സ്റ്റീല്‍ ബാര്‍ വില്‍പ്പനയില്‍ 2023 ഓടെ ആയിരം കോടി രൂപയുടെ വിറ്റുവരവ് ലക്ഷ്യമാക്കി സ്റ്റീല്‍ വ്യവസായ രംഗത്തെ പ്രമുഖ കമ്പനി കള്ളിയത്ത് ഗ്രൂപ്പ്. നടപ്പു സാമ്പത്തിക വര്‍ഷം 700 കോടിയുടെ വിറ്റുവരവാണ് പ്രതീക്ഷിക്കുന്നതെന്നും കള്ളിയത്ത് ഗ്രൂപ്പ് എംഡി നൂര്‍ മുഹമ്മദ് നൂര്‍ഷാ കള്ളിയത്ത്, എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ദിര്‍ഷ മുഹമ്മദ് കള്ളിയത്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
90-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റീല്‍ വ്യവസായരംഗത്തെ പ്രമുഖ സ്ഥാപനവും കേരളത്തിലെ ആദ്യത്തെ ടിഎംടി സ്റ്റീല്‍ ബാര്‍ നിര്‍മാതാക്കളുമായ കള്ളിയത്ത് ഗ്രൂപ്പ് 100-ാം വര്‍ഷത്തിലേക്കായി നൂതന പദ്ധതികള്‍ക്കും തുടക്കം കുറിച്ചിട്ടുണ്ട്. 1929ല്‍ കള്ളിയത്ത് അബ്ദുള്‍ ഖാദര്‍ ഹാജി സ്ഥാപിച്ച കമ്പനി 90-ാം വര്‍ഷത്തില്‍ ഫാക്ടറിയുടെ നവീകരണം ഉള്‍പ്പെടെ വിവിധ പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചിരിക്കുന്നത്. ഉപഭോക്താക്കളോടുള്ള പ്രതിബദ്ധത വ്യക്തമാക്കികൊണ്ട് വരും വര്‍ഷങ്ങളില്‍ നൂതനമായ കൂടുതല്‍ ഉല്‍പന്നങ്ങള്‍ വിപണിയില്‍ എത്തിക്കാന്‍ കമ്പനി ആലോചിക്കുന്നുണ്ട്.
കമ്പനിയുടെ പാലക്കാട്ടെ അത്യാധുനിക സൗകര്യങ്ങളുള്ള ഫാക്ടറിയുടെ ഉത്പാദനശേഷി ഈയടുത്തിടെ വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി 40 ടണ്ണായിരുന്ന ഉത്പാദനശേഷി 200 ടണ്ണായി ഉയര്‍ത്തി. ഇതിന് പുറമേ ഉല്‍പന്നങ്ങളുടെ ഗുണനിലവാരം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് പിഎല്‍സി കണ്‍ട്രോള്‍ഡ് കണ്ടിന്യൂയസ് ലീനിയര്‍ റോളിങ് മില്‍ ഉള്‍പ്പെടെയുള്ള പുത്തന്‍ സാങ്കേതികവിദ്യകള്‍ സംയോജിപ്പിക്കുകയും ചെയ്തിട്ടുണ്ട്. സ്റ്റീല്‍ ബില്ലെറ്റുകള്‍ 23 പാസുകളിലൂടെ കടന്നു പോകുമ്പോള്‍ സെക്കന്‍ഡില്‍ 30 മീറ്റര്‍ എന്ന മികച്ച ഉത്പാദനവേഗത കൈവരിക്കാന്‍ സാധിക്കുന്നുവെന്നതാണ് പിഎല്‍സി കണ്‍ട്രോള്‍ഡ് കണ്ടിന്യൂയസ് ലീനിയര്‍ റോളിങ് മില്ലിന്റെ സവിശേഷത. ടിഎംടി ബാറുകളുടെ താപനില ഒരുപോലെ നിലനിര്‍ത്താന്‍ സഹായിക്കുന്നുവെന്നത് കൂടാതെ ടിഎംടി ബാറുകളുടെ ഗ്രേഡ്, ഗുണമേന്മ, റിബ്, സെക്ഷന്‍ വെയ്റ്റ്, കരുത്ത് എന്നിവയില്‍ സ്ഥിരത നേടുവാനും ഇത് സഹായിക്കുന്നു. കൂടാതെ മിസ് റോള്‍, ബേണിങ് ലോസ്, റിജക്ഷന്‍, ബ്രേക്ക് ഡൗണ്‍ എന്നിവ ഇല്ലാതാക്കാനും ഇതുകൊണ്ട് സാധിക്കുന്നു. ടിഎംടി ബാറുകളുടെ ഗുണമേന്മ ഉറപ്പാക്കാന്‍ തുരുമ്പെടുക്കാതിരിക്കാനുള്ള സാങ്കേതികവിദ്യയും കമ്പനി ഉപയോഗിക്കുന്നു.
കഴിഞ്ഞ 90 വര്‍ഷത്തിനിടെ മറ്റേതൊരു ടിഎംടി ബ്രാന്‍ഡുകളേക്കാളും മികച്ച നേട്ടങ്ങള്‍ കൈവരിക്കാന്‍ കള്ളിയത്തിന് കഴിഞ്ഞിട്ടുണ്ടെന്ന് കള്ളിയത്ത് ഗ്രൂപ്പ് എംഡി നൂര്‍ മുഹമ്മദ് നൂര്‍ഷാ കള്ളിയത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഉപഭോക്താക്കള്‍, ഡീലര്‍മാര്‍, ജീവനക്കാര്‍ തുടങ്ങി നിരവധി പേരുടെ പിന്തുണയോടെയാണ് ഇത് സാധ്യമായതെന്നും അദ്ദേഹം പറഞ്ഞു. 100 വര്‍ഷം തികയ്ക്കുന്നതിന് മുന്നോടിയായി പുത്തന്‍ സാങ്കേതികവിദ്യയിലൂടെ ഫാക്ടറിയുടെപ്രവര്‍ത്തനശേഷി ഉയര്‍ത്തുന്നതിനോടൊപ്പം പുതിയ ലക്ഷ്യങ്ങളും കമ്പനി നിശ്ചയിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
കള്ളിയത്ത് ടിഎംടി ഫാക്ടറിയില്‍ സ്ഥാപിച്ചിട്ടുള്ള ദക്ഷിണേന്ത്യയിലെ തന്നെ ആദ്യത്തെ ഫുള്ളി ഓട്ടോമേറ്റഡ് ഫര്‍ണസ് മികച്ച ഊര്‍ജക്ഷമത കൈവരിക്കാനും മലിനീകരണം നിയന്ത്രിക്കാനും സഹായിക്കുന്നു. ആധുനിക റെക്യുപറേറ്റര്‍ ഉള്ളതിനാല്‍ ഈ ഫര്‍ണസ്സില്‍ ഊര്‍ജം പുനരുപയോഗിക്കാന്‍ സാധിക്കുന്നുവെന്നതും ഇതിന്റെ പ്രധാന സവിശേഷതകളില്‍ ഒന്നാണ്. അത്യാധുനിക മലിനീകരണ നിയന്ത്രണ സംവിധാനങ്ങളോടുകൂടിയ ഈ ഫര്‍ണസ് പൂര്‍ണമായും മാലിന്യരഹിത ഉത്പാദനം ഉറപ്പാക്കുന്നു. കൂടാതെ ഊര്‍ജനഷ്ടം ഇല്ലാതാക്കി നിര്‍മാണശേഷി മണിക്കൂറില്‍ 24 ടണ്‍ ആയി ഉയര്‍ത്താനും സാധിക്കുന്നുവെന്നും നൂര്‍ മുഹമ്മദ് നൂര്‍ഷാ കള്ളിയത്ത് വിശദീകരിച്ചു. പേറ്റന്റ് ചെയ്ത ഹൈഡ്രോമാക്സ് ടെക്നോളജിയോട് കൂടിയ കൂളിംഗ് ബോക്സാണ് കള്ളിയത്ത് സ്വീകരിച്ചിരിക്കുന്ന മറ്റൊരു നൂതന സംവിധാനമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഫാക്ടറിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി വിദഗ്ധ സംഘത്തെ നിയോഗിക്കുന്നതിന് പുറമേ വിവിധ സുരക്ഷാ നടപടികള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്. 700 കോടി രൂപയുടെ വാര്‍ഷിക വിറ്റുവരവുള്ള കള്ളിയത്തിന് പാലക്കാട്, എറണാകുളം എന്നിവിടങ്ങളില്‍ സ്റ്റോക്ക് യാര്‍ഡുകളും അയല്‍ സംസ്ഥാനങ്ങളില്‍ വിതരണ ശൃംഖലയുമുണ്ട്.
90-ാം വാര്‍ഷികത്തിന്റെ ഭാഗമായി സ്റ്റാര്‍ട്ടപ്പുകള്‍ക്കായി ഒരു സഹായപദ്ധതിയും കമ്പനി തുടക്കം കുറിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അടുത്ത 10 വര്‍ഷത്തില്‍ എല്ലാ വര്‍ഷവും തെരഞ്ഞെടുക്കപ്പെടുന്ന മികച്ച ബിസിനസ് ആശയവുമായി വരുന്ന യുവസംരംഭകര്‍ക്ക് കമ്പനി സഹായം നല്‍കും. കമ്പനിയിലെ ആഭ്യന്തര സംഘമാണ് ബിസിനസ് ആശയം തെരഞ്ഞെടുക്കുകയെന്നും കള്ളിയത്ത് ഗ്രൂപ്പ് എക്സിക്യുട്ടിവ് ഡയറക്ടര്‍ ദിര്‍ഷ മുഹമ്മദ് കള്ളിയത്ത് അറിയിച്ചു.
കമ്പനി കൈവരിച്ച ബിസിനസ് അഭിവൃദ്ധി സമൂഹത്തിലെ നാനതുറകളിലുള്ളവര്‍ക്കും പ്രയോജനപ്പെടണമെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ വിവിധ സാമൂഹ്യക്ഷേമ പ്രവര്‍ത്തനങ്ങളിലും കള്ളിയത്ത് ഏര്‍പ്പെടുന്നുണ്ട്. ഇതിന്റെ ഭാഗമായി സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന മിടുക്കരായ വിദ്യാര്‍ഥികള്‍ക്കായി കള്ളിയത്ത് വിദ്യാമിത്ര സ്‌കോളര്‍ഷിപ്പ്, സ്‌കൂള്‍ കിറ്റ് എന്നിവ നല്‍കിവരുന്നുണ്ട്. ഇതിന് പുറമേ സ്‌കൂളുകളിലെ വിദ്യാഭ്യാസ നിലവാരം ഉയര്‍ത്തുന്നതിനായി സ്മാര്‍ട്ട് ക്ലാസ്റൂമുകള്‍ സൃഷ്ടിക്കുന്നതിന് ആവശ്യമായ പ്രവര്‍ത്തനങ്ങളും കമ്പനി നടത്തുന്നു.