‘ബജറ്റ് കേരളാവിരുദ്ധം, അങ്ങേയറ്റം നിരാശാജനകം’; ധനമന്ത്രി കെ എൻ ബാലഗോപാൽ

0
13

മൂന്നാം മോദി സർക്കാരിന്റെ ഒന്നാം ബജറ്റിൽ കേരളത്തിനോട് കാണിച്ചത് ഇതുവരെ ഒരു ബജറ്റിലും കാണിക്കാത്ത അത്ര അവഗണനയെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. ഇത്ര കേരളാ വിരുദ്ധമായ ഒരു ബജറ്റ് ഇത് വരെ ഉണ്ടായിട്ടില്ലെന്ന് ധനമന്ത്രി കുറ്റപ്പെടുത്തി. വലിയ പ്രതീക്ഷയോടെ ബജറ്റിനെ കാത്തിരുന്ന രാജ്യത്തിന് അങ്ങേയറ്റം നിരാശയാണ് ഉണ്ടാക്കിയത്. മോദി സർക്കാരിന്റെ ജീവന് വേണ്ടിയുള്ള രാഷ്ട്രീയ വ്യായാമം മാത്രമാണ് ബജറ്റിൽ കണ്ടതെന്നും ബാലഗോപാൽ അഭിപ്രായപ്പെട്ടു. കേരളത്തിന് ഒരു പരിഗണയും കിട്ടിയില്ല. കടപരിധി വെട്ടിക്കുറച്ചതിൽ പോലും ഒന്നും പറഞ്ഞില്ല. 24,000 കോടിയുടെ പ്രത്യേക പാക്കേജ് എന്ന കേരളത്തിന്റെ ആവശ്യം അവഗണിച്ചു. രാജ്യത്തിന് മുതൽക്കൂട്ടാകുന്ന വിഴിഞ്ഞത്തിന് ഒരു രൂപ പോലും മാറ്റി വച്ചില്ല. കേരളത്തിലെ ബിജെപി മന്ത്രിമാരും യുഡിഎഫ് എംപിമാരും കേരളത്തിന്റെ അവഗണനക്കെതിരെ നിലപാട് എടുക്കണം.

രാജ്യത്തിന്റെ ആരോഗ്യമല്ല, പകരം മോദി സർക്കാരിന്റെ ആയുസും ആരോഗ്യവും സംരക്ഷിക്കാനാണ് ഈ ബജറ്റ്. ബജറ്റ് കാണുമ്പോൾ സർക്കാർ അധിക കാലം മുന്നോട്ട് പോകില്ലെന്ന് പേടിയുള്ള പോലെ തോന്നും. ഇത്ര വലിയ അവഗണന കേരളം ഇതിന് മുൻപ് നേരിട്ടിട്ടില്ല. ഫെഡറലിസത്തെ കുറിച്ച് പറയാൻ മോദിക്ക് ഒരു അർഹതയും ഇല്ല. തൊഴിൽ അടക്കം പല മേഖലയിലും പ്രഖ്യാപനങ്ങൾ മാത്രമാണുളളത്. തൊഴിലുറപ്പ് പദ്ധതി വിഹിതം പോലും വെട്ടിക്കുറച്ചു. ദാരിദ്ര്യ നിർമ്മാർജ്ജന പദ്ധതികളിൽ പോലും വേണ്ടത‌ നീക്കിയിരിപ്പില്ല. പത്ത് ലക്ഷം തസ്തിക കേന്ദ്ര സർക്കാരിൽ ഒഴിഞു കിടക്കുന്നു, അത് പോലും പരിഗണിച്ചില്ല. സ്വകാര്യ മേഖലയിൽ ജോലി ലഭ്യമാക്കുന്ന പ്രഖ്യാപനം എത്ര മാത്രം നടപ്പാകുമെന്ന് ഉറപ്പില്ല.

കേന്ദ്ര ബജറ്റിൽ പ്രഖ്യാപനങ്ങളൊന്നുമില്ലാത്തത് കേരളത്തെ ഇതു വലിയതോതിൽ ബാധിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു. വർഷങ്ങളായി ആവശ്യപ്പെടുന്ന എയിംസ് പറഞ്ഞിട്ടില്ല. ബിജെപി അക്കൗണ്ട് തുറന്നപ്പോൾ കേരളത്തിന്റെ അക്കൗണ്ട് പൂട്ടിയെന്ന് മന്ത്രി പരിഹസിച്ചു. സംയുക്തമായി കേരളത്തിന്റെ പൊതു താൽപര്യം സംരക്ഷിക്കാൻ മുന്നോട്ടു പോകണമെന്ന് മന്ത്രി കെ എൻ ബാലഗോപാൽ ആവശ്യപ്പെട്ടു. കേരളത്തിന് അർഹമായ നികുതി വിഹിതം ലഭിക്കുന്നില്ലെന്നും കേരളത്തിന്റെ ആകെ ചെലവിന്റെ 21 ശതമാനം മാത്രമേ കേന്ദ്രം തരുന്നുള്ളൂവെന്നും മന്ത്രി പറഞ്ഞു. കേന്ദ്രം നിലപാട് തിരുത്തണം. സംസ്ഥാനത്തിന് അർഹമായത് നൽകണം. എല്ലാ സംസ്ഥാനങ്ങൾക്കും ന്യായമായത് കിട്ടാൻ അർഹതയുണ്ട്. രാഷ്ട്രീയത്തിനതീതമായി അവഗണനയെ കാണണമെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.