ചക്കക്ക് ഇങ്ങ് കേരളത്തില്‍ മാത്രമല്ല കടല്‍ കടന്ന് അങ്ങ് ബ്രസീലിലുമുണ്ട് പിടി. ബ്രസീല്‍ എംബസിയുടെ വിരുന്നിന് വേണ്ടി അറുപത് കിലോ ആയുര്‍ ജാക്ക് ചക്കകളാണ് അയച്ച് കൊടുത്തത്.വര്‍ഷം മുഴുവന്‍ ചക്ക വിളയിപ്പിക്കുന്ന ഫാമിന്റെ ഉടമയായ വര്‍ഗീസ് തരകനെ ബ്രസീലുകാര്‍ ഇൻ്റർനെറ്റിലൂടെയാണ് കണ്ടെത്തിയത്.
ചൊവ്വാഴ്ച ബ്രസീലിന്റെ റിപ്പബ്ലിക് ദിനമാണ്. എംബസിയില്‍ ആഘോഷവും തുടര്‍ന്ന് വിരുന്നുമുണ്ട്. ഈ വിരുന്നിലേക്ക് വിളമ്പാന്‍ ബ്രസീലിയന്‍ ഡെസേര്‍ട്ട് എന്ന വിഭവത്തിന് ചക്ക വേണം. ആ അന്വേഷണമാണ് തൃശൂരിലെ വര്‍ഗീസ് തരകന്റെ ഫാമില്‍ എത്തിയത്. പിന്നെ ഒന്നും നോക്കിയല്ല പഴുക്കാറായ ചക്ക വിമാനമാര്‍ഗം അയച്ച് കൊടുക്കുകയായിരുന്നു.
തൃശൂര്‍ കുറുമാല്‍ക്കുന്നിലെ അഞ്ചേക്കര്‍ സ്ഥലത്താണ് തരകന്റെ ഫാം. ആറുമുതല്‍ 12 വര്‍ഷം വരെയായ റബ്ബർ മാറ്റിയിട്ടാണ് ചക്കക്ക് സ്ഥലമൊരുക്കിയത്. ആയിരത്തോളം പ്ലാവുകളാണ് ഇവിടെയുള്ളത്.
വര്‍ഷത്തില്‍ 365 ദിവസവും ഇവിടെ ചക്ക കിട്ടുമെന്നതാണ് പ്രത്യേകത. ഇതിനനുസരിച്ചാണ് കൃഷി ക്രമീകരിച്ചിട്ടുള്ളത്. വറ്റിവരണ്ട കുറുമാല്‍കുന്നില്‍ നിലവില്‍ ജലസമ്പുഷ്ടിയുണ്ടാക്കാന്‍ ഈ ചക്കത്തോട്ടത്തിനു കഴിഞ്ഞുവെന്നതും പ്രത്യേകതയാണ്. അധികം പൊക്കത്തില്‍ വളരാത്ത വരിക്ക പ്ലാവുകളാണ് ഇവിടെയുള്ളത്. ആയുര്‍ജാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഇവ ഒന്ന് മുതല്‍ മൂന്ന് കൊല്ലം കൊണ്ട് കായ്ക്കുന്ന പ്ലാവുകളാണ്. എല്ലാ വർഷവും രണ്ട് തവണ കായ്ക്കുകയും ചെയ്യും. രാജ്യത്തിനകത്തും പുറത്തു നിന്നുമുള്ള ഒട്ടേറെ
സര്‍വകലാശാല വിദ്യാര്‍ഥികളും ഈ തോട്ടം സന്ദര്‍ശിക്കാന്‍ ഇതിനോടകം എത്തിയിട്ടുണ്ട്.