വനിതാ സംരംഭകർക്ക് ആശ്വാസമേകി സർക്കാർ

0
16

വനിതാ സംരംഭകർക്ക് ആശ്വാസമായി പലിശയിളവുമായി സംസ്ഥാന സർക്കാർ. കേരള വനിത വികസന കോർപറേഷനിൽ നിന്നും 2010 മുതൽ 2016 വരെ വിതരണം ചെയ്ത വായ്പകളിലെ കുടിശ്ശികയുള്ള വായ്പകളിൽ പിഴപ്പലിശ ഒഴിവാക്കി ഒറ്റത്തവണ തീർപ്പാക്കാൻ അവസരം നൽകി ഉത്തരവിറങ്ങി. ഈ കാലയളവിൽ വിവിധ കാരണങ്ങളാൽ കുടിശ്ശിക തീർക്കാതെ പോയ വായ്പകൾക്കാണ് ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി പ്രകാരം ഇത് ബാധകമാകുന്നത്.

ഇത്തരത്തിൽ കുടിശ്ശികയുള്ള വായ്‌പകളിൽ ഒറ്റത്തവണ തീർപ്പാക്കലിന് തയാറാകുന്ന പക്ഷം പിഴപ്പലിശ പൂർണമായും ഒഴിവാക്കി നൽകുന്നതിന് സംസ്ഥാന സർക്കാർ വനിത വികസന കോർപറേഷന് അനുമതി നൽകിയിരിക്കുന്നു. ഇതിലൂടെ മുന്നൂറ്റി അറുപതോളം വനിതകൾക്ക് പ്രയോജനം ലഭിക്കുന്നതാണ്. കഴിഞ്ഞ മൂന്ന് വർഷങ്ങളിലായി 784 കോടി രൂപയുടെ സ്വയം തൊഴിൽ വായ്പ വിതരണം നടത്തിയ വനിത വികസന കോർപറേഷൻ നേരിട്ടും പരോക്ഷമായും ഒന്നര ലക്ഷത്തോളം തൊഴിലവസരങ്ങൾ സംസ്ഥാനത്ത് സൃഷ്‌ടി‌‌ച്ചിട്ടുണ്ട്.