പുതിയ ഫീച്ചറുകൾ അവതരിപ്പിച്ച് മെറ്റ. വാട്സ്ആപ്പ് ബിസിനസ് ആപ്ലിക്കേഷനിൽ ഇനി മുതൽ മെറ്റ വെരിഫൈഡ് ബാഡ്ജുകൾ ലഭിക്കും എന്നാതാണ് ഏറ്റവും പുതിയതായി മെറ്റ അവതരിപ്പിച്ചിരിക്കുന്നത്. ബ്രസീലിൽ നടന്ന വാർഷിക ബിസിനസ് യോഗത്തിൽ മെറ്റ സിഇഒ മാർക് സക്കർബർഗാണ് പുതിയ ഫീച്ചറുകൾ അവതരിപ്പിച്ചത്. ഇന്ത്യക്ക് പുറമെ ബ്രസീൽ, ഇന്തോനേഷ്യ, കൊളംബിയ എന്നിവിടങ്ങളിലും ഈ ഫീച്ചർ ലഭ്യമാവും. മെറ്റയുമായി വിവരങ്ങൾ രജിസ്റ്റർ ചെയ്‌ത ബിസിനസ് അക്കൗണ്ടുകളിലാണ് വെരിഫൈഡ് ബാഡ്‌ജ് കാണാൻ കഴിയുക. ഇത്തരം വെരിഫൈഡ് ബിസിനസ് വാട്‌സ്ആപ്പ് അക്കൗണ്ടുകൾ വിശ്വാസ്യത കൂട്ടും എന്നാണ് മെറ്റയുടെ കണക്കുകൂട്ടൽ. മെറ്റയുടെ തന്നെ ഫേസ്‌ബുക്കിലും ഇൻസ്റ്റഗ്രാമിലും കാണുന്നതുപോലെ ബ്ലൂ ടിക്കും മെറ്റ വെരിഫൈഡ് എന്ന എഴുത്തും വാട്‌സ്‌ആപ്പ് ബിസിനസ് പേജുകളിലും ചാനലുകളിലും ദൃശ്യമാകും. ജീവനക്കാരുടെ എല്ലാ വാട്‌സ്ആപ്പിലും വെരിഫൈഡ് ബിസിനസ് അക്കൗണ്ട് ഉപയോഗിക്കാൻ കഴിയും എന്നതും സവിശേഷതയാണ്.
വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളുടെ വിശ്വാസ്യത മെറ്റ കുറേക്കാലമായി നേരിടുന്ന പ്രായോഗിക പ്രശ്‌നമാണ്. വെരിഫൈഡ് അക്കൗണ്ടുകൾ വരുന്നതോടെ കമ്പനികൾക്കും വ്യക്തികൾക്കും അവരുടെ ബിസിനസ് വർധിപ്പിക്കാനായേക്കും എന്ന ഉദ്ദേശവും ഉണ്ട്. ഉപഭോക്താക്കൾക്ക് പുതിയ ഉത്പന്നങ്ങൾ കണ്ടെത്താൻ സഹായകമാകുന്ന എഐ ടൂളുകളും വാട്‌സ്ആപ്പ് ബിസിനസ് അക്കൗണ്ടുകളിൽ വരും നാളുകളിൽ കൊണ്ട് വരും. ഇതിനായുള്ള ശ്രമത്തിലാണ് മെറ്റ.