വയനാടിന് കൈത്താങ്ങായി വ്യവസായികൾ; സാന്ത്വനത്തിൻ്റെ കരങ്ങളായി അദാനി മുതൽ യൂസഫലി വരെയുള്ളവർ രംഗത്ത്

0
29

വയാനട്ടിലെ ഉരുൾപൊട്ടലിൽ സർവവും നഷ്ടപ്പെട്ട് എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്ന ആ നാട്ടിലെ ജനതയ്ക്ക് സഹായവുമായി ബിസിനസ് ലോകവും. എം എ യൂസഫലി, ഗൗതം അദാനി, മുകേഷ് അംബാനി, തമിഴ് നടൻ വിക്രം, മമ്മൂട്ടി അടക്കം നിരവധി പ്രമുഖരാണ് സാമ്പത്തികമായും സേവനങ്ങളായും ഭക്ഷണപ്പൊതികളായും വയനാട്ടിലേക്ക് സഹായവുമായി എത്തുന്നത്. ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി, ആർ പി ഗ്രൂപ്പ് ചെയർമാൻ രവി പിള്ള, കല്യാൺ ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ടി എസ് കല്യാണരാമൻ, എന്നിവർ 5 കോടി രൂപ വീതമാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തത്. ഇതിനൊപ്പം ദുരിത മേഖലയിലേക്ക് മരുന്നുകളും അവശ്യ വസ്തുക്കളും കമ്പനികൾ എത്തിക്കുന്നുണ്ട്. സ്റ്റാർട്ടപ്പ് കമ്പനിയായ സൈലം ലേണിംഗ്‌സ് അടക്കം ബിസിനസ് ലോകം ഒന്നടങ്കം വയനാട്ടിലേക്ക് വിവിധ രീതിയിലുള്ള സഹായങ്ങളാണ് നൽകുന്നത്. കെഎസ്എഫ്ഇ അഞ്ചു കോടി രൂപയും കാനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എൽ 50 ലക്ഷം രൂപയും വനിത വികസന കോർപ്പറേഷൻ 30 ലക്ഷം രൂപയും, ഔഷധി ചെയർ പേഴ്സൺ ശോഭന ജോർജ്ജ് 10 ലക്ഷം രൂപയും നൽകി.തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ വി വേലു ഓഫീസിൽ എത്തി കൈമാറി.

മലബാർ ഗോൾഡ് ആദ്യ ഘട്ടത്തിൽ മൂന്നു കോടി രൂപയാണ് സഹായധനമായി പ്രഖ്യാപിച്ചത്. ചെയർമാൻ എം പി അഹമ്മദാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഭക്ഷണം, മരുന്ന്, വസ്ത്രങ്ങൾ എന്നിവയും ദുരിത മേഖലയിലേക്ക് മലബാർ ഗോൾഡ് കയറ്റിയയച്ചിട്ടുണ്ട്. കൂടുതൽ സഹായങ്ങൾക്ക് കമ്പനി പ്രതിജ്ഞാബദ്ധമാണെന്ന് എം.പി അഹമ്മദ് പറഞ്ഞു. വി പി എസ് ഹെൽത്ത്‌കെയർ സ്ഥാപകനും ചെയർമാനുമായ ഷംസീർ വയലിൽ ദുരിതമേഖലയിലേക്ക് ആരോഗ്യപ്രവർത്തകരെയും വിദഗ്ധരായ സന്നദ്ധപ്രവർത്തകരെയും അയച്ചിട്ടുണ്ട്. രക്ഷാപ്രവർത്തകർക്കും ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ടവർക്കും സഹായവുമായി മറ്റൊരു സംഘത്തെയും വിപിഎസ് ഗ്രൂപ്പ് അയച്ചിട്ടുണ്ട്. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ മന്ത്രിമാരും ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നൽകാനും തീരുമാനിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.