ഈ ഡിജിറ്റൽ യുഗത്തിൽ ദിനംപ്രതി സാങ്കേതിക വിദ്യ വളർന്ന് കൊണ്ടിരിക്കുകയാണ്. എന്ത് സംശയങ്ങൾക്കും കൃത്യമായ മറുപടി തരാൻ ചാറ്റ്ജിപിടി പോലുള്ളവ ഉണ്ടെന്നാണ് പലരും ധരിച്ച് വെച്ചിരിക്കുന്നത്. ചാറ്റ്ബോട്ടുകൾ സഹായകരവും വിശ്വസനീയവുമായ വിവരങ്ങൾ നൽകുമെന്ന് തോന്നുമെങ്കിലും അവയെ അത്രയ്ക്ക് അങ്ങ് വിശ്വസിക്കേണ്ടതില്ലെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രത്യേകിച്ച് ആരോഗ്യവുമായി ബന്ധപ്പെട്ട ഉപദേശങ്ങളിൽ. എളുപ്പത്തിൽ വിവരങ്ങൾ ലഭിക്കുമെന്നതിനാൽ ആളുകൾ കൂടുതലായി എഐ പോലുള്ള സാങ്കേതിക വിദ്യകളെയാണ് ഇപ്പോൾ കൂടുതലായും ആശ്രയിക്കുന്നത്. ചെറിയ അസുഖങ്ങൾ വന്നാൽ എഐ, ചാറ്റ്ബോട്ടുകളോട് അഭിപ്രായം ചോദിക്കുന്നവരുടെ എണ്ണം കൂടിവരുകയാണ്. ഈ മാറ്റത്തെക്കുറിച്ച് മുന്നറിയിപ്പ് നൽകുകയാണ് വിദഗ്ധർ. ഇന്ന് പ്രതിദിനം ഒരു ബില്യൺ ആളുകളാണ് ചാറ്റ്ജിപിടിയെ ആശ്രയിക്കുന്നതെന്ന് റിപ്പോർട്ടുകളുണ്ട്. ഗൂഗിൾ നേടിയ ജനപ്രീതിയേക്കാൾ 5.5 മടങ്ങ് വേഗത്തിലാണിത്. കൃത്രിമബുദ്ധി ഉപയോഗിച്ച് പ്രവർത്തിക്കുന്ന ചാറ്ജിപിടി, എഴുത്ത്, കോഡിംഗ്, ഗവേഷണം എന്നിവയുൾപ്പെടെയുള്ള വിവിധ ജോലികൾക്കായി ഉപയോഗിക്കുന്നു. ഇത് വ്യക്തികൾക്കും ബിസിനസുകൾക്കും വളരെ സഹായകമാണ്.
ചാറ്റ്ജിപിടിയോടോ മറ്റ് എഐ ചാറ്റ്ബോട്ടുകളോടോ ഒരിക്കലും ചോദിക്കാൻ പാടില്ലാത്ത കാര്യങ്ങൾ ഇതാ.
1. വ്യക്തിഗത വിവരങ്ങൾ
പേര്, വിലാസം, ഫോൺ നമ്പർ, ഇമെയിൽ പോലുള്ള നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ എഐ ചാറ്റ്ബോട്ടുകളുമായി ഒരിക്കലും പങ്കുവെക്കരുത്. നിങ്ങളെ തിരിച്ചറിയുന്നതിനും നിങ്ങളുടെ പ്രവർത്തനം ട്രാക്ക് ചെയ്യുന്നതിനും ഈ വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം.
2. സാമ്പത്തിക വിവരങ്ങൾ
നിങ്ങളുടെ ബാങ്ക് അക്കൗണ്ട് നമ്പറുകൾ, ക്രെഡിറ്റ് കാർഡ് നമ്പറുകൾ, സോഷ്യൽ സെക്യൂരിറ്റി നമ്പർ എന്നിവ എഐ ചാറ്റ്ബോട്ടുകളുമായി പങ്കുവെക്കരുത്. നിങ്ങളുടെ പണമോ ഐഡൻ്റിറ്റിയോ കവരാൻ ഈ വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം.
3. പാസ്‌വേഡുകൾ
എഐ ചാറ്റ്ബോട്ടുകളുമായി നിങ്ങളുടെ പാസ്‌വേഡുകൾ പങ്കുവെക്കരുത്. നിങ്ങളുടെ അക്കൗണ്ടുകൾ ആക്സസ് ചെയ്യാനും നിങ്ങളുടെ ഡാറ്റ മോഷ്ടിക്കാനും ഈ വിവരങ്ങൾ ഉപയോഗിക്കപ്പെട്ടേക്കാം.
4. രോഗ നിർണ്ണയം
എന്തിനും ഉത്തരം നൽകാൻ കഴിയുമെന്നതിനാൽ, എല്ലാ മേഖലകളിലും ചാറ്റ്ജിപിടി വിദഗ്ദനാണെന്ന് കരുതരുത്. എന്തെങ്കിലും ശാരീരിക – മാനസിക ബുദ്ധിമുട്ടുകൾ തോന്നിയാൽ ഡോക്ടറെ സമീപിക്കണം. അല്ലാതെ ചാറ്റ്ജിപിടിയോട് ചോദിച്ച് സ്വയം ചികിത്സ അരുത്.ഉദാഹരണത്തിന് പനിയോ തലവേദനയോ വന്നാൽ എന്ത് ചെയ്യണമെന്ന് ചാറ്റ്ജിപിടിയോട് ചോദിച്ചാൽ പാരസെറ്റമോൾ കഴിച്ച് വിശ്രമിക്കെന്നായിരിക്കും ചിലപ്പോൾ അത് നൽകുന്ന മറുപടി. എന്നാൽ ഡോക്ടറെ കണ്ട് പരിശോധിക്കാതെ ഒരിക്കലും ഇങ്ങനെ ചെയ്യരുത്. കാരണം ചിലപ്പോൾ ഗുരുതരമായ എന്തെങ്കിലും രോഗമായിരിക്കാം നിങ്ങളെ അലട്ടുന്നത്. അതിന് ശരിയായ സമയത്ത് ചികിത്സ നൽകേണ്ടത് അനിവാര്യമാണ്. അതുകൊണ്ട് ചോദ്യം ചോദിച്ച് സമയം കളയാതെ ഡോക്ടറെ കണ്ട് ചികിത്സ തേടുക.
5. ബോംബ് എങ്ങനെ ഉണ്ടാക്കാം
വയലൻസിനെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ഒരുകാരണവശാലും ചാറ്റ്ജിപിടിയോട് ചോദിക്കരുത്. അക്രമം, ഉപദ്രവം അല്ലെങ്കിൽ അപകടകരമായ നിർദ്ദേശങ്ങൾ അടങ്ങിയ ഏതൊരു അഭ്യർത്ഥനയും ചാറ്റ്ജിപിടി തൽക്ഷണം നിരസിക്കും. കർശനമായ സുരക്ഷയും ധാർമ്മിക മാനദണ്ഡങ്ങളും പാലിക്കുന്നതിനായാണ് ഈ എഐ പ്ലാറ്റ്‌ഫോം സജ്ജീകരിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇത്തരം ചോദ്യങ്ങൾ ഒഴിവാക്കണം.