വിജയവഴിയിൽ നങ്കൂരമിട്ട് വിഴിഞ്ഞം തുറമുഖം!!! കോടികളുടെ ബിസിനസ് അവസരം

0
14

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം മിഴിതുറന്നതോടെ കോടികളുടെ ബിസിനസ് അവസരമാണ് വഴിയൊരുങ്ങുന്നത്. ലോകത്തിലെ വമ്പൻ ചരക്കുകപ്പലുകൾ ട്രയൽ റണ്ണിൽ വിജയകരമായി തീരമടുത്തതോടെയാണ് കോടികളുകളുടെ ബിസിനസ് അവസരത്തിന് വഴിയൊരുങ്ങുന്നത്. MSCയുടെ കൂറ്റൻ മദർ ഷിപ്പ് രണ്ടു ദിവസത്തിനകം തുറമുഖത്തേക്ക് എത്തും. ആദ്യമായാണ് രാജ്യത്ത് ഇത്രയും വലിയ ചരക്ക് കപ്പൽ നങ്കൂരമിടുന്നത്. പൂർണമായി കമ്മീഷൻ ചെയ്യുന്നതോടുകൂടി വിഴിഞ്ഞം തുറമുഖം ലോക ശ്രദ്ധ നേടും.

MSCയുടെ കൂറ്റൻ മദർ ഷിപ്പ് ക്ലോഡ് ജിറാൾട്ടറ്റാണ് രണ്ടു ദിവസത്തിനകം തുറമുഖത്ത് നങ്കൂരമിടുന്നത്. ഇതിന് 399 മീറ്റർ നീളവും 61 മീറ്റർ വീതിയും 24,116 ടിഇയു കണ്ടയ്‌നറുകൾ വഹിക്കാൻ ശേഷിയുമുണ്ട്. മലേഷ്യയിൽ നിന്ന് പോർച്ചുഗലിലേക്കുള്ള യാത്രാ മധ്യേയാണ് കപ്പൽ വിഴിഞ്ഞത്ത് അടുക്കുന്നത്. 16.7 മീറ്ററാണ് ഇതിന്റെ ഡ്രാഫ്റ്റ്. അതേസമയം, കഴിഞ്ഞ ദിവസം എംഎസ്‌സിയുടെ കെയ്ലി വിഴിഞ്ഞത്ത് എത്തിയിരുന്നു. 16.5 മീറ്ററാണ് ഇതിന്റെ ഡ്രാഫ്റ്റ്. കെയ്‌ലി പോയ ശേഷമായിരിക്കും ഇതിൻ്റെ ബർത്തിങ്ങ് നടക്കുക. തുറമുഖം പൂർണ്ണമായി കമ്മീഷൻ ചെയ്യുന്നതോട് കൂടി ആഗോള തലത്തിൽ തന്നെ ശ്രദ്ധിക്കപ്പെടുന്ന തുറമുഖമായി വിഴിഞ്ഞ മാറുമെന്നത് തീർച്ചയാണ്.

ഏറ്റവും വലിയ കപ്പലുകളെ എത്തിച്ച് ട്രെയിൽ റൺ നടത്തുന്നത് വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് അതിന്റെ തന്ത്രപരമായ സാധ്യത മനസിലാക്കിയാണ് . പൂർണതോതിൽ പ്രവർത്തന സജ്ജമാകുമ്പോൾ കണ്ടയിനർ നീക്കത്തിന്റെ ട്രാൻസ്ഷിപ്പ്‌മെന്റ് ഹബ്ബായി വിഴിഞ്ഞത്തെ മാറ്റുകയാണ് ഇതുവഴി ലക്ഷ്യമിടുന്നത്. ഒക്ടോബർ ആദ്യവാരത്തോടെ ട്രെയിൽ റൺ പൂർത്തിയാക്കി അടുത്ത നടപടികളിലേക്ക് കടക്കാനാണ് അദാനി കമ്പനിയുടെ തീരുമാനം. പൂർണ തോതിൽ വാണിജ്യ പ്രവർത്തനം തുടങ്ങുന്നതോടെ വിഴിഞ്ഞം കേന്ദ്രീകരിച്ച് കോടികളുടെ ബിസിനസ് അവസരമാണ് തുറക്കുന്നത്. കേരളത്തെ ഗ്ലോബൽ മാരിടൈം, ലോജിസ്റ്റിക്‌സ് ഹബ്ബാക്കാനുള്ള ശേഷി തുറമുഖത്തിനുണ്ടെന്നാണ് പ്രതീക്ഷ. കൂടുതൽ മദർഷിപ്പുകളെത്തുകയും വ്യവസായിക നിക്ഷേപങ്ങൾ വർധിക്കുകയും ചെയ്യുന്നത് കയറ്റുമതി രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കും. കേരളത്തിലെ കയർ, മത്സ്യവിഭവങ്ങൾ, സുഗന്ധവ്യഞ്ജനങ്ങൾ എന്നിവയ്ക്ക് പുതിയ വിപണികൾ കണ്ടെത്താൻ സാധിക്കും.