ഐടിയിൽ കുതിക്കാൻ കൊച്ചി, കരുത്തേകാൻ ‘ലുലു ഐടി ട്വിൻ ടവർ’ നാളെ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
12

ഐടി രംഗത്ത് മികച്ച അടിസ്ഥാന സൗകര്യങ്ങളുമായി ലുലു ഐടി ട്വിൻ ടവറുകൾ കാക്കനാട് സ്മാർട്ട് സിറ്റിയിൽ നാളെ പ്രവർത്തനം ആരംഭിക്കും.രാവിലെ 11.30-ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. പ്രതിപക്ഷ നേതാവ് വി ഡി സതീഷൻ അധ്യക്ഷനാകും. മന്ത്രിമാരായ പി രാജീവ്, ജി ആർ അനിൽ, ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, എക്സിക്യുട്ടീവ് ഡയറക്ടർ എം എ അഷ്‌റഫ് അലി എന്നിവർ പങ്കെടുക്കും. 35 ലക്ഷം ചതുരശ്ര അടിയിൽ ഏത് പഞ്ചനക്ഷത്ര ഹോട്ടലുകളോടും കിടപിടിക്കുന്ന സൗകര്യത്തിലാണ് ലുലുവിന്റെ ഇരട്ട ഐടി ടവറുകൾ ഉയർന്നിരിക്കുന്നത്. 25 ലക്ഷം ചതുരശ്ര അടിയാണ് വിവിധ ഐടി, ഐടി അനുബന്ധ നിക്ഷേപകർ തങ്ങളുടെ സംരംഭങ്ങൾ ആരംഭിക്കുക. 4500 കാറുകൾക്കുള്ള പാർക്കിങ്ങും വിശാലമായ ഫുഡ്കോർട്ടും അടക്കം ഒട്ടേറെ അനുബന്ധ സൗകര്യങ്ങളും ഇതിനൊപ്പം ഒരുങ്ങിയിട്ടുണ്ട്. തുടക്കത്തിൽ 2500 പേർക്കും കമ്പനികൾ എത്തുന്നതോടെ 30,000 പേർക്കും തൊഴിൽ ലഭിക്കുന്ന വിധത്തിലാണ് പദ്ധതി ക്രമീകരിച്ചിരിക്കുന്നത്. നാല് അന്താരാഷ്ട്ര കമ്പനികൾ ഇതിനോടകം ഓഫീസ് സ്പേസ് ഏറ്റെടുത്തതായി ലുലു ഐടി ഇൻഫ്രാബിൽഡ് ഡയറക്ടറും സിഇഒയുമായ അഭിലാഷ് വലിയവളപ്പിൽ പറഞ്ഞു. രണ്ട് വർഷത്തിനുള്ളിൽ 80 ശതമാനത്തോളം ഓഫീസ് സ്പേസിലും കമ്പനികളെയെത്തിക്കും. അടുത്ത മൂന്നു വർഷത്തിനകം അരലക്ഷം ഐടി പ്രൊഫഷണലുകൾക്ക് ലുലുവിന്റെ വിവിധ ഐടി പാർക്കുകളിലൂടെ സൗകര്യമുണ്ടാകുമെന്ന് ലുലു ഐടി പാർക്സ് ഡയറക്ടർ ആൻഡ് സിഒഒ അബ്ദുൾ റഹ്മാൻ പറഞ്ഞു. ദക്ഷിണേന്ത്യയിലെ ഏറ്റവും ഉയരമേറിയതും കേരളത്തിലെ ഏറ്റവും വലുതുമായ ഐടി ഓഫീസ് സമുച്ചയം 1,500 കോടിയിലേറെ രൂപയുടെ മുതൽമുടക്കിലാണ് ഒരുക്കിയിരിക്കുന്നത്. 30 നിലകൾ വീതമുള്ളതാണ് ട്വിൻ ടവറുകൾ. ലുലു ഗ്രൂപ്പ് ഇന്ത്യ ഡയറക്ടറും സിഇഒയുമായ എം.എ. നിഷാദ്, ഡയറക്ടർ ഫഹാസ് അഷറഫ്, സിഒഒ രജിത്ത് രാധാകൃഷ്ണൻ, മീഡിയ ഹെഡ് എൻ.ബി. സ്വരാജ്, ലുലു ഐടി പാർക്സ് സിഎഫ്ഒ മൂർത്തി ബുഗാട്ട എന്നിവർ പങ്കെടുത്തു.