എൽപിജി ഗ്യാസ് കണക്ഷൻ മസ്റ്ററിംഗ് കാലപരിധി നീട്ടിയോ? വ്യക്തത വരുത്തി കേന്ദ്രം

0
27

എല്‍പിജി സിലിണ്ടര്‍ ഉടമകള്‍ ഗ്യാസ് കണക്ഷന്‍ മസ്റ്ററിംഗ് നടത്തണമെന്ന ഉത്തരവില്‍ കൂടുതല്‍ വ്യക്തത വരുത്തി കേന്ദ്രസര്‍ക്കാര്‍. അടുത്തിടെ മസ്റ്ററിംഗുമായി ബന്ധപ്പെട്ട് ഇറങ്ങിയ ഉത്തരവ് ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാക്കിയിരുന്നു. മസ്റ്ററിം​ഗ് വാർത്തകൾ വന്നതോടെ ഗ്യാസ് ഏജന്‍സികള്‍ക്ക് മുന്നില്‍ വലിയ ക്യൂ ഉണ്ടായിരുന്നു. എല്‍പിജിയും ആധാറും തമ്മില്‍ ലിങ്ക് ചെയ്യാന്‍ കാലപരിധി നിശ്ചയിച്ചിട്ടില്ലെന്ന് പെട്രോളിയം മന്ത്രി ഹര്‍ദീപ് പുരി വ്യക്തമാക്കി. ഇതോടെ കേന്ദ്ര സര്‍ക്കാര്‍ ഉത്തരവില്‍ കൂടുതല്‍ വ്യക്തത വന്നിരിക്കുകയാണ്. കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ്റെ കത്തിന് മറുപടിയായി ​ഹർദീപ് ട്വിറ്ററിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

എല്‍പിജി കമ്പനികളുടെ ഷോറൂമുകളില്‍ മസ്റ്ററിംഗ് നടപടികള്‍ ഇല്ലെന്നും ഉപയോക്താക്കള്‍ക്ക് ഗ്യാസ് നിരസിക്കുന്ന കാര്യങ്ങള്‍ ജീവനക്കാരില്‍ നിന്ന് ഉണ്ടാകില്ലെന്ന് ഉറപ്പുവരുത്തണമെന്നും എണ്ണ കമ്പനികളോട് മന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. എല്‍പിജി ഗ്യാസ് സിലിണ്ടര്‍ യഥാര്‍ത്ഥ ഉപഭോക്താവിൻ്റെ കൈയ്യില്‍ തന്നെ ആണോയെന്ന് പരിശോധിച്ച് ഉറപ്പിക്കാനാണ് മസ്റ്ററിംഗ് നിര്‍ബന്ധമാക്കിയിരിക്കുന്നത്. ആധാര്‍ വിവരങ്ങള്‍ എല്‍പിജി കണക്ഷനുമായി ബന്ധിപ്പിക്കുന്നതാണ് ഇലക്ട്രോണിക് കെവൈസി അഥവാ മസ്റ്ററിംഗ്. ഉപഭോക്താവ് നേരിട്ടെത്തി ബയോ മെട്രിക് പഞ്ചിംഗ് വഴി വിശദ വിവരങ്ങള്‍ രജിസ്റ്റര്‍ ചെയ്യണം. ഗ്യാസ് കണക്ഷന്‍ ബുക്ക്, ആധാര്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ് എന്നിവയും ഇതിനായി വേണം. ഒപ്പം ഗ്യാസ് കണക്ഷന്‍ രജിസ്റ്റര്‍ ചെയ്ത നമ്പറും.