കാര്‍ നിർമ്മാതാക്കളായ മാരുതി സുസുക്കി പുതിയ സംരംഭത്തിലേക്ക്

0
186

കാര്‍ നിർമ്മാതാക്കളായ മാരുതി സുസുക്കി പുതിയ സംരംഭത്തിലേക്ക്. രാജ്യത്തെ ഏറ്റവും വലിയ കാർ നിർമ്മാതാക്കാളായ മാരുതി സുസുക്കി കാർ പൊളിക്കല്‍ മേഖലയിലേക്കാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മാരുതി സുസുക്കിയുടെ വാഹനങ്ങള്‍ പൊളിക്കാനും റീസൈക്കിൾ ചെയ്യാനുമുള്ള ശാല സ്ഥാപിക്കുന്നത് ജപ്പാനിലെ ജനറൽ ട്രേഡിങ്, പ്രോജക്ട് മാനേജ്മെന്റ് കമ്പനിയായ ടൊയോട്ട സുഷൊ ഗ്രൂപ്പുമായി സഹകരിച്ചിട്ടാണ്. പുതിയ സംരംഭത്തിനു മാരുതി സുസുക്കി ടൊയോറ്റ്സു ഇന്ത്യ(എം എസ് ടി ഐ) എന്നാണു പേരിട്ടിരിക്കുന്നത്.

വാഹനം പൊളിക്കാനും യന്ത്രഭാഗങ്ങൾ പുനഃരുപയോഗിക്കാനുമുള്ള ശാല ഉത്തർപ്രദേശിലെ നോയ്ഡയിലാവും പ്രവർത്തിക്കുക. എൻഡ് ഓഫ് ലൈഫ് വിഭാഗത്തിൽപെട്ട, കാലാവധി കഴിഞ്ഞ വാഹനങ്ങൾ(ഇ എൽ വി) വാങ്ങി ശാസ്ത്രീയമായി പൊളിച്ചെടുക്കാനാണ് എം എസ് ടി ഐയുടെ പദ്ധതി.

രാജ്യത്തു പ്രാബല്യത്തിലുള്ള ഖര, ദ്രാവക മാലിന്യ സംസ്കരണ നിയമങ്ങൾക്കു പുറമെ രാജ്യാന്തര തലത്തിൽ അംഗീകരിക്കപ്പെട്ട പ്രവർത്തന ക്രമവും കമ്പനി പിന്തുടരും. നോയ്ഡയിലെ ശാല തുടക്കം മാത്രമാവുമെന്നും എം എസ് ടി ഐ വ്യക്തമാക്കി. ഭാവിയിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇത്തരം ശാലകൾ സ്ഥാപിക്കാൻ കമ്പനിക്കു പദ്ധതിയുണ്ട്.

പ്രതിമാസം രണ്ടായിരത്തോളം പഴയ കാറുകൾ പൊളിച്ചടുക്കാൻ നോയ്ഡ ശാലയ്ക്കു ശേഷിയുണ്ടാവും. വാഹന ഡീലർമാരിൽ നിന്നും ഉടമസ്ഥരിൽ നേരിട്ടുമൊക്കെ പഴയ കാറുകൾ വിലക്കെടുക്കാനാണ് കമ്പനിയുടെ നീക്കം. ഇതോടെ പഴയ വാഹനങ്ങൾ പൊളിക്കാനുള്ള സൗകര്യം ഏർപ്പെടുത്തുന്ന രണ്ടാമത്തെ ഇന്ത്യൻ കമ്പനിയായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്.