ഡല്‍ഹി: ഏറെ പ്രതീക്ഷയോടെ സാധാരണക്കാരെ ലക്ഷ്യംവച്ച് ഒരു ലക്ഷംരൂപയ്ക്ക് ഒരു കാര്‍ എന്ന ആശയവുമായി നിരത്തിലെത്തിയ ടാറ്റ നാനോ കാറിന്റെ നിര്‍മ്മാണം നിലച്ചതായി റിപ്പോര്‍ട്ട്. 2019 ല്‍ ആകെ വിറ്റുപോയത് ഒരു നാനോ കാര്‍ മാത്രമാണെന്നാണ് പുറത്ത് വരുന്ന് റിപ്പോര്‍ട്ടുകള്‍. ഇതിനെത്തുടര്‍ന്ന് ഒരു നാനോ കാര്‍ പോലും 2019 ല്‍ നിര്‍മ്മിച്ചിട്ടില്ലെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
നിര്‍മ്മാണം നിലച്ചിതിനെ തുടര്‍ന്ന് നാനോ കമ്പനി അടച്ചുപൂട്ടാന്‍ പോവുകയാണെന്ന അഭ്യൂഹങ്ങള്‍ വ്യാപകമാവുമ്പോഴും ഇതിനെക്കുറിച്ച് അന്തിമതീരുമാനം ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബി എസ് 6 അനുസരിച്ചുള്ള പുതിയ സുരക്ഷാ മാനദണ്ഡങ്ങള്‍ പൂര്‍ണമായി പാലിക്കാന്‍ നാനോയ്ക്ക് സാധിച്ചിട്ടില്ലെന്ന് ടാറ്റ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ വര്‍ഷം ഏറ്റവുമൊടുവില്‍ ടാറ്റ നാനോ കാര്‍ വിറ്റുപോയത് ഫെബ്രുവരി മാസത്തിലാണ്. 2009ലെ ഓട്ടോ എക്സ്പോയിലാണ് നാനോ കാറിനെ അവതരിപ്പിച്ചത്. നിരവധി തവണ മോഡലില്‍ പരിഷ്‌കാരങ്ങള്‍ വരുത്തിയെങ്കിലും വില്‍പ്പനയില്‍ കാര്യമായ മാറ്റങ്ങളുണ്ടാവാതെ വന്നതോടെയാണ് നാനോയുടെ സാധ്യത മങ്ങിയത്.
ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന് പ്രചാരണത്തില്‍ പിഴവ് പറ്റിയെന്ന് നേരത്തെ രത്തന്‍ ടാറ്റ പറഞ്ഞിരുന്നു. കര്‍ഷക പ്രക്ഷോഭം കാരണം പശ്ചിമ ബംഗാളില്‍ ആരംഭിച്ച കാര്‍ നിര്‍മ്മാണം ഗുജറാത്തിലേക്ക് മാറ്റേണ്ടിയും വന്നിരുന്നു. അടുത്ത കാലത്ത് നാനോ കാറുകള്‍ക്ക് തീ പിടിക്കുന്നതായി പരാതിയും ഉയര്‍ന്നിരുന്നു. പുതിയ നിക്ഷേപകരെ കണ്ടെത്താതെ ഇന്ത്യയില്‍ മുന്നോട്ട് പോകുന്നത് സാഹസമാണെന്ന് കമ്പനിയും തിരിച്ചറിഞ്ഞിട്ടുണ്ട്. പലപ്പോഴായി പുതിയ നിക്ഷേപകര്‍ക്കായുള്ള ശ്രമം നടത്തിയെങ്കിലും ബി.എസ് 6 സുരക്ഷാ മാനദണ്ഡങ്ങള്‍ കൈവരിക്കാന്‍ ആവശ്യമായ നിക്ഷേപം കണ്ടെത്താന്‍ ടാറ്റയ്ക്ക് സാധിച്ചിട്ടില്ല.