സെമികണ്ടക്ടർ മേഖലയിലെ പ്രമുഖ സാങ്കേതിക വിദ്യാ ദാതാക്കളായ ഐറിഷ് കമ്പനി TRASNA കേരളത്തിൽ. അഡ്വാൻസ്ഡ് സെമികണ്ടക്ടർ, ഇൻ്റർനെറ്റ് ഓഫ് തിങ്ങ്സ് മേഖലയിൽ പ്രവർത്തിക്കുന്ന അയർലൻ്റ് ആസ്ഥാനമായുള്ള ട്രാസ്ന സൊല്യൂഷൻസ് ടെക്നോളജി ലിമിറ്റഡ് കേരളത്തിലും പ്രവർത്തനം ആരംഭിച്ചു. ഇക്കാര്യം വ്യവസായ മന്ത്രി പി രാജീവ് അദ്ദേഹത്തിൻ്റെ ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. സെമികണ്ടക്ടർ ഡിസൈൻ, എഡ്ജ് കംപ്യൂട്ടിങ്ങ്, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബ്ലോക്ക് ചെയിൻ മേഖലകളിൽ പ്രാവീണ്യമുള്ള കമ്പനി കേരളം മുന്നോട്ടുവെക്കുന്ന നൂതന വ്യവസായങ്ങളുടെ കൂട്ടത്തിലുള്ളതാണ്. ഗുജറാത്ത് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾ കമ്പനി തങ്ങളുടെ നാട്ടിൽ വരണമെന്ന താൽപര്യം പ്രകടിപ്പിച്ചിരുന്നെങ്കിലും കേരളത്തെയാണ് ട്രാസ്ന തെരഞ്ഞെടുത്തത് എന്നത് ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന കാര്യമാണ്. കേരളത്തിലെ യൂണിറ്റ് പ്രധാനമായും സെമികണ്ടക്ടർ, ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ഇ-സിം എന്നിവയുടെ ഡിസൈൻ സെൻ്റർ എന്ന നിലയിലായിരിക്കും പ്രവർത്തിക്കുക. ഡിജിറ്റൽ സയൻസ് പാർക്കിന് സമീപം 2 ഏക്കറിലായി തിരുവനന്തപുരത്ത് ആരംഭിക്കുന്ന കമ്പനി ടെക്നോപാർക്കിലും ഓഫീസ് ആരംഭിച്ചിട്ടുണ്ട്. തുടർന്നും കമ്പനി വിപുലീകരിക്കുമെന്ന മാനേജ്മെൻ്റിൻ്റെ ഉറപ്പ് കേരളം അത്രമേൽ നിക്ഷേപകർക്ക് സംരംഭക സൗഹൃദമായി തോന്നുന്നു എന്നതിൻ്റെ തെളിവ് കൂടിയാണെന്ന് മന്തി പറഞ്ഞു.