രാജ്യത്തെ ടെലികോം കുത്തകയ്ക്ക് പിന്നാലെ കളിപ്പാട്ട വിപണി കൈയ്യിലൊതുക്കാന്‍ റിലയന്‍സ്

0
183

രാജ്യത്തെ ടെലികോം കുത്തകയ്ക്ക് പിന്നാലെ കളിപ്പാട്ട വിപണി കൈയ്യടക്കാന്‍ ഒരുങ്ങി റിലയന്‍സ്. കളിപ്പാട്ട വിപണിയെ ലക്ഷ്യംവെച്ച് 250 വര്‍ഷത്തോളം പാരമ്പര്യമുള്ള ബ്രിട്ടീഷ് കളിപ്പാട്ട നിര്‍മ്മാണക്കമ്പനിയായ ഹാംലീസിനെയാണ് റിലയന്‍സ് ഏറ്റെടുത്തിരിക്കുന്നത്. 620 കോടി രൂപ മുടക്കിയാണ്
ഹാംലീസിനെ റിലയന്‍സ് സ്വന്തമാക്കിയത്. ഇതിന്റെ ഭാഗമായി ഹോങ്കോംഗ് ലിസ്റ്റഡ് കമ്പനിയായ സി ബാനര്‍ ഇന്റര്‍നാഷണല്‍ ഹോള്‍ഡിംഗ്‌സുമായി റിലയന്‍സ് കരാറൊപ്പിട്ടു.

ഹാംലീസിനെ നേട്ടത്തിലെത്തിക്കാന്‍ വ്യക്തമായ പദ്ധതിയുമായാണ് മുകേഷ് അംബാനി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ഷെയര്‍ ഹോള്‍ഡര്‍മാര്‍ക്ക് കഴിഞ്ഞ ജൂലൈയില്‍ തന്നെ മുകേഷ് വിവരിച്ച് നല്‍കുകയും ചെയ്തിരുന്നു. 4 ജി നെറ്റ്വര്‍ക്ക്, ഫൈബര്‍ ബ്രോഡ്ബാന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ തുടങ്ങിയ പദ്ധതികള്‍ക്കായി മുകേഷ് അംബാനി 36 ബില്യണ്‍ ഡോളറാണ് ജിയോയ്ക്ക് വേണ്ടി ചെലവാക്കിയിരിക്കുന്നത്. ജിയോയുടെ കടന്നു വരവോട് ടെലികോം രംഗത്തെ അതികായന്‍മാരെ വരെ പിന്നിലാക്കിയ അംബാനിയ്ക്ക് പുതിയ ബിസിനസിലൂടെയും നേട്ടം കൊയ്യാനാകുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍.

ഇന്ത്യന്‍ റീട്ടെയില്‍ മാര്‍ക്കറ്റില്‍ 10 ശതമാനം മാത്രമാണ് നിലവില്‍ ഹാംലീസ് ഉത്പന്നങ്ങള്‍ ലഭ്യമാകുന്നുള്ളു. മാര്‍ക്കറ്റില്‍ ഉത്പന്നത്തിന് ഇടം ഉണ്ടാക്കുകയായിരക്കും മുകേഷ് അംബാനിയുടെ ആദ്യ പദ്ധതി. ഹാംലീസില്‍ മാത്രമല്ല, നിരവധി പുതിയ ബിസിനസ് സംരംഭങ്ങളില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസ് നിലവില്‍ നിക്ഷേപം നടത്തുന്നുണ്ട്.

1760 ല്‍ ആരംഭിച്ച ഹാംലീസിന് 18 രാജ്യങ്ങളായി 167 വിപണന ശാലകളുണ്ട്. ഇന്ത്യയില്‍ 29 നഗരങ്ങളിലായി 88 വില്‍പന കേന്ദ്രങ്ങളുണ്ട്. കേരളത്തില്‍ ഹാംലീസിന്റെ സ്‌റ്റോര്‍ ലുലു മാളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ലണ്ടനിലെ റീജെന്റ് ട്രീറ്റിലായിരുന്നു ഹാംലീസിന്റെ ആദ്യ സ്‌റ്റോര്‍ തുറന്നത്. 2015 മുതല്‍ ചൈനയുടെ സിബാനറാണ് ഹാംലീസിന്റെ ഉടമ. ബര്‍ബെറി, കനാലി, പോള്‍ സ്മിത്ത്, അര്‍മാനി, ജസ്റ്റ് കവാലി, ജിമ്മി ചൂ തുടങ്ങിയ ബ്രാന്‍ഡുകളുടെകൂടെ ഹാംലീസുകൂടി എത്തുമ്പോള്‍ കളിപ്പാട്ട ബിസിനസില്‍ പ്രധാനിയായി റിലയന്‍സ് മാറും. നിലവില്‍ 18 രാജ്യങ്ങളിലായി 167 സ്‌റ്റോറുകളാണ് ഹാംലീസിനുള്ളത്.

ആഗോള മേഖലയിലുള്ള ഈ ഏറ്റെടുക്കലോടെ ലോക റീട്ടെയ്ല്‍ രംഗത്ത് റിലയന്‍സ് ബ്രാന്‍ഡ് മുന്‍പന്തിയില്‍ എത്തിയത് സ്വപ്ന സാക്ഷാത്കാരമാണെന്ന് റിലയന്‍സ് ബ്രാന്‍ഡ്‌സ് പ്രസിഡന്റും സിഇഒയുമായ ദര്‍ശന്‍ മേഹ്ത പറഞ്ഞു.