സ്പോർട്സ് ഇവൻ്റുകളുടെ തത്സമയ സംപ്രേഷണം പൂർണ്ണമായും ഹോട്സ്റ്റാറിലേക്ക്; പുതിയ നീക്കവുമായി ഡിസ്‌നി-റിലയൻസ്

0
11

ഇന്ത്യൻ പ്രീമിയർ ലീഗ് അടക്കമുള്ള സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം ഹോട്സ്റ്റാറിലേക്ക് മാറ്റാനൊരുങ്ങി ഡിസ്‌നി-റിലയൻസ്. ഇരു കമ്പനികളുടെയും ലയനം നടന്ന ശേഷമുള്ള പ്രധാനപ്പെട്ട മാറ്റങ്ങളിൽ ഒന്നാണ് ഇത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് ഡിസ്നി ഇന്ത്യയും റിലയൻസിൻ്റെ വയാകോം 18ഉം ലയനത്തിലേക്ക് നീങ്ങിയത്. 120 ടെലിവിഷൻ ചാനലുകളും രണ്ടു സ്ട്രീമിങ് ആപ്പു കളും ഈ സംരഭത്തിന് കീഴിലുണ്ട്. അതേസമയം സ്ട്രീമിങ് പ്ലാറ്റ്ഫോമിൻ്റെ പേരുകളിൽ അടക്കം ഇനി എന്തെങ്കിലും രീതിയിൽ മാറ്റം വരുമോ എന്നത് ഇതുവരെ വ്യക്തത ഇല്ല. നിലവിൽ ജിയോ സിനിമയിൽ അടക്കം സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം നടക്കുന്നുണ്ട്. എന്നാൽ ഇതെല്ലം പൂർണ്ണമായും ഒഴിവാക്കി ഇത്തരം പരിപാടികൾ ഹോട്സ്റ്റാറിലേക്ക് പൂർണ്ണമായും എത്തിക്കാനാണ് കമ്പനിയുടെ ശ്രമം. റിലയൻസ് ആപ്പില്‍ നിന്ന് സ്പോർട്സ് ഇവന്റുകളുടെ തത്സമയ സംപ്രേഷണം ഒഴിവാവാക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഹോട്ട്സ്റ്റാർ മേധാവി സജിത് ശിവാനന്ദൻ ജീവനക്കാരുമായി ചർച്ച നടത്തി എന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഐപിഎല്‍, ഐഎസ്എൽ, ശീതകാല ഒളിമ്പിക്സ് എന്നിവയുടെ എല്ലാം സ്ട്രീമിങ് അവകാശം നിലവിൽ ജിയോ സിനിമയ്ക്കാണ്. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിൻ്റെ ഇന്ത്യയില്‍ നടക്കുന്ന ടൂർണമെൻ്റുകളുടെ അവകാശം ഹോട്ട്സ്റ്റാറിനാണ്. ഇത് രണ്ടും ഒറ്റ പ്ലാറ്റ്ഫോമിലേക്ക് എത്തിക്കുക എന്നതാണ് നിലവിൽ ലക്ഷ്യമിടുന്നത്.