തിരുവനന്തപുരം: സ്റ്റാര്‍ട്ടപ്പ് മേഖലകളെ പുതിയ തലങ്ങളിലേക്ക് എത്തിക്കാൻ കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബഹ്റൈനും കൈകോര്‍ക്കുന്നു. ഫിന്‍ടെക്, ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്‌നോളജി (ഐസിടി) തുടങ്ങിയ വിവരസാങ്കേതികവിദ്യാ മേഖലകളില്‍ നൂതനത്വം കൈവരിക്കുന്നതിന് ബഹ്‌റൈന്‍ സര്‍ക്കാരിന്റെ നിക്ഷേപ പ്രോത്സാഹന ഏജന്‍സിയായ ബഹ്‌റൈന്‍ സാമ്പത്തിക വികസന ബോര്‍ഡും (ഇഡിബി) കേരള സ്റ്റാര്‍ട്ടപ് മിഷനും തമ്മില്‍ യോജിച്ച് പ്രവര്‍ത്തിക്കാന്‍ വേണ്ടി ധാരണ പത്രത്തില്‍ ഒപ്പുവെച്ചു.
ദുബായിയില്‍ നടക്കുന്ന 39-മത് വാര്‍ഷിക ജൈടെക്‌സ് സാങ്കേതികവിദ്യാ വാരത്തില്‍ വച്ച് കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ബിസിനസ് ഡെവലപ്‌മെന്റ് മാനേജര്‍ അശോക് കുര്യനും ഇഡിബി ഇന്ത്യ റീജനല്‍ ഡയറക്ടര്‍ ധര്‍മി മഗ്ദാനും ധാരണാപത്രം കൈമാറി.
ചുരുങ്ങിയ ചിലവ്, ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, നൈപുണ്യമുള്ള മാനവശേഷി എന്നീ ഗുണങ്ങളുള്ള ബഹ്‌റൈനിലെ വളരുന്ന സംരംഭകാന്തരീക്ഷം മുതലെടുക്കാന്‍ കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ലഭിക്കുന്ന സുവര്‍ണാവസരമാണിതെന്ന് ധര്‍മി മഗ്ദാനി പറഞ്ഞു. ഒന്നര ട്രില്യന്‍ ഡോളര്‍ മൂല്യവുമായി വളരുന്ന ഗള്‍ഫ് വിപണിയിലേയ്ക്ക് പ്രവേശിക്കാന്‍ ഇതുപോലെ മറ്റൊരു വേദി തുറന്നുകിട്ടുകയില്ലെന്ന് അവര്‍ വ്യക്തമാക്കി.
കേരള സ്റ്റാര്‍ട്ടപ്പ് മിഷനും ബഹ്റൈനും കൈകോര്‍ക്കുന്നതോടെ ഓരോ രാജ്യത്തെയും സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മറ്റേ രാജ്യത്ത് ബിസിനസ് സംരംഭങ്ങള്‍ കെട്ടിപ്പടുക്കാന്‍ അവസരം ലഭിക്കും. കെഎസ് യുഎം ഹബ്, ബഹറൈന്‍ ഫിന്‍ടെക് ബേ, ബ്രിന്‍ക് ബാറ്റില്‍കോ ഐഒടി ആക്‌സിലറേറ്റര്‍, ഫ്ലാറ്റ് ലാബ്‌സ് ബ്രില്യന്റ് ലാബ് എന്നിവ വഴി ഫിന്‍ടെക്, ഐസിടി സ്റ്റാര്‍ട്ടപ്പുകള്‍ക്ക് വികസനവും വളര്‍ച്ചയും നേടിയെടുക്കാനാവും. സ്റ്റാര്‍ട്ടപ് പ്രതിനിധി സംഘങ്ങള്‍ക്ക് ഇരു രാജ്യങ്ങളിലും ബിസിനസ് സന്ദര്‍ശനങ്ങള്‍ നടത്തുന്നതിനുപുറമെ ധനകാര്യ, സാങ്കേതികവിദ്യാ മേഖലകളിലെ സ്ഥാപനങ്ങള്‍, സര്‍വകലാശാലകള്‍, ഗവേഷണ സ്ഥാപനങ്ങള്‍, സര്‍ക്കാര്‍ ഏജന്‍സികള്‍ എന്നിവ തമ്മിലുള്ള വിജ്ഞാനവിനിമയത്തിനും സഹകരണത്തിനും സൗകര്യം ലഭിക്കും. ഡിജിറ്റല്‍, മൊബൈല്‍ ഇടപാടുകള്‍, ബ്ലോക്‌ചെയിന്‍- ഡിസ്ട്രിബ്യൂട്ടഡ് ലെഡ്ജറുകള്‍, ബിഗ് ഡേറ്റ, ഫ്‌ളെക്‌സിബിള്‍ പ്ലാറ്റ്‌ഫോമുകള്‍, ഫിന്‍ടെക്- ഐസിടി മേഖലയിലെ വിപ്ലവകരമായ പുത്തന്‍ സാങ്കേതികവിദ്യകള്‍ എന്നിവ പ്രയോഗത്തില്‍ വരുത്താനും ധാരണാപത്രം സഹായിക്കും.
ഫിന്‍ടെക് സ്റ്റാര്‍ട്ടപ്പുകള്‍, ഐടി സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് സര്‍വകലാശാലകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവയുമായി ബന്ധം സ്ഥാപിക്കാനുള്ള മികച്ച അന്തരീക്ഷമാണ് ലക്ഷ്യമിടുന്നതെന്ന് കെഎസ്‌യുഎം സിഇഒ ഡോ. സജി ഗോപിനാഥ് പറഞ്ഞു. ഇത്തരം മുന്‍ഗണനാ മേഖലകളില്‍ കേരളത്തിനും ബഹറൈനും മികച്ച വളര്‍ച്ചയ്ക്കുള്ള സാധ്യതകളാണ് ഈ പങ്കാളിത്തത്തിലൂടെ കാണുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.