Labubu Dolls; കളിപ്പാട്ട വിപണിയിൽ തരംഗമായി മാറിയ ലബൂബു പാവകളുടെ ജനപ്രീതി, അതിൻ്റെ നിർമ്മാതാക്കളായ പോപ്പ് മാർട്ടിൻ്റെ സ്ഥാപകനെ ചൈനയിലെ ഏറ്റവും വലിയ കോടീശ്വരന്മാരുടെ പട്ടികയിൽ എത്തിച്ചു. പോപ്പ് മാർട്ട് ഇന്റർനാഷണൽ ഗ്രൂപ്പിൻ്റെ സ്ഥാപകനും സിഇഒയുമായ വാങ് നിങ് ആണ് ഈ നേട്ടം കൈവരിച്ചത്. ഇതോടെ ചൈനയിലെ ആദ്യത്തെ പത്ത് അതിസമ്പന്നരിൽ ഒരാളായി വാങ് നിങ് മാറി. ഹോങ്കോംഗ് കലാകാരനായ കാസിംഗ് ലംഗ് രൂപകൽപ്പന ചെയ്ത ഈ പാവകൾക്ക് ലോകമെമ്പാടും ആവശ്യക്കാർ ഏറിയതോടെയാണ് പോപ്പ് മാർട്ടിൻ്റെ ഓഹരി വിപണിയിൽ വൻ കുതിച്ചുചാട്ടം രേഖപ്പെടുത്തിയത്. ഏഷ്യ, യൂറോപ്പ്, അമേരിക്ക എന്നിവിടങ്ങളിലെല്ലാം ലബൂബു പാവകൾ വൻതോതിൽ വിറ്റഴിക്കപ്പെടുന്നുണ്ട്. ഇതോടെ, 38-കാരനായ വാങ് നിങ്ങിന്റെ ആസ്തി 22.7 ബില്യൺ ഡോളറായി ഉയർന്നുവെന്ന് ഫോർബ്സിൻ്റെ റിയൽ-ടൈം ബില്യണയർ ലിസ്റ്റ് വ്യക്തമാക്കുന്നു. ചൈനയിലെ അതിസമ്പന്നരുടെ പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തിയും വാങ് നിങ് ആണ്. 2010-ലാണ് വാങ് നിങ് പോപ്പ് മാർട്ട് സ്ഥാപിക്കുന്നത്. തുടക്കത്തിൽ സാധാരണ കളിപ്പാട്ടങ്ങൾ വിറ്റിരുന്ന കമ്പനി, പിന്നീട് ‘ബ്ലൈൻഡ് ബോക്സ്’ എന്ന വിപണന തന്ത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത്. പെട്ടി തുറന്നു നോക്കുന്നതുവരെ ഉള്ളിലുള്ള കളിപ്പാട്ടം ഏതാണെന്ന് അറിയാൻ കഴിയില്ല എന്നതാണ് ഇതിൻ്റെ പ്രത്യേകത. ഈ രീതി ഉപഭോക്താക്കൾക്കിടയിൽ ആകാംക്ഷയും കൗതുകവും വർദ്ധിപ്പിച്ചു.
വിവിധ കലാകാരന്മാരുമായി സഹകരിച്ച് വ്യത്യസ്ത കളിപ്പാട്ട സീരീസുകൾ പുറത്തിറക്കുന്നതാണ് പോപ്പ് മാർട്ടിൻ്റെ വിജയത്തിന് പിന്നിലെ മറ്റൊരു പ്രധാന ഘടകം. 2019-ൽ കാസിംഗ് ലംഗുമായി സഹകരിച്ച് ലബൂബു പാവകൾ പുറത്തിറക്കിയതോടെ കമ്പനിയുടെ തലവര തന്നെ മാറി. വികൃതമായ ചിരിയും കൂർത്ത പല്ലുകളുമുള്ള ഈ പാവകൾ വളരെപ്പെട്ടെന്നാണ് യുവാക്കൾക്കിടയിലും സെലിബ്രിറ്റികൾക്കിടയിലും പ്രിയങ്കരമായത്. പോപ്പ് താരം റിഹാന, ഗായിക ഡുവ ലിപ്പ, ബ്ലാക്ക് പിങ്ക് താരം ലിസ എന്നിവരെല്ലാം ലബൂബു പാവകളോടുള്ള ഇഷ്ടം പരസ്യമാക്കിയിട്ടുണ്ട്.
ലബൂബു പാവകളുടെ വർധിച്ചുവരുന്ന പ്രശസ്തി പോപ്പ് മാർട്ടിൻ്റെ വരുമാനത്തിൽ വൻ വർധനവാണ് ഉണ്ടാക്കിയത്. 2024-ൽ കമ്പനിയുടെ വരുമാനം 106.9 ശതമാനം വർധിച്ച് 1.8 ബില്യൺ ഡോളറിലെത്തി. ഇതിൽ ലബൂബു ഫ്രാഞ്ചൈസിയുടെ പങ്ക് വളരെ വലുതാണ്. ഈ സാമ്പത്തിക വിജയമാണ് വാങ് നിങ്ങിനെ ചൈനയിലെ ശതകോടീശ്വരന്മാരുടെ മുൻനിരയിലേക്ക് എത്തിച്ചത്. 2025 ജൂലൈ 3 ലെ കണക്കനുസരിച്ച്, പോപ്പ് മാർട്ട് സ്ഥാപകനും സിഇഒയുമായ വാങ് നിങ് ചൈനയിലെ ഏറ്റവും ധനികരായ പത്താമത്തെ വ്യക്തിയാണ്. ഒരു ചെറിയ ലബുബു പാവയുടെ വില 5 യുഎസ് ഡോളർ അതായത് ഏകദേശം 429 രൂപയാണ്. 30 ഇഞ്ച് വലുപ്പമുള്ള പാവയുടെ വില 1,500 യുഎസ് ഡോളർ അഥവാ ഏകദേശം 1,28,758 രൂപ വരെ വിലവരും. ഇതിനിടയിൽ പല വലുപ്പത്തിലുള്ള പാവകൾ ഇവർ നിർമിക്കുന്നുണ്ട്. ഇതിലൂടെ 21.1 ബില്യൺ യുഎസ് ഡോളർ, അഥവാ 180 കോടിക്ക് മുകളിലാണ് വാങ് നിങ്ങ് ലാഭമുണ്ടാക്കിയത്.