പുനരുപയോഗ ഊര്‍ജ്ജത്തിന്റെ ആവശ്യകത വിളിച്ചോതി ക്രീപ ഗ്രീന്‍ പവര്‍ എക്‌സ്‌പോയ്ക്ക് തുടക്കമായി

0
52

പുനരുപയോഗ ഊര്‍ജ്ജമേഖലയില്‍ കേരളത്തെ മികച്ച മാതൃകയാക്കുകയെന്ന ലക്ഷ്യത്തോടെ ക്രീപ സംഘടിപ്പിക്കുന്ന നാലാമത് ഗ്രീന്‍ പവര്‍ എക്‌സ്‌പോയ്ക്ക് കൊച്ചി ബോള്‍ഗാട്ടി ഇവന്റ് സെന്ററില്‍ തുടക്കം. കേന്ദ്ര പാരമ്പര്യേതര ഊര്‍ജ്ജ മന്ത്രാലയം, കേന്ദ്ര ചെറുകിട ഇടത്തര സംരംഭ മന്ത്രാലയം, എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍, അനര്‍ട്ട് എന്നിവയുമായി സഹകരിച്ച് സംഘടിപ്പിച്ച എക്‌സ്‌പോ മുളവുകാട് പഞ്ചായത്ത് പ്രസിഡന്റ് വിജി ഷാജി ഉദ്ഘാടനം ചെയ്തു. പുനരുപയോഗ ഊര്‍ജത്തിന്റെ പ്രാധാന്യം തിരിച്ചറിയേണ്ട കാലഘട്ടമാണിതെന്ന്  എക്‌സ്‌പോ ഉദ്ഘാടനം ചെയ്തു കൊണ്ട് അവര്‍ പറഞ്ഞു. ഇത്തരം ഊര്‍ജം ഉപയോഗിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദ്യാര്‍ത്ഥികളില്‍ അവബോധം സൃഷ്ടിക്കണമെന്നും പ്രസിഡന്റ് വ്യക്തമാക്കി.

അനര്‍ട്ട് ജനറല്‍ മാനേജര്‍  പി.ചന്ദ്രശേഖരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ക്രീപ രക്ഷാധികാരിയായ ഫാദര്‍ ഡോ.ജോര്‍ജ് പിട്ടാപ്പിളളില്‍ കേരളം നേരിടുന്ന വെല്ലുവിളികളും പുനരുപയോഗ ഊര്‍ജത്തിന്റെ പ്രധാന്യവും വിശദീകരിച്ചു.കാലാവസ്ഥാ വ്യതിയാനമാണ് നാം നേരിടുന്ന പ്രധാന പ്രശ്‌നം. ഈ പ്രതിസന്ധി തടയാന്‍ നമ്മള്‍ ഒറ്റക്കെട്ടയായി നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രധാന കാരണം ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗമാണെന്നും വായു, ജലം എന്നിവ അവ മലിനമാക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇത്തരം പ്രശ്‌നത്തിനുള്ള ഏക പരിഹാരം പുനരുപയോഗ ഇന്ധനങ്ങളാണ്. ഇവയുടെ പ്രാധാന്യവും ഉപയോഗത്തിന്റെ ആവശ്യകതയും നാം മനസിലാക്കണമെന്നും അദ്ദേഹം പറഞ്ഞു.

യോഗത്തില്‍ ക്രീപ സെക്രട്ടറി സി എം വര്‍ഗീസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു.വൈസ് പ്രസിഡന്റ് കെ.എന്‍ അയ്യര്‍,  ട്രഷറര്‍ മുഹമ്മദ് ഷഫീഖ് ,മനോജ്, എന്നിവര്‍ സംസാരിച്ചു.ക്രീപ പ്രസിഡന്റ് ജോസ് കല്ലൂക്കാരന്‍ സ്വാഗതവും വൈസ് പ്രസിഡന്റ് കെ ജി മധു നന്ദിയും പറഞ്ഞു.ഉദ്ഘാടന സമ്മേളനത്തിന് ശേഷം സോളാര്‍ പിവി ഇന്‍സ്റ്റലേഷനിലെ പ്രോട്ടോകോള്‍ സംബന്ധിച്ച് പ്രത്യേക ചര്‍ച്ച നടന്നു. ചര്‍ച്ച  ബിഎഐ മുന്‍ പ്രസിഡന്റ്  ചന്ദ്രമോഹന്‍ ഉദ്ഘാടനം ചെയ്തു.ആഘാതങ്ങള്‍ കുറച്ചുള്ള വികസനം അനിവാര്യമാണെന്നും എങ്കില്‍ മാത്രമേ ജീവിത നിലവാരം ഉയരുകയുള്ളുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ചര്‍ച്ചയില്‍ അനര്‍ട്ട് പ്രോഗ്രാം ഓഫീസര്‍ അജിത് ഗോപി,അനീഷ് പ്രസാദ്, കെജി മധു, ജോര്‍ജ്ജ് മാത്യു എന്നിവര്‍ പങ്കെടുത്തു.

ഹൈക്കോണ്‍ ഇന്ത്യ അവതരിപ്പിച്ച ഇലക്ട്രിക് ഓട്ടോയും സോളാര്‍ ടെക്കിന്റെ സൈക്കിളുമാണ്  ഇത്തവണത്തെ എക്‌സ്‌പോയുടെ മുഖ്യആകര്‍ഷണം. സൗരോര്‍ജ്ജത്തിന്റെ സഹായത്താലാണ് ഇലക്ട്രിക് സൈക്കിള്‍ ചാര്‍ജ്ജ് ചെയ്യുന്നതെന്ന് നിര്‍മ്മാതാക്കള്‍ വ്യക്തമാക്കി. കൂടാതെ, കാലടി ശ്രീശങ്കര കോളജിലെ വിദ്യാര്‍ത്ഥികള്‍ രൂപകല്‍പ്പന ചെയ്ത സോളാര്‍ ലാമ്പും പ്രദര്‍ശനത്തിനെത്തിയവരുടെ ശ്രദ്ധ പിടിച്ചുപറ്റി. വിന്‍ഡ് വോള്‍ട്ട് കമ്പനിയുടെ സോളാര്‍ മില്ലും ഇത്തവണത്തെ എക്‌സ്‌പോയിലുണ്ട്. വിന്‍ഡ് – സോളാര്‍ എനര്‍ജിയുടെ  സഹായത്താലാണ് ഉപകരണം പ്രവര്‍ത്തിക്കുന്നതെന്ന് കമ്പനിയധികൃതര്‍ പറഞ്ഞു. ടാറ്റ ടിഗോറിന്റെ ഇവി വെഹിക്കിളും പ്രദര്‍ശനത്തിനുണ്ടായിരുന്നു. ടീം സസ്‌റ്റെയിന്‍, റിം പ്രൊജക്ട്‌സ്, റീകോ, മൂപ്പന്‍സ് എനര്‍ജി തുടങ്ങി 60ല്‍ അധികം  കമ്പനികളുടെ ഉത്പന്നങ്ങളാണ് പ്രദര്‍ശനത്തിന് എത്തിച്ചത്. ഉദ്ഘാടന ദിവസം മുതല്‍ നിരവധിയാളുകളാണ് ഗ്രീന്‍ പവര്‍ എക്‌സ്‌പോ കാണുവാനായി എത്തുന്നത്.