അഭിമാനം!!! വ്യവസായ നിക്ഷേപ സൗഹൃദം; മൂന്ന് വർഷം കൊണ്ട് 28-ാം സ്ഥാനത്ത് നിന്ന് ഒന്നാമനിലേക്ക്

0
38

ഇന്ത്യയിലെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളുടെ പട്ടികയിൽ ഒന്നാമനായി നമ്മുടെ കേരളം. കേന്ദ്രവ്യവസായ മന്ത്രാലയത്തിന്റെ വ്യവസായ പരിഷ്‌കരണ കർമ പദ്ധതിയുടെ കീഴിൽ ഏർപ്പെടുത്തിയ ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2022ലാണ് കേരളത്തിന് അഭിമാനകരമായ നേട്ടമുണ്ടാക്കാൻ സാധിച്ചത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ നടന്ന വ്യവസായ മന്ത്രിമാരുടെ സമ്മേളനത്തിൽ കേന്ദ്രമന്ത്രി പിയൂഷ് ഗോയലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. 2019ൽ 28–ാം സ്ഥാനത്തായിരുന്ന കേരളം 2020ൽ 15–ാമത് എത്തി. ഇതിന് പിന്നാലെയാണ് ഒമ്പത് കാറ്റഗറികളിൽ ടോപ്പ് അച്ചീവർ സ്ഥാനം നേടി പട്ടികയിൽ കേരളം ഒന്നാമതെത്തിയത്. ചരിത്രത്തിൽ ആദ്യമായാണ് കേരളം ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നതെന്ന് വ്യവസായ മന്ത്രി പി.രാജീവ് ഡൽഹിയിൽ പുരസ്‌ക്കാരം സ്വീകരിച്ച ശേഷം പ്രതികരിച്ചു. 2020ൽ 28–ാം സ്ഥാനത്തും 2021ൽ 15–ാം സ്ഥാനത്തും വന്നത് അങ്ങനെയാണ്. വൻ വിമർശനത്തിന് ഇടയാക്കിയതോടെ ഓരോ പോരായ്മയും പരിഹരിക്കാൻ വ്യവസായ വകുപ്പ് കെഎസ്ഐഡിസിയിൽ പ്രത്യേക ടീമിനെ ഏർപ്പെടുത്തി നടപടികൾ സ്വീകരിച്ചു. അവയെക്കുറിച്ചു നിക്ഷേപകരെ ബോധവൽക്കരിച്ചു. വിദഗ്ധ ഏജൻസികളുടെ സഹായവും സ്വീകരിച്ചു. സംസ്ഥാന സർക്കാരിന്റെ സംരംഭക വർഷത്തിന്റെ ഭാഗമായി പുതിയ സംരംഭങ്ങൾ ആരംഭിക്കുന്നതു പ്രോത്സാഹിപ്പിക്കാൻ സർക്കാർ ഏർപ്പെടുത്തിയ ഇളവുകളും നയം മാറ്റങ്ങളും നടപടിക്രമങ്ങൾ ലളിതമാക്കിയതുമെല്ലാം നേട്ടത്തിനു കാരണമായി. വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനു സംസ്ഥാനങ്ങൾ സ്വീകരിച്ച പരിഷ്കാരങ്ങളും നടപടികളുമായിരുന്നു റാങ്കിങ് മാനദണ്ഡം. ഇതിനായി സ്വീകരിച്ച നടപടികളെയും സംസ്ഥാനത്തിന്റെ പ്രകടനത്തെയും ആധാരമാക്കി 4 വിഭാഗങ്ങളായി തിരിച്ചാണ് റാങ്കിങ് നടത്തിയത്. 95 ശതമാനത്തിലേറെ മാർക്ക് ലഭിച്ച സംസഥാനങ്ങളാണ് ടോപ് പെർഫോമർ പട്ടികയിൽ ഇടം നേടിയത്. അരുണാചൽ പ്രദേശ്, തെലങ്കാന, പഞ്ചാബ്, പുതുച്ചേരി എന്നീ സംസ്ഥാനങ്ങളാണ് വ്യവസായ സൗഹൃദ പട്ടികയിൽ ഏറ്റവും പിന്നിലെത്തിയത്.

കേരളം മുന്നിലുള്ള 9 മേഖലകൾ

ബിസിനസ് കേന്ദ്രീകൃതം

  • യൂട്ടിലിറ്റി പെർമിറ്റുകൾ
  • നികുതി അടയ്ക്കൽ

പൗരകേന്ദ്രീകൃതം

  • ഓൺലൈൻ ഏകജാലക സംവിധാനം
  • സർട്ടിഫിക്കറ്റുകൾ (അർബൻ തദ്ദേശസ്ഥാപനങ്ങൾ)
  • സർട്ടിഫിക്കറ്റുകൾ (റവന്യു വകുപ്പ്)
  • യൂട്ടിലിറ്റി പെർമിറ്റ്
  • പൊതുവിതരണ സംവിധാനം
  • ഗതാഗതം
  • എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്