Kerala Bank; കഴിഞ്ഞ സാമ്പത്തിക വർഷം ഒന്നേകാൽ ലക്ഷം കോടി രൂപയുടെ ബിസിനസ് നേട്ടം പൂർത്തിയാക്കാൻ കഴിഞ്ഞത് കേരള ബാങ്കിനെ സംബന്ധിച്ച് അഭിനന്ദനാർഹമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള ബാങ്ക് സംഘടിപ്പിച്ച ഐടി കോൺക്ലേവ് കൊച്ചിയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പലകാര്യങ്ങളിലും മാതൃകയായ സംസ്ഥാനം, ബാങ്കിംഗ് മേഖലയിൽ നടത്തിയ മാതൃകപരമായ ഇടപെടലായിരുന്നു കേരള ബാങ്കിന്റെ രൂപീകരണം. ചുരുങ്ങിയ കാലം കൊണ്ട് സാധാരണക്കാരായവർക്ക് അവരുടെ ജീവിതത്തിൽ പ്രയോജനകരമായ നിരവധി കാര്യങ്ങൾ ചെയ്യാൻ കേരള ബാങ്കിന് കഴിഞ്ഞുവെന്നത് ഏറെ സന്തോഷം നൽകുന്ന ഒന്നാണ്. 50,000 കോടി രൂപ വായ്പ നൽകിയ അഞ്ച് ധനകാര്യ സ്ഥാപനങ്ങളിൽ ഒന്നായി മാറാൻ കഴിഞ്ഞു. ഇതിൽ 27 ശതമാനം കാർഷിക മേഖലയ്ക്ക് വിതരണം ചെയ്തുകൊണ്ട് കാർഷിക രംഗത്തിന് മുന്തിയ പരിഗണ നൽകാൻ കഴിഞ്ഞുവെന്നത് ശ്രദ്ധേയമാണ്. നബാർഡ് നിർദേശാനുസൃതമായ വിധത്തിൽ ധനകാര്യസ്ഥാപനങ്ങൾക്ക് വളരാൻ കഴിയുമെന്ന് കേരള ബാങ്കിന് തെളിയിക്കാൻ കഴിഞ്ഞു. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങളോടുള്ള കേരള ബാങ്കിന്റെ നിലവിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ ഐ ടി വികസനത്തിലൂടെ കഴിയണം. പ്രാഥമിക കാർഷിക സഹകരണ സംഘങ്ങൾക്ക് കേരള ബാങ്ക് വഴികാട്ടിയാവണമെന്നും പ്രാഥമിക സംഘങ്ങൾ കേരള ബാങ്കിന്റെ കരങ്ങളായി മാറണമെന്നും അദ്ദേഹം പറഞ്ഞു.
സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ചടങ്ങിൽ അദ്ധ്യക്ഷനായി. നബാർഡ് ചെയർമാൻ കെ വി ഷാജി, മേയർ അഡ്വ. എം അനിൽകുമാർ, കേരള ബാങ്ക് പ്രസിഡന്റ് ഗോപി കോട്ടമുറിക്കൽ എന്നിവർ സംസാരിച്ചു. കേരളത്തിന്റെ സമ്പദ് വ്യവസ്ഥയ്ക്ക് അനുയോജ്യമായ പദ്ധതികളുണ്ടാക്കാൻ കഴിയുമെന്ന സവിശേഷത കേരള ബാങ്കിനുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ നബാർഡ് ചെയർമാൻ കെ വി ഷാജി പറഞ്ഞു. ചടങ്ങിൽ കേരള ബാങ്കിന്റെ ഐ ടി സംയോജനം സംബന്ധിച്ച് പുറത്തിറക്കിയ ഹാൻഡ് ബുക്ക് മുഖ്യമന്ത്രി നബാർഡ് ചെയർമാൻ നൽകി പ്രകാശനം ചെയ്തു. സ്റ്റാർട്ട് അപ്പ് മിഷനുമായി ചേർന്ന് ആരംഭിക്കുന്ന ഫിൻടെക് ഇന്നോവേഷൻ ഹബ് സംബന്ധിച്ച ധാരണപത്രം വ്യവസായ വകുപ്പ് മന്ത്രി പി. രാജീവിന്റെ സാന്നിധ്യത്തിൽ കൈമാറി. എസ് എച്ച് ജികൾക്കുള്ള മണിപേഴ്സ് ഡിജിറ്റൽ ആപ്പ്, ഇ-കെ വൈ സി മുഖേന അക്കൗണ്ട് ഓപ്പൺ ചെയ്യാൻ കഴിയുന്ന മൈക്രോ എ ടി എം എന്നിവയുടെ വിതരണം ചടങ്ങിൽ നബാർഡ് ചെയർമാൻ നിർവ്വഹിച്ചു. ഐ ടി സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് സുധീർ ബാബു, വിശാൽ ദീക്ഷിത് എന്നിവർ പ്രബന്ധങ്ങൾ അവതരിപ്പിച്ചു. തുടർന്ന് ഫിൻടെക് ഇന്നോവേഷൻ പ്രതീക്ഷകളും സാധ്യതകളും വെല്ലുവിളികളുമെന്ന വിഷയത്തിൽ നടന്ന പാനൽ ചർച്ചയ്ക്ക് കേരള ബാങ്ക് സി ഇ ഒ ജോർട്ടി എം ചാക്കോ നേതൃത്വം നൽകി. കേരള സ്റ്റാർട്ട് അപ്പ് മിഷൻ സിഇഒ അനൂപ് അംബിക, കെഎസ്എഫ്ഇ സിഇഒ ഡോ.സനിൽ എസ് കെ എന്നിവർ പങ്കെടുത്തു. ചീഫ് ജനറൽ മാനേജർ എ ആർ രാജേഷ് കൃതജ്ഞത രേഖപ്പെടുത്തി.

