കേരളത്തില്‍ ഇനി മുതല്‍ കെ ഫോണ്‍. കേരള സര്‍ക്കാരിന്റെ അഭിമാന പദ്ധതിയാണ് കെ ഫോണ്‍. മുഖ്യമന്ത്രിയുടെ ഫേസ്ബുക്കിലൂടെയാണ് കെ ഫോണ്‍ പദ്ധതിയെക്കുറിച്ച് പറഞ്ഞത്. പിന്നോക്ക മേഖലയിലുള്ള ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ ലഭ്യമാക്കാനാണ് പദ്ധതി വഴി ലക്ഷ്യമിടുന്നത്. കൂടാതെ കെ ഫോണിന്റെ (കേരള ഫൈബര്‍ ഒപ്റ്റിക് നെറ്റുവര്‍ക്ക്) ശ്യംഖല ഉപയോഗിച്ച് ഐഡിയ, ബിഎസ്എന്‍എല്‍, ജിയോ പോലെ ഏത് ഇന്റര്‍നെറ്റ് സേവനദാതാവിനും അതിവേഗ ഇന്റര്‍നെറ്റ് ലഭ്യമാക്കാന്‍ സാധിക്കും ഈ പദ്ധതി വഴി. കെ ഫോണുമായി സഹകരിച്ച് കേബിള്‍ ടിവി ഓപ്പററ്റേര്‍മാര്‍ക്ക് അവരുടെ സേവനങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കാനും അവസരമുണ്ട്.
കെഎസ്ഇബിയും കേരളാ സ്റ്റേറ്റ് ഐടി ഇന്‍ഫ്രാസ്‌ട്രെക്ടര്‍ ലിമിറ്റടും ചേര്‍ന്നുള്ള സംരംഭമാണ് കെ ഫോണ്‍ പദ്ധതി. പദ്ധതിയുടെ ടെന്‍ഡര്‍ നല്‍കിയിരിക്കുന്നത് ഭാരത് ഇല്കട്രോണിക്‌സ് ലിമിറ്റഡിനാണ്. 2020 ഡിസംബര്‍ മാസത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.
1531 കോടി ചെലവില്‍ പ്രതിരോധ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ് (ബെല്‍) നേതൃത്വം നല്‍കുന്ന കണ്‍സോര്‍ഷ്യമാണ് പദ്ധതി നടപ്പാക്കുന്നത്.
ഫേസ്ബുക്കിൻ്റെ പൂർണ്ണരൂപം:
കെ-ഫോണ്‍
സംസ്ഥാനത്തിന്റെ സ്വപ്ന പദ്ധതിയായ കെ ഫോണ്‍ പദ്ധതിയുടെ അടിസ്ഥാന പ്രവര്‍ത്തികള്‍ പൂര്‍ത്തിയാകുന്നു. ഈ ഘട്ടത്തില്‍ എന്താണ് കെ ഫോണ്‍ പദ്ധതി എന്ന ചോദ്യം പലരും ഉന്നയിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ ഫോണ്‍ പദ്ധതിയെ കുറിച്ചുള്ള കുറിപ്പ് .
എന്താണ് കെ-ഫോണ്‍ പദ്ധതി?
എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് അവകാശമാക്കി പ്രഖ്യാപിച്ച സംസ്ഥാനമാണ് കേരളം. അത് പ്രഖ്യാപനം മാത്രമല്ല. എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് എന്നത് യാഥാര്‍ത്ഥ്യമാക്കും. അതിനായാണ് കെ ഫോണ്‍ പദ്ധതി നടപ്പാക്കുന്നത്. പിന്നോക്കമേഖലയിലെ ഇരുപത് ലക്ഷം കുടുംബങ്ങള്‍ക്ക് സൗജന്യമായി ഹൈസ്പീഡ് ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കാനാണ് കെ-ഫോണ്‍ പദ്ധതി വഴി ലക്ഷ്യമിടുന്നത്. ബാക്കി ഉള്ളവര്‍ക്ക് കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ് ലഭ്യമാക്കും.
എങ്ങനെയാണ് പദ്ധതി നടപ്പാക്കുന്നത്?
സംസ്ഥാനത്ത് സുശക്തമായ ഒരു ഒപ്റ്റിക്കല് ഫൈബര്‍ ശൃംഖല സ്ഥാപിച്ചു, അത് വഴി വീടുകളിലും ഓഫിസുകളിലും അതിവേഗ ഇന്റര്‍നെറ്റ് കണക്ഷന്‍ നല്‍കുന്നതാണ് പദ്ധതി. കെ എസ് ഇ ബി യും കേരളാ സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രെക്ടര്‍ ലിമിറ്റഡും ചേര്‍ന്നുള്ള സംയുക്ത സംരംഭം വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡിനാണ് പദ്ധതിയുടെ ടെന്‍ഡര്‍. 2020 ഡിസംബറോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം. ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍ ലൈസെന്‍സ് ഉള്ളവര്‍ക്ക് ഈ പദ്ധതിയിലൂടെ അവരുടെ സേവനങ്ങള്‍ ജനങ്ങളില്‍ എത്തിക്കാനും കഴിയും. കേബിള്‍ ടിവി ഓപ്പറേറ്റര്‍മാര്‍ക്കും അവരുടെ സേവനങ്ങള്‍ മികച്ച രീതിയില്‍ ജനങ്ങളിലേക്ക് എത്തിക്കുവാന്‍ കെ-ഫോണുമായി സഹകരിക്കാനുള്ള അവസരവും ഉണ്ട്.
എന്താണ് കെ-ഫോണ്‍ പദ്ധതി ഉണ്ടാക്കാന്‍ പോകുന്ന ചലനം ?
ഇന്റര്‍നെറ്റ് അവകാശമായി പ്രഖ്യാപിച്ച സംസ്ഥാനത്ത് കെ-ഫോണ്‍ വഴി സംസ്ഥാനത്ത് എല്ലാവര്‍ക്കും അറിവിന്‍റെ വാതായനങ്ങള്‍ തുറന്നിടും. ഈ മേഖലയിലെ കുത്തകവല്‍ക്കരണം ചെറുത്തു കൊണ്ട് സംസ്ഥാന സര്‍ക്കാരിന്‍റെ നിയന്ത്രണത്തില്‍ എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും തുല്യമായ അവസരം നല്‍കുന്ന ഒപ്റ്റിക്കല്‍ ഫൈബര്‍ നെറ്റ്വര്‍ക്ക് നിലവില്‍ വരും. സംസ്ഥാനത്തെ വിദ്യാഭ്യാസ രംഗം വിപ്ലവകരമായ മാറ്റങ്ങളുടെ അടുത്ത ഘട്ടത്തിലേക്ക് കടക്കും.
സംസ്ഥാനത്തെ ഐ ടി മേഖലയില്‍ വന്‍ കുതിപ്പ് സാധ്യമാകും
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ബ്ലോക്ക് ചെയിന്‍, ഇന്റര്‍നെറ്റ് ഓഫ് തിങ്ക്സ്, സ്റ്റാര്‍ട്ട് അപ്പ് മേഖലകളില്‍ കുതിച്ചു ചാട്ടം പ്രതീക്ഷിക്കാം .
30000 ല്‍ അധികം സര്‍ക്കാര്‍ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 10 mbps തൊട്ട് 1 gbps വേഗതയില്‍ നെറ്റ് കണക്ഷന്‍ ലഭ്യമാക്കും.
സര്‍ക്കാര്‍ സേവനങ്ങളെ കൂടുതല്‍ ഡിജിറ്റലാക്കാം.
ഇ – ഹെല്‍ത്ത് പോലുള്ള പദ്ധതി നടപ്പിലാക്കാനാകും.
കേബിള്‍ ടി വി ക്കാര്‍ക്ക് ഉപയോഗിക്കാം.
ഐ ടി പാര്‍ക്കുകള്‍, എയര്‍ പോര്‍ട്ട്, തുറമുഖം തുടങ്ങിയവിടങ്ങളിലേക്ക് ഹെസ്പീഡ് കണക്റ്റിവിറ്റി ലഭ്യമാക്കും.
ട്രാഫിക് മാനേജ് മെന്റിനുള്ള സൗകര്യം ലഭ്യമാകും.
ഗ്രാമങ്ങളില്‍ ചെറുകിട സംരംഭങ്ങള്‍ക്ക് ഇ കോമേഴ്സ് വഴി വില്‍പ്പന നടത്താം.
പദ്ധതി എവിടെ എത്തി?
28000 കിലോ മീറ്റര്‍ നീളത്തില്‍ കോര്‍ നെറ്റ് വര്‍ക്ക് സര്‍വ്വെ പൂര്‍ത്തീകരിച്ചു.
പദ്ധതി ലഭ്യമാക്കേണ്ട ഓഫീസുകളെ സംബന്ധിച്ച ഓഫീസുകളിലെ സര്‍വ്വെ നടക്കുന്നു.
2020 അവസാനത്തോടെ പദ്ധതി പൂര്‍ത്തീകരിക്കുകയാണ് ലക്ഷ്യം.