ഒരു ബിസിനസ് തുടങ്ങുമ്പോള്‍ പണത്തെപ്പോലെ തന്നെ ആവശ്യമാണ് വിപണിയും ഉപഭോക്താക്കളെ വലയിലാക്കാനുള്ള കഴിവും. ഉപഭോക്താക്കളെ പിടിച്ച് നിര്‍ത്തണമെങ്കില്‍ പല തന്ത്രങ്ങളും പയറ്റേണ്ടി വരും. ടെലികോം മേഖലയില്‍ വമ്പന്മാര്‍ക്ക് പണികൊടുത്ത് വിപ്ലവം സൃഷ്ടിച്ചെങ്കില്‍ അടുത്തത് റീട്ടെയില്‍ മേഖലയെ അടക്കിവാഴാന്‍ തയ്യാറെടുക്കുകയാണ് അംബാനി.
ജിയോയുടെ കടന്നുവരവോടെ ടെലികോം മേഖലയെ അടക്കിവാണിരുന്ന പല വമ്പന്‍മാരെയും മൂക്കുകുത്തിക്കാന്‍ മുകേഷ് അംബാനിക്ക് കഴിഞ്ഞു. കൂടുതല്‍ പണം വാങ്ങി കുറഞ്ഞ അളവില്‍ ഡേറ്റാ നല്‍കി ഉപഭോക്താക്കളെ ചൂഷണം ചെയ്തുകൊണ്ടിരുന്ന കാലത്താണ് ജിയോയുടെ കടന്നു വരവ്. കുറഞ്ഞ സ്പീഡും ആവശ്യത്തിന് ഡേറ്റയും കിട്ടാതിരുന്ന സമയത്ത് വേണ്ടതിലും അധികം ഡേറ്റ ഫ്രീയായി നല്‍കി രാജ്യത്ത് ജിയോ വിപ്ലവം സൃഷ്ടിച്ചു. ഒപ്പം മറ്റ് വമ്പന്മാര്‍ക്കുള്ള മുട്ടന്‍
പണിയും അതൊരു തന്ത്രമാണ്, ബിസിനസ്സ് തന്ത്രം. അത് മുകേഷ് അമ്പാനി നന്നായി അവതരിപ്പിച്ചു എന്ന് മാത്രം
ടെലികോം വിപണി കൈപ്പിടിയിലൊതുക്കിയ ജിയോ ലാഭം കൊയ്യുകയാണ്. എന്നാല്‍ അടുത്തപണി റീട്ടെയില്‍ വിപണികള്‍ക്കാണെന്ന് മാത്രം. ആമസോണ്‍, ഫ്‌ലിപ്കാര്‍ട്ട് പോലുള്ള കമ്പനികളെ വെല്ലുവിളിച്ച് ഇ-കൊമേഴ്‌സ് വിപണിയുടെ മറ്റൊരു രൂപം കൊണ്ടുവരാനാണ് മുകേഷ് അംബാനി ആലോചിക്കുന്നത്.
അന്ന് കുറഞ്ഞ വിലയില്‍ ഡേറ്റ നല്‍കിയെങ്കില്‍ ഇന്ന് അത് ഉല്‍പന്നങ്ങളിലേക്ക് പരീക്ഷിക്കുന്നു എന്ന് മാത്രം. ഇ-കൊമേഴ്‌സ് മേഖലയില്‍ കോടാനുകോടി നിക്ഷേപം ഇറക്കിയിട്ടുള്ള ആമസോണിനും
ഫ്ലിപ്പ്കാര്‍ട്ടിനും ഇടയിലേക്കാണ് അമ്പാനി എത്തുന്നത്. സാങ്കേതികത, ഇ-കൊമേഴ്‌സ്, ജിയോ മണി, ചെറിയ കിരാന സ്‌റ്റോറുകള്‍ (ഓഫ് ലൈന്‍ റീട്ടെയില്‍ ഷോപ്പ്) എന്നീ ഘടകങ്ങളെല്ലാം ബന്ധിപ്പിച്ചാണ് പുതിയ ബിസിനസ് തന്ത്രം. രാജ്യത്ത് 2023 ആകുമ്പോഴേക്കും 50 ലക്ഷം കിരാന സ്‌റ്റോറുകള്‍ തുടങ്ങുമെന്നാണ് അറിയുന്നത്. നിലവില്‍ റിലയന്‍സ് ഇന്‍ഡ്‌സ്ട്രീസിനുള്ളത് 15,000 ഡിജിറ്റല്‍ റീട്ടെയില്‍ സ്‌റ്റോറുകളാണ്.
ഇന്ത്യയിലെ റീട്ടെയില്‍ വിപണിയുടെ 90 ശതമാനവും ഏകോപനമില്ലാതെ കിടക്കുകയാണ്. ഇതെല്ലാം കിരാന സ്‌റ്റോറുകള്‍ വഴി ബന്ധിപ്പിക്കാനാകുമെന്നുമാണ് റിലയന്‍സിന്റെ പദ്ധതി. നിലവിലെ കിരാന സ്‌റ്റോറുകളെല്ലാം സാങ്കേതിക വിദ്യയുടെ സഹായത്തോടെ പുതുക്കും. ലോകത്തെ ഏറ്റവും വലിയ ഓണ്‍ലൈന്‍ ടു ഓഫ്‌ലൈന്‍ ഇ കൊമേഴ്‌സ് പ്ലാറ്റ്‌ഫോം ആണ് ലക്ഷ്യം.
ജിയോ മണിയുടെ, ജിയോ റീചാര്‍ജ് ക്യാഷ്ബാക്ക് കൂപ്പണുകളും ഉപയോഗിച്ച് റീട്ടെയില്‍ കച്ചവടം സജീവമാക്കും. ജിയോ വരിക്കാര്‍ക്ക് കൂപ്പണ്‍ ഉപയോഗിച്ച് കിരാന സ്‌റ്റോറുകളില്‍ നിന്ന് കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാം. ജിയോ വരിക്കാര്‍ക്ക് പ്രത്യേകം ഓഫര്‍ നല്‍കും. ഇതിലൂടെ ജിയോ ടെലികോം വിപണിയും സജീവമാക്കാം. വന്‍കിട നിര്‍മാതാക്കളില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കിരാന സ്‌റ്റോറുകള്‍ വഴി വിതരണം ചെയ്യും. ഓഫര്‍ ലഭിക്കാന്‍ ജിയോ കൂപ്പണുകള്‍ ഉപയോഗിക്കാം. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.