കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ (കെഎസ്‌ഐഡിസി) വായ്പാ പോർട്ട്ഫോളിയോ ആയിരം കോടി രൂപ കവിഞ്ഞു. വായ്പാ സേവനങ്ങൾ ഓൺലൈനാക്കുന്ന വെബ്‌സൈറ്റ് വ്യവസായമന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്തു. 224 കമ്പനികളിൽ കെഎസ്ഐഡിസിക്ക് ഓഹരിയുണ്ടായിരുന്നു. നിലവിൽ 74 കമ്പനികളിൽ 115.7 കോടി രൂപയാണ് നിക്ഷേപിച്ചതെന്ന് മന്ത്രി പറഞ്ഞു. ഇതിന്റെ വിപണിമൂല്യം ആയിരം കോടി രൂപ കവിഞ്ഞു. കേരളം സംരംഭക സൗഹൃദമായി മാറുന്നതിന് സഹായകമായ ഈ മാറ്റങ്ങൾ മറ്റു മേഖലകളിലും വലിയ ചലനങ്ങൾ സൃഷ്ടിക്കുകയാണ്. എസ് എൽ ബി സിയുടെ കണക്കുകൾ പ്രകാരം കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ നിന്ന് ഈ സാമ്പത്തിക വർഷത്തിലേക്കെത്തുമ്പോൾ 26.45% വർധനവ് കേരളത്തിലുണ്ടായി എന്നതും തുടർച്ചയായി കേരളത്തിൽ എം എസ് എം ഇ മേഖലയിൽ വലിയ അളവിലുള്ള നിക്ഷേപങ്ങളുണ്ടാകുന്നതിൻ്റെ തെളിവാണ്. 80210 കോടി രൂപ ഒറ്റ വർഷം കൊണ്ട് MSME സെക്റ്ററിൽ കേരളത്തിലെ ബാങ്കുകൾ നൽകി കഴിഞ്ഞു. ഈ മാറ്റങ്ങളാണ് പൊതുവായ കേരളത്തിലെ മാറ്റം. ഇതാണ് പൊതുബോധമായി വളരേണ്ടതും. കേരളം വ്യവസായ സൗഹൃദമാണെന്ന കാര്യം യാഥാർത്ഥ്യവും എല്ലാവരോടും പങ്കുവെക്കാവുന്നതുമാണ്. ഇനിയുമിനിയും നിക്ഷേപങ്ങൾ കടന്നുവരാനും നമ്മളുദ്ദേശിക്കുന്ന പോലെ നാലാം വ്യവസായ വിപ്ലവ കാലഘട്ടത്തിലെ നൂതനവ്യവസായങ്ങളുടെ ഹബ്ബായി കേരളം വളരാനും ഈ പൊതുബോധം സഹായകമാകും. വായ്പ നൽകുന്നതിലെ പരാതികൾക്ക് ശാശ്വതപരിഹാരമാണ് വെബ്‌സൈറ്റെന്ന് വ്യവസായവകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി എപിഎം മുഹമ്മദ് ഹനീഷ് പറഞ്ഞു. വ്യവസായ പ്രോത്സാഹനത്തിനും ഉപഭോക്തൃ സേവനത്തിനും മികച്ച പദ്ധതികൾ അവതരിപ്പിക്കുമെന്ന് ചെയർമാൻ പോൾ ആന്റണി പറഞ്ഞു. 2005 മുതൽ 2024 വരെയാണ് നേട്ടം കൈവരിച്ചതെന്ന് കെഎസ്‌ഐഡിസി എംഡി എസ് ഹരികിഷോർ പറഞ്ഞു. എക്‌സിക്യൂട്ടീവ് ഡയറക്ടർ ആർ ഹരികൃഷ്ണൻ, ഡയറക്‌ടർമാരായ അഡ്വ. ആനന്ദ് കെ, പമേല അന്ന മാത്യു, ബാബു എബ്രഹാം കള്ളിവയലിൽ, സി ജെ ജോർജ് തുടങ്ങിയവരും പങ്കെടുത്തു.