ആഗ്രഹിക്കുന്ന കമ്പനികളുടെയെല്ലാം നട്ടെല്ല് ഇത്തരം ജീവനക്കാരാണ്. ഇവരില്ലെങ്കില്‍ ഏത് സ്റ്റാര്‍ട്ടപ്പ് സംരംഭമാണെങ്കിലും വിജയം ഒരു പരിധിക്കപ്പുറമുണ്ടാകില്ല. കമ്പനിക്കുള്ളില്‍ ജോലി ചെയ്യുന്ന ജീവനക്കാര്‍ തന്നെ, എന്നാല്‍ ഇവരുടെ ഓരോ ചലനവും വാക്കും നടപടിയും ഉണ്ടാകുന്നത് കമ്പനി അവരുടേതു കൂടിയാണെന്ന വികാരത്തില്‍ നിന്നായിരിക്കും…സംരംഭകരെ പോലെ പെരുമാറുന്ന ജീവനക്കാര്‍ എന്ന് ഇവരെ ലളിതമായി വിശേഷിപ്പിക്കാം.
ഓണ്‍ട്രപ്രണര്‍ഷിപ്പ് പോലെ പ്രധാനം തന്നെയാണ് ഇന്‍ട്രാപ്രണര്‍ഷിപ്പ് എന്നതും. കമ്പനികള്‍ക്കുള്ളിലെ സംരംഭകരാണ് ഇവര്‍. അല്ലെങ്കില്‍ സംരംഭകത്വവികാരത്തോടെ ജോലി ചെയ്യുന്ന ജീവനക്കാര്‍.
കമ്പനിയുടെ വളര്‍ച്ചയ്ക്കായി നവീന ആശയങ്ങള്‍ മുതലാളി അഥവാ സംരംഭകന്‍ പറയാതെതന്നെ ഇന്‍ട്രാപ്രണര്‍മാര്‍ കണ്ടെത്തുന്നു. ഗൂഗിള്‍, ഫേസ്ബുക്ക്, വിപ്രോ പോലുള്ള കമ്പനികളുടെ വിജയകഥയ്ക്ക് പിന്നില്‍ ഇത്തരത്തിലുള്ള നിരവധി ഇന്‍ട്രാപ്രണര്‍മാരുണ്ട്.
എന്താണ് സംരംഭകന്റെ ജോലി
കിട്ടുന്ന ശമ്പളത്തിന്റെ മാത്രം അടിസ്ഥാനത്തിലല്ല ഇന്‍ട്രാപ്രണര്‍മാര്‍ കമ്പനിയില്‍ ജോലിചെയ്യുന്നത്. അവരുടെ ഇന്നൊവേറ്റിവ് ആയ ആശയങ്ങള്‍ നടപ്പാക്കാനുള്ള ആവാസവ്യവസ്ഥ തങ്ങളുടെ തൊഴിലിടങ്ങളിലുണ്ടോ, അതിന് മുതലാളി അല്ലെങ്കില്‍ സ്ഥാപന മേധാവി എത്രമാത്രം പിന്തുണ നല്‍കുന്നുണ്ട് തുടങ്ങിയ കാര്യങ്ങളെല്ലാമാണ് ഇവര്‍ക്ക് പ്രധാനം.
ഓണ്‍ട്രപ്രണര്‍ഷിപ്പ് പോലെ പ്രധാനം തന്നെയാണ് ഇന്‍ട്രാപ്രണര്‍ഷിപ്പ് എന്നതും. കമ്പനികള്‍ക്കുള്ളിലെ സംരംഭകരാണ് ഇവര്‍
യഥാര്‍ത്ഥത്തില്‍ നല്ലൊരു മുതലാളി ചെയ്യേണ്ടത് ഒരു സംരംഭകത്വാന്തരീക്ഷം കമ്പനികളില്‍ സൃഷ്ടിച്ചെടുക്കുകയും കൂടുതല്‍ ഇന്‍ട്രാപ്രണര്‍മാര്‍ക്ക് വളര്‍ന്ന് വരാനുള്ള അവസരമൊരുക്കുകയുമാണ്. അതില്‍ വിജയിച്ചാല്‍ ബാക്കി കാര്യങ്ങള്‍ അവര്‍ നോക്കിക്കോളും. മുതലാളിക്കോ സംരംഭകനോ സ്വസ്ഥമായി കമ്പനിയുടെ വളര്‍ച്ചയുടെ പുതിയ തലങ്ങളെ കുറിച്ച് ചിന്തിക്കുകയും നടപ്പിലാക്കുകയും ചെയ്യാം. ഇത്തരത്തിലുള്ള ജീവനക്കാരെ കണ്ടെത്തി എന്തുവില കൊടുത്തും പിടിച്ചു നിര്‍ത്തുക. അതാണ് ശരിയായ ബിസിനസ് തന്ത്രം.